Skip to main content

വേഗം കൊണ്ടുപോവുക

 

ജനാസയെ വേഗത്തില്‍ കൊണ്ടുപോവേണ്ടതാണ്. നബി(സ്വ) പറഞ്ഞു: ''ജനാസയുമായി നിങ്ങള്‍ വേഗം പോവുക. കാരണം അത് സദ്‌വൃത്തനാണെങ്കില്‍ നന്മയിലേക്കാണ് നിങ്ങള്‍ കൊണ്ടുപോകുന്നത്. അതല്ലെങ്കില്‍ ഒരു തിന്മയെ നിങ്ങളുടെ പിരടിയില്‍ നിന്ന് ഇറക്കിവെക്കലാവും'' (ബുഖാരി).

ബുഖാരി തന്റെ താരീഖില്‍ ഉദ്ധരിക്കുന്നു: സഅ്ദുബ്‌നു മുആദ് മരിച്ച ദിനം നബി(സ്വ) വേഗത്തില്‍ നടന്ന തിനാല്‍ ഞങ്ങളുടെ ചെരിപ്പുകള്‍ അറ്റുപോയിരുന്നു. ഹാഫിദ് പറഞ്ഞു: ''വേഗത്തില്‍ കൊണ്ടുപോവുന്നതാണ് സുന്നത്ത്. പക്ഷേ, അതിനാല്‍ മയ്യിത്ത് കേടുവരികയോ ചുമക്കുന്നവര്‍ക്കും അനുഗമിക്കുന്നവര്‍ക്കും ക്ലേശമു ണ്ടാവുകയോ ചെയ്യുന്ന വിധവുമാവരുത്. അത് ശുചിത്വം പാലിക്കുകയെന്ന ലക്ഷ്യത്തിനെതിരും മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കലുമാണ്.''

ഖുര്‍ത്വുബി പറയുന്നു: മയ്യിത്ത് മറവുചെയ്യാന്‍ താമസം വരരുതെന്നാണ് ഹദീസിന്റെ ഉദ്ദേശ്യം. അങ്ങനെ വൈകിക്കുന്നത് ചിലപ്പോള്‍ പ്രതാപവും അഹങ്കാരവും പ്രകടിപ്പിക്കാനിടയായേക്കും'' (ഫത്ഹുല്‍ബാരി 3:184). 

മയ്യിത്ത് കൊണ്ട്‌പോകുന്നവര്‍ മന്ദംമന്ദം നടന്നുനീങ്ങുന്നതായി കാണാം. ഇത് പ്രവാചകചര്യക്കെതിരും ജൂത സംസ്‌കാരവുമാണ്. ജനാസയെ അനുഗമിക്കുന്നവര്‍ക്ക് മുമ്പിലോ പിമ്പിലോ ഇടതുഭാഗത്തോ വലതുഭാഗത്തോ ഒക്കെ നടക്കാവുന്നതാണ്. ഏത് ഭാഗത്ത് നടക്കുന്നതിലാണ് ശ്രേഷ്ഠതയുള്ളതെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ക്ക് ഭിന്നാഭിപ്രായമുണ്ട്. ''അനുഗമിക്കൂക'' എന്ന പ്രയോഗം പിന്നില്‍ നടക്കുന്നതിനെ സൂചിപ്പിക്കുന്നതിനാല്‍ അതാണ് കൂടുതല്‍ ഉത്തമമെന്ന അഭിപ്രായമാണ് ഹനഫികള്‍ക്കുള്ളത്. മുന്നില്‍ നടക്കുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് ഭൂരിപക്ഷവും പറയുന്നു. ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ''നബി(സ്വ)യും അബൂബക്‌റും ഉമറും ജനാസ യുടെ മുന്നില്‍ നടക്കുന്നതായി ഞാന്‍ കണ്ടു'' (അഹ്മദ്). ഇമാം നവവി പറയുന്നു: ''ജനാസയുടെ പിന്നില്‍ നടന്നതായി പറയുന്ന ഹദീസുകളൊന്നും സ്ഥിരപ്പെട്ടിട്ടില്ല''. ബൈഹഖി പറഞ്ഞു: ''ജനാസയുടെ മുന്നില്‍ നടക്കുന്നതായി വന്ന 'അസറു'കളാണ് അധികമുള്ളതും കൂടുതല്‍ ശരിയായിട്ടുള്ളതും'' (ശറഹുല്‍മുഹദ്ദബ് 5:279).

ബൈഹഖി തന്നെ അലി(റ) ജനാസയുടെ പിന്നില്‍ നടന്നതായി ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ അനസു ബ്‌നുമാലിക്(റ) പറയുന്നു: ''നിങ്ങള്‍ മയ്യിത്തിന്റെ മുന്നിലും പിന്നിലും ഇടതും വലതും ഭാഗങ്ങളിലായി നട ക്കുക'' (ബുഖാരി). ചുരുക്കത്തില്‍ മയ്യിത്തിന്റെ ചുറ്റിലുമായി സംഘത്തില്‍നിന്ന് വേര്‍പിരിയാതെ അനുഗമി ക്കുകയായിരുന്നു സ്വഹാബികള്‍ ചെയ്തിരുന്നതെന്ന് മനസ്സിലാക്കാം.

ജനാസയെ അനുഗമിക്കുന്നവര്‍ കഴിയുന്നതും നടക്കുകയാണ് വേണ്ടത്. കാരണമൊന്നുമില്ലെങ്കില്‍ വാഹന ത്തില്‍ സഞ്ചരിക്കുന്നത് കറാഹത്താണെന്ന്‌വരെ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജാബിറുബ്‌നു സമുറ യില്‍ നിന്ന് നിവേദനം ചെയ്യുന്നു: ''ഇബ്‌നുദ്ദുഹ്ദാഇന്റെ ജനാസയുടെ കൂടെ നബി(സ്വ) നടന്നുപോയി. തിരിച്ചുപോന്നത് കുതിരപ്പുറത്തായിരുന്നു. മറ്റൊരിക്കല്‍ നബി(സ്വ) വാഹനത്തില്‍ കയറാന്‍ വിസമ്മതിക്കുക കൂടി ചെയ്തു. സൗബാനില്‍നിന്ന് അബൂദാവൂദ് നിവേദനം ചെയ്യുന്നു: ''ജനാസയുടെ കൂടെ സഞ്ചരിക്കുന്ന തിന്നായി പ്രവാചകന് ഒരു വാഹനം കൊണ്ടുവരപ്പെട്ടു. പക്ഷേ നബി അതില്‍ കയറാന്‍ വിസമ്മതിച്ചു. അത് പോയ ശേഷം വാഹനം കൊണ്ടുവന്നപ്പോള്‍ അദ്ദേഹമതില്‍ കയറി.''

ജനാസ വളരെ മുന്നിലെത്തിയാല്‍ വാഹനത്തില്‍ സഞ്ചരിക്കുന്നത് അനുചിതമല്ലെന്ന് ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാം. ആവശ്യമായ ഘട്ടത്തില്‍ വാഹനത്തില്‍ അനുഗമിക്കുന്നത് നിഷിദ്ധമല്ല. നബി (സ്വ) പറഞ്ഞു: ''നടക്കുന്നവന്‍ ഉദ്ദേശിച്ച ഭാഗത്തും വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ ജനാസയുടെ പിന്നിലും (അനുഗമി ക്കട്ടെ)'' (അഹ്മദ്, നസാഈ. തുര്‍മുദി ഇത് സ്വഹീഹാണെന്നും പറഞ്ഞു).

ജനാസ ചുമന്ന് കൊണ്ടുപോവുന്നതാണ് നബിചര്യ. നബി(സ്വ)യും അനുചരന്മാരും മയ്യിത്ത് ചുമക്കുന്നതില്‍ അഭിമാനക്ഷതമോ അന്തസ്സിന് ഹാനിയോ കണ്ടിരുന്നില്ല. പ്രത്യുത അതൊരു പുണ്യകര്‍മവും മയ്യിത്തിനോടുള്ള ആദരവും കൂടിയാണ്. ''സഅ്ദുബ്‌നു മുആദിന്റെ ജനാസ കൊണ്ടുപോയപ്പോള്‍ ശവമഞ്ചത്തിന്റെ രണ്ടു കാലു കള്‍ക്കിടയില്‍ നിന്നുകൊണ്ട് നബി(സ്വ)യും അത് ചുമന്നിരുന്നു'' (ശാഫിഈ). സഈദുബ്‌നു സൈദിന്റെ മകന് ഇബ്‌നു ഉമര്‍ സുഗന്ധം പുരട്ടുകയും ശവമഞ്ചം ചുമക്കുകയും ചെയ്തതായി ബുഖാരി ഉദ്ധരിക്കുന്നു. അബ്ദുര്‍ റഹ്മാനിബ്‌നു ഔഫിന്റെ മയ്യിത്ത് കട്ടിലിന്റെ മുന്‍ഭാഗം ചുമന്നത് സഅ്ദുബ്‌നു അബീവഖാസായിരുന്നു. ഇപ്രകാരം ഉസ്മാന്‍, അബൂഹുറയ്‌റ, ഇബ്‌നുസുബൈര്‍ തുടങ്ങിയ അനേകം പ്രമുഖരായ സ്വഹാബികള്‍ ജനാസ വഹിച്ചതായി ശാഫിഈ ഉദ്ധരിക്കുന്നുണ്ട്'' (അത്തല്‍ഖീസ്വ് 5:140,141). ഇമാം ശൗകാനി പറയുന്നു: ''ജനാസ ചുമന്നു കൊണ്ടുപോവുകയാണ് വേണ്ടതെന്നും ചുമക്കല്‍ കട്ടിലിന്റെ എല്ലാ ഭാഗത്ത് നിന്നും ആകുന്നതാണ് നബിചര്യയെന്നും ഹദീസുകള്‍ വ്യക്തമാക്കുന്നു'' (നൈലുല്‍ ഔത്വാര്‍ 4:113).

ആവശ്യമായ ഘട്ടത്തില്‍ മയ്യിത്ത് ചുമക്കാന്‍ അനുഗമിക്കുന്നവര്‍ സന്നദ്ധരാവണം. ഈ കാര്യം ചുമട്ടുതൊ ഴിലാളികളെ ഏല്പിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരത്തിന് അനുയോജ്യമല്ല. എന്നാല്‍ ഒരു താങ്ങുകൈയിന് വേണ്ടി തിക്കിത്തിരക്കേണ്ടതുമില്ല. ''ആരെങ്കിലും ജനാസയെ അനുഗമിച്ചാല്‍ അവര്‍ കട്ടിലിന്റെ എല്ലാ ഭാഗവും സ്പര്‍ശിക്കട്ടെ'' എന്ന ഇബ്‌നുമസ്ഊദിന്റെ റിപ്പോര്‍ട്ട് ദുര്‍ബലമാണെന്ന് ഇബ്‌നുഹജര്‍ വ്യക്തമാക്കിയിട്ടുണ്ട് (അത്തല്‍കീസ്വ് 5:141).

തുറന്ന വാഹനത്തില്‍ ജനാസ വഹിക്കുകയും പിന്നില്‍ അകമ്പടി കാറുകളില്‍ അനുഗമിക്കുകയും ചെയ്തു കൊണ്ടുള്ള ഘോഷയാത്ര ഇസ്‌ലാമിക സംസ്‌കാരത്തിന് അന്യമാണ്. ''അത് ഇസ്‌ലാം ലക്ഷ്യമാക്കുന്ന പരലോകചിന്തയെ ഇല്ലാതാക്കുന്നതും നബി(സ്വ)യുടെ അനുഷ്ഠാന ചര്യക്കെതിരുമാണ്. കൂടാതെ, അത് ഇതര മതാചാരം അനുകരിക്കലുമാണ്. ജനാസയുടെ കൂടെ അനുഗമിക്കുന്നവരുടെ എണ്ണം വളരെ കുറയാന്‍ ഇടയാ ക്കുകയും ചെയ്യും. അതിനാല്‍ ഇത് വര്‍ജ്യമാണ്'' (തല്‍കീസു അഹ്കാമില്‍ ജനാഇസ് 41, 42). എന്നാല്‍ ശ്മ ശാനം വളരെ വിദൂരത്തോ നടന്നുപോവാന്‍ കഴിയാത്ത തിരക്കേറിയ നഗരത്തിലോ മയ്യിത്ത് വളരെ പെട്ടെന്ന് മറവു ചെയ്യല്‍ അനിവാര്യമോ ആകുന്ന സന്ദര്‍ഭത്തില്‍ വാഹനത്തില്‍ കൊണ്ടുപോകുന്നത് അനുവദനീയമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മയ്യിത്തിനെ അനുഗമിക്കുന്നവര്‍ക്ക് വാഹനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്കുക ളുമില്ല'' (അല്‍അസ്ഇലത്തുന്നാഫിഅ പേജ്, 145).

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446