Skip to main content

നമസ്‌കാരത്തിന്റെ പ്രാധാന്യം

നമസ്‌കാരം ഉപേക്ഷിക്കുകയോ അതില്‍ അലംഭാവം കാണിക്കുകയോ ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായ താക്കീത് നല്കുന്നു. നരകവാസികളോട് അവര്‍ ശിക്ഷയനുഭവിക്കാനുള്ള കാരണം അന്വേഷിക്കുന്ന രംഗം ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: ''നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചതെന്താണ്? അവര്‍ പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരില്‍ പെട്ടിരുന്നില്ല. ഞങ്ങള്‍ അഗതികള്‍ക്ക് ആഹാരം നല്‍കിയിരുന്നുമില്ല.'' (74: 42,43)

പൂര്‍വിക പ്രവാചകന്മാരുടെ ചരിത്രം വിവരിക്കവെ അവരുടെ അനുചരന്മാരിലെ പിന്‍ഗാമികള്‍ക്ക് സംഭവിച്ച പതനത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ഇപ്രകാരമാണ്: ''അവര്‍(പിന്‍തലമുറ) നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്.'' (19:59)

നമസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  പ്രവാചകന്‍(സ്വ)  ശക്തമായ  ഉദ്‌ബോധനങ്ങളാണ് നല്‍കിയിട്ടുള്ളത്. സത്യനിഷേധികളില്‍ നിന്ന് വിശ്വാസികളെ വ്യതിരിക്തരാക്കുന്ന ചിഹ്നമായിട്ടാണ് നബി(സ്വ) നമസ്‌കാരത്തെ വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞു:

''നമ്മുടെയും അവരുടെയും ഇടയിലുള്ള അതിര്‍വരമ്പ് നമസ്‌കാരമാണ്. അതാര് ഉപേക്ഷിക്കുന്നുവോ അവര്‍ അവിശ്വാസിയായി.'' (തിര്‍മിദി, ഹാകിം)

നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ പ്രവാചകന്‍ കാണിച്ചിരുന്ന താത്പര്യം, അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ മതിയായതാണ്.  ''നബി(സ്വ) നിശാവേളയില്‍ കാലില്‍ നീരുകെട്ടി വീര്‍ക്കുവോളം നമസ്‌കരിച്ചു. അപ്പോള്‍ ആഇശ(റ) ചോദിച്ചു: മുമ്പും പിമ്പുമുള്ള സര്‍വ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കെ താങ്കളെന്തിനാണ് ഇപ്രകാരം നമസ്‌കരിക്കുന്നത്? അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദിയുള്ള ഒരു ദാസനാകേണ്ടതില്ലേ?'' (ബുഖാരി, മുസ്‌ലിം). നമസ്‌കാരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതും, സുന്നത്ത്  നമസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കുന്നതുമൊക്കെ ഉത്‌ബോധിപ്പിച്ചുകൊണ്ടിരുന്ന പ്രവാചകന്‍, അവസാനം രോഗശയ്യയില്‍വെച്ച് 'അസ്സ്വലാ, അസ്സ്വലാ' (നമസ്‌കാരം, നമസ്‌കാരം) എന്നു പറഞ്ഞ് അതിന്റെ കാര്യം ഗൗരവപൂര്‍വം ശ്രദ്ധിക്കണമെന്ന് വസ്വിയ്യത്ത് ചെയ്തുകൊണ്ടായിരുന്നു മരണപ്പെട്ടത് (മുസ്‌നദ് അഹ്മദ്).

നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ ഇസ്‌ലാമില്‍നിന്ന് ഭ്രഷ്ടനാകുമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. നമസ്‌കാരം ഉപേക്ഷിക്കുന്നതിനെ ഗുരുതരമായ പാതകമായിട്ടാണ് ഖലീഫമാരും പണ്ഡിതന്മാരും വീക്ഷിച്ചുപോന്നത്. ഒന്നാം ഖലീഫ അബൂബക്ര്‍(റ) തന്റെ ഗവര്‍ണര്‍ക്കെഴുതി: ''അറിയുക, നിങ്ങള്‍ ശ്രദ്ധിക്കേണ്ട മുഖ്യകാര്യമാണ് നമസ്‌കാരം. അത് നഷ്ടപ്പെടുത്തുന്നവന്‍  മറ്റേതൊരു കാര്യവും നഷ്ടപ്പെടുത്തുന്നവനായിത്തീരും. (മജ്മൂഅ് ഫതാവാ ഇബ്‌നു തൈമിയ്യ, 22:40)

രണ്ടാം ഖലീഫ ഉമര്‍(റ) എഴുതി: ''നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് നമസ്‌കാരം. അത് പാലിക്കുന്നവന്‍ തന്റെ മതം സംരക്ഷിച്ചു. അത് പാഴാക്കുന്നവന്‍ അതല്ലാത്തവയും പാഴാക്കുന്നവനായിത്തീരും. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല.'' (കിതാബുസ്സ്വലാതി വ ഹുക്മി താരിഖിഹാ ഇബ്‌നുല്‍ക്വയ്യിമില്‍ ജൗസിയ്യ). ഇസ്‌ലാമിനെ അംഗീകരിക്കുകയും നമസ്‌കാരം ഉപേക്ഷിക്കുകയും ചെയ്യുന്നവന് തടവുശിക്ഷ നല്‍കണമെന്നാണ് ഇമാം അബൂഹനീഫയുടെ പക്ഷം. 

ബോധപൂര്‍വം നമസ്‌കാരം ഉപേക്ഷിക്കുന്നത് കുഫ്ര്‍ (അവിശ്വാസം) തന്നെയാണെന്ന അഭിപ്രായമാണ് ഇമാം അഹ്മദും ഇസ്ഹാഖും ശൗകാനിയും പറഞ്ഞിട്ടുള്ളത്. നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്നു പറഞ്ഞ ഹദീസിന്റെ ഉദ്ദേശ്യം അതിന്റെ ഗുരുതരാവസ്ഥയെ ഗൗരവപൂര്‍വം വിവരിക്കുകയാണെന്ന് മറ്റു പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. അവന്‍ യഥാര്‍ഥത്തില്‍ കാഫിറാണെങ്കില്‍ ശഹാദത്ത് കലിമ ചൊല്ലിക്കൊണ്ടാണല്ലോ മുസ്‌ലിമാകേണ്ടത്. എന്നാല്‍ അവന്‍ നമസ്‌കാരം തുടങ്ങുകയാണ് വേണ്ടതെന്ന് പണ്ഡിതന്മാര്‍ പറയുന്നതില്‍ നിന്ന് അവനെ അമുസ്‌ലിമായി ഗണിക്കുന്നില്ലെന്ന് മനസ്സിലാക്കാം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇമാംശാഫിഈ(റ) ഇമാം അഹ്മദിനെ(റ) ഖണ്ഡിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ് (ഫിഖ്ഹുസ്സുന്ന 1:86). നമസ്‌കാരം ഉപേക്ഷിക്കുന്നത് ഗുരുതരമായ പാപമാണെന്നതിലും കര്‍ശനമായ ശിക്ഷയര്‍ഹിക്കുന്നതാണ് എന്നതിലും ഭിന്നാഭിപ്രായമില്ലെന്നത് ഇസ്‌ലാമില്‍ നമസ്‌കാരത്തിനുള്ള പ്രാധാന്യത്തെ വരച്ചുകാണിക്കുന്നു.

Feedback