Skip to main content

നമസ്‌കാരം പ്രാര്‍ഥന തന്നെ

പ്രപഞ്ചനാഥനെക്കുറിച്ചുള്ള ശരിയായ അറിവാണ് ഒരു വിശ്വാസിക്കുള്ളത്. തന്നെ സൃഷ്ടിച്ചതിന്റെ ലക്ഷ്യമെന്തെന്ന് അത് അവനെ ബോധ്യപ്പെടുത്തുന്നു. അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാ വാത്സല്യത്തിന്റെയും സ്രോതസ്സായി അത്യുന്നതനായ നാഥനെ മനസ്സിലാക്കുന്ന ഏതൊരാളുടെയും ഹൃത്തില്‍ അവനുമായി ബന്ധം സ്ഥാപിക്കണമെന്ന അദമ്യമായ ആഗ്രഹം ജനിക്കുന്നു. അതിന്റെ പ്രതികരണം പ്രായോഗിക തലത്തില്‍ രൂപപ്പെടുന്നതാണ് ആരാധനയും പ്രാര്‍ഥനയും.

ആരാധനകളില്‍ അതിമഹത്തായത് നമസ്‌കാരമാണ്. അത് ഭക്തിയുടെയും വിനയത്തിന്റെയും സ്‌തോത്ര കീര്‍ത്തനങ്ങളുടെയും മിശ്രണമാണ്. തന്മൂലം, നമസ്‌കരിക്കുന്ന വ്യക്തിക്ക് അല്ലാഹുവുമായി അടുക്കാനും തന്റെ വേദനകളും അഭിലാഷങ്ങളും അവന്റെ മുമ്പില്‍ സമര്‍പ്പിക്കാനും  സാധിക്കുന്നു. ഇപ്രകാരമുള്ള പ്രാര്‍ഥനയാണ് മനുഷ്യനെയും ദൈവത്തെയും തമ്മില്‍ ഇണക്കുന്ന പ്രമുഖകണ്ണി. പ്രാര്‍ഥന, ആരാധനയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നു:

''നിശ്ചയം, പ്രാര്‍ഥനയാണ് ഇബാദത്ത് (ആരാധന). ശേഷം അദ്ദേഹം ഓതി: നിങ്ങളുടെ രക്ഷിതാവ് പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും. നിശ്ചയം, എനിക്ക് 'ഇബാദത്തെ'ടുക്കുന്നതിനെപ്പറ്റി അഹങ്കരിക്കുന്നവര്‍, നിന്ദ്യന്മാരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്'' (തിര്‍മിദി, അഹ്മദ്, ഇബ്‌നുമാജ). 

നബി(സ്വ) പറയുന്നു: 'പ്രാര്‍ഥന ഇബാദത്തിന്റെ മജ്ജയാകുന്നു' (തിര്‍മിദി).

പ്രാര്‍ഥനയെന്നാണ് നമസ്‌കാരത്തിന് നാമകരണം ചെയ്തിരിക്കുന്നത്. നമസ്‌കാരത്തിലെ മിക്ക വചനങ്ങളും പ്രാര്‍ഥനകളാണ്.  മാത്രമല്ല, അവനോട് മാത്രമേ  പ്രാര്‍ഥിക്കാവൂ എന്നും നമസ്‌കാരം ഉദ്‌ബോധിപ്പിക്കുന്നു. 'വഇയ്യാക്ക നസ്തഈന്‍' എന്ന് നമസ്‌കരിക്കുന്നവന്‍ പാരായണം ചെയ്യുമ്പോള്‍ അല്ലാഹുവിനെ ആരാധിക്കുന്നതിലും സേവനങ്ങള്‍ അര്‍പ്പിക്കുന്നതിലും ജീവിതത്തിന്റെ മറ്റു സര്‍വതുറകളിലും ഞങ്ങളുടെ പരിശ്രമങ്ങള്‍ മുഴുവന്‍ ഉപയോഗിച്ചാലും, അതിന്റെ പൂര്‍ണത കൈവരിക്കാനും ലക്ഷ്യം പ്രാപിക്കാനും നീ മാത്രമേ ഞങ്ങളെ സഹായിക്കാനുള്ളൂവെന്ന് അവന്‍ വിനീതസ്വരത്തില്‍ അല്ലാഹുവോട് പറയുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് 'ചൊവ്വായ പാതയിലൂടെ ഞങ്ങളെ നയിക്കേണമേ' എന്ന് അവന്‍ പ്രാര്‍ഥിക്കുന്നു. വഴിതെറ്റിയവരുടെയും ദൈവകോപത്തിന്നിരയായവരുടെയും പാതയില്‍ നിന്നുള്ള മോചനത്തിന്നായി അവന്‍ കേണപേക്ഷിക്കുന്നു. പിന്നീട് നമസ്‌കാരത്തിന്റെ ഓരോ ഘട്ടത്തിലും, പാപമോചനത്തിനും അനുഗ്രഹം ലഭിക്കാനും ആത്മീയോത്കര്‍ഷത്തിനും ജീവിതവിജയം കൈവരിക്കാനും അവന്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു. അവസാനം താന്‍ ഉള്‍ക്കൊള്ളുന്ന  സമൂഹത്തിനും പ്രത്യേകിച്ച് നബി(സ്വ)ക്കും അല്ലാഹുവിങ്കല്‍ നിന്ന് ശാന്തിയും രക്ഷയും ലഭിക്കുവാനായി അവന്‍ പ്രാര്‍ഥിക്കേണ്ടതാണ്. ഇപ്രകാരം, ദുഃഖാര്‍ത്തനായ ഒരു വ്യക്തിക്ക് തന്റെ വേദനകള്‍ മുഴുവന്‍ തുറന്നുപറയാനുള്ള അവസരമാണ് നമസ്‌കാരം ഒരുക്കുന്നത്. തന്മൂലം, അവന്റെ മനസ്സിന് ശാന്തിയും ജീവിതത്തിന് പ്രസരിപ്പും ഉണ്ടാവുന്നു. അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളെ പ്രശംസിച്ചുകൊണ്ട്,  ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: 'ഭയത്തോടും പ്രത്യാശയോടുംകൂടി തങ്ങളുടെ രക്ഷിതാവിനോട്  പ്രാര്‍ഥിക്കുവാനായി കിടന്നുറങ്ങുന്ന സ്ഥലങ്ങളെ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുന്നതുമാണ്'' (32:16).

അല്ലാഹുവെ ഭയന്നുകൊണ്ടും അവന്റെ പ്രതിഫലവും പ്രീതിയും കാംക്ഷിച്ചുകൊണ്ടുമുള്ള പ്രാര്‍ഥനയാണ് നമസ്‌കാരാദി ആരാധനകളുടെ സത്തയെന്ന്, പ്രസ്തുത വചനങ്ങളൊക്കെ വ്യക്തമാക്കുന്നു. നമസ്‌കാരം തന്നെ അല്ലാഹുവിങ്കല്‍  സ്വീകാര്യമായൊരു ഇബാദത്തായിത്തീരണമെന്ന് ആഗ്രഹിക്കുകയും അതിന്നായി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മനസ്സിലാക്കിത്തരുന്നു.
 

Feedback