ഉമ്മുസലമ അബൂസലമയുടെ മരണവിവരം നബി(സ്വ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ പറയുക: അല്ലാഹുമ്മഗ്ഫിര്‍ലീ വലഹു വഅഅ്ഖിബ്‌നീ മിന്‍ഹു ഉഖ്ബന്‍ ഹസന(58) (അല്ലാഹുവേ, എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ. അദ്ദേഹത്തിനു ശേഷം നല്ല ഒരു പിന്‍ ഗാമിയെ എനിക്ക് പ്രദാനംചെയ്യേണമേ).
മയ്യിത്തിന്റെ മുഖത്തു നിന്ന് വസ്ത്രം നീക്കി ദര്‍ശിക്കാവുന്നതും ചുംബിക്കാവുന്നതുമാണ്. ആഇശ(റ) പറയു ന്നു: ''ഉസ്മാനുബ്‌നു മദ്ഊന്‍ മരണപ്പെട്ടപ്പോള്‍ നബി(സ്വ) അദ്ദേഹത്തെ ചുംബിക്കുകയുണ്ടായി. അദ്ദേഹ ത്തിന്റെ മുഖത്ത് കണ്ണുനീര്‍ ഒഴുകുന്നത് ഞാന്‍ കണ്ടു'' (അഹ്മദ്, ഇബ്‌നുമാജ).
''നബി(സ്വ) നിര്യാതനായപ്പോള്‍ അബൂബക്ര്‍(റ) വന്നു. നബിയുടെ മുഖത്തുനിന്ന് വസ്ത്രം നീക്കിയശേഷം അവിടുത്തെ ദേഹത്തിലേക്ക് കുനിയുകയും കണ്ണുകള്‍ക്കിടയില്‍ ചുംബിക്കുകയും ചെയ്തു'' (ബുഖാരി). ജാബിറുബ്‌നു അബ്ദില്ലയുടെ പിതാവ് ഉഹ്ദ് യുദ്ധത്തില്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മൃതദേഹത്തിന്റെ മുഖ ത്തുനിന്ന് വസ്ത്രം നീക്കുകയും കരയുകയുമുണ്ടായി. സമീപത്തുള്ളവര്‍ അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും നബി(സ്വ) അത് അനുവദിക്കുകയായിരുന്നു'' (ബുഖാരി).
സ്ത്രീ പുരുഷ ഭേദമെന്യെ ജനാസ സന്ദര്‍ശിക്കാമെന്ന് പ്രസ്തുത ഹദീസുകള്‍ വ്യക്തമാക്കുന്നു. ലിംഗ വ്യത്യാസമില്ലാതെ രോഗസന്ദര്‍ശനം നടത്താമെന്ന് ഹദീസുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്‍(സ്വ) തന്നെ രോഗബാധിതയായ സ്ത്രീയെ സന്ദര്‍ശിക്കുകയുണ്ടായി. ഉമ്മു അലാഅ്(റ) പറയുന്നു. ഞാന്‍ അസുഖം ബാധിച്ചു കിടക്കുമ്പോള്‍ നബി(സ്വ) എന്നെ സന്ദര്‍ശിച്ചു. അന്ന് നബി(സ്വ) പറഞ്ഞു: ''ഉമ്മുഅലാഅ് സന്തോഷിക്കുക. നിശ്ചയം, രോഗം ഒരു മുസ്‌ലിമിന്റെ പാപങ്ങള്‍ നശിപ്പിക്കുന്നതാണ്'' (അബൂദാവൂദ്).
ആഇശ(റ) പയുന്നു: ''നബി(സ്വ) മദീനയിലേക്ക് ഹിജ്‌റ പോയി. അവിടെ എത്തിയപ്പോള്‍ അബൂബക്‌റിനും ബിലാലിനും അസുഖം ബാധിച്ചു. അങ്ങനെ ഞാന്‍ അവരെ രണ്ടു പേരെയും സന്ദര്‍ശിച്ചു'' (ബുഖാരി). ഉമ്മുദര്‍ദാഅ് അന്‍സ്വാറുകളില്‍പെട്ട ഒരു പുരുഷനെ സന്ദര്‍ശിക്കുകയുണ്ടായി (ബുഖാരി). ബുഖാരിയില്‍ ''സ്ത്രീകള്‍ പുരുഷനെ സന്ദര്‍ശിക്കല്‍'' എന്നൊരു അധ്യായം തന്നെയുണ്ട്. രോഗസന്ദര്‍ശനത്തിന് സ്ത്രീ പുരുഷ വ്യത്യാസം നബി(സ്വ)യും സ്വഹാബികളും പരിഗണിച്ചിരുന്നില്ലെന്ന് പ്രസ്തുത ഹദീസുകളില്‍നിന്ന് സുവ്യക്തമാണ്. മരണാനന്തരവും ഇത്തരം പരിഗണനകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.
മരിച്ച അന്യസ്ത്രീയുടെ മുഖം പുരുഷനും അന്യപുരുഷന്റെ മുഖം സ്ത്രീയും കാണാന്‍ പാടില്ല എന്ന ചിലരുടെ ധാരണ അബദ്ധമാണ്. അത് നിഷിദ്ധമല്ലെന്നാണ് ഹദീസുകളുടെ സൂചന. ജീവിച്ചിരിക്കുമ്പോള്‍ പരസ്പരം നോക്കുന്നതിന്റെ വിധിയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കവെ യൂസുഫുല്‍ ഖറദാവി ഇപ്രകാരം അഭിപ്രായപ്പെട്ടു: എന്തെങ്കിലും വിപത്തിനെക്കുറിച്ച ഭയമോ ലൈംഗികവികാരമോ ഇല്ലെങ്കില്‍ അന്യപുരുഷ ന്മാരുടെ ഗോപ്യമല്ലാത്ത ഭാഗങ്ങള്‍ കാണുന്നത് സ്ത്രീകള്‍ക്ക് നിഷിദ്ധമാവുകയില്ല.
ഒരു പെരുന്നാള്‍ദിനം എത്യോപ്യന്‍ യുവാക്കള്‍ ആയുധപ്രകടനം നടത്തിയപ്പോള്‍ അവരെ നോക്കാന്‍ ആഇശ(റ)യെ നബി(സ്വ) അനുവദിക്കുകയുണ്ടായി. മടുപ്പു തോന്നുന്നതുവരെ അവര്‍ അത് നോക്കിക്കൊണ്ടിരുന്നു. പിന്നീട് അവര്‍ തിരിച്ചുപോവുകയും ചെയ്തു (ബുഖാരി, മുസ്‌ലിം).
ഇപ്രകാരം തന്നെ സ്ത്രീയുടെ ഔറത്ത്(ഗോപ്യഭാഗം) ഒഴിച്ചുള്ള (മുഖവും മുന്‍കൈയും) ഭാഗങ്ങളിലേക്ക് പുരുഷന്റെ ദുരുദ്ദേശ്യമില്ലാത്ത നോട്ടവും അനുവദനീയമാണ്. ഒരിക്കല്‍ അബൂബക്‌റിന്റെ മകളോട്, ''അസ്മാ, സ്ത്രീ ഋതുമതിയായാല്‍ ഇതും ഇതുമല്ലാതെ അവളില്‍നിന്ന് ഒന്നും കാണപ്പെടാവതല്ലെന്നു പറഞ്ഞു കൊണ്ട് നബി(സ്വ) തന്റെ കൈപ്പടങ്ങളിലേക്കും മുഖത്തേക്കും ചൂണ്ടിക്കാണിച്ചു'' (അബൂദാവൂദ്). ഇതിന്റെ നിവേദകപരമ്പരയ്ക്ക് അല്പം ദുര്‍ബലതയുണ്ടെങ്കിലും മറ്റു തെളിവുകള്‍ ഇതിനെ ബലപ്പെടുത്തുന്നുണ്ട്. എന്നാല്‍ അന്യരെ ആര്‍ത്തിയോടെ സൂക്ഷിച്ചുനോക്കുന്നത് ഇസ്‌ലാം വിലക്കി. അതിനാല്‍ അലിയോട് നബി (സ്വ) പറഞ്ഞു: ''അലിയേ, താങ്കള്‍ ഒന്നു നോക്കിയാല്‍ രണ്ടാമതും ആവര്‍ത്തിക്കരുത്. ഒന്നാമത്തേത് താങ്കള്‍ക്ക് അനുവദനീയമാണ്; അടുത്തത് അരുതാത്തതും'' (തിര്‍മിദി, അഹ്മദ്, അല്‍ഹലാലു വല്‍ ഹറാം ഫില്‍ ഇസ്‌ലാം പേ: 146-148).
കുഴപ്പമോ ഉപദ്രവമോ ഇല്ലാത്ത രീതിയിലുള്ള നോട്ടം ജീവിച്ചിരിക്കുന്നവര്‍ക്ക് തന്നെ അനുവദനീയമാണെങ്കില്‍ മയ്യിത്ത് ദര്‍ശിക്കുന്നത് നിഷിദ്ധമാവില്ലല്ലോ. അവിടെ ദുഃഖത്തിന്റെയും കണ്ണീരിന്റെയും നേത്രങ്ങളാണല്ലോ ഉണ്ടാവുക. വിവാഹബന്ധം നിഷിദ്ധമാവാത്തവരെയൊക്കെ അന്യരായി കാണുമ്പോള്‍ പിതൃസഹോദര- സഹോദരി സന്തതികള്‍ അന്യരുടെ ഗണത്തിലാണല്ലോ ഉള്‍പ്പെടുക.
മയ്യിത്ത് സന്ദര്‍ശിക്കാന്‍ നബി(സ്വ)യുടെ കൂടെ ആഇശ പോയതും നബി(സ്വ) ഉസ്മാനുബ്‌നു മദ്ഊനിനെ ചുംബിച്ചതുമായ സംഭവങ്ങള്‍ ദര്‍ശനം അനുവദനീയമാണെന്ന് സൂചിപ്പിക്കുന്നു. ഈ ഹദീസ് മിശ്കാത്തില്‍ ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്. ''മരിച്ചുകിടക്കുന്ന ഉസ്മാനുബ്‌നു മദ്ഊനിനെ പ്രവാചകന്‍ ചുംബിച്ചു. അവിടുന്ന് കരഞ്ഞതിനാല്‍ കണ്ണുനീര്‍ ഉസ്മാന്റെ മുഖത്തേക്ക് ഒഴുകി.''
ആഇശ(റ) പറഞ്ഞതായി ഇബ്‌നുമാജ ഉദ്ധരിക്കുന്നു: ''പ്രവാചകന്റെ കണ്ണുനീര്‍ ഉസ്മാന്റെ രണ്ടു കവിളുകളിലും ഒഴുകുന്നത് ഞാന്‍ (ഇപ്പോഴും) കാണുന്നപോലെ തോന്നുന്നു.''
പ്രവാചകന്റെ കൂടെ സന്ദര്‍ശിച്ച ആഇശ(റ) ഉസ്മാന്റെ മുഖം ദര്‍ശിച്ചിരുന്നുവെന്നും ആ രംഗം കുറെക്കാലം കഴിഞ്ഞിട്ടും മായാതെ അവരുടെ മനസ്സില്‍ തെളിഞ്ഞു നിന്നിരുന്നുവെന്നും വ്യക്തമാണല്ലോ.
ജനാസ സന്ദര്‍ശിക്കുന്നത് നല്ലതാണ്. നല്ലതുമാത്രം പറയാനും പ്രാര്‍ഥിക്കാനും സന്ദര്‍ശകന്‍ ശ്രദ്ധിക്കേ ണ്ടിയിരിക്കുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മയ്യിത്തിനെ സന്ദര്‍ശിച്ചാല്‍ നല്ലത് പറയുക'' (അബൂദാവൂദ്).