Skip to main content

മയ്യിത്തിനായുള്ള പ്രാര്‍ഥനകള്‍

മയ്യിത്ത് നമസ്‌കാരത്തില്‍ മൂന്നാമത്തെ തക്ബീറിനുശേഷം മയ്യിത്തിനുവേണ്ടി പ്രാര്‍ഥിക്കണം. ''നിങ്ങള്‍ മയ്യിത്തിന്റെ പേരില്‍ നമസ്‌കരിക്കുമ്പോള്‍ മയ്യിത്തിന് വേണ്ടി നിഷ്‌കളങ്കമായി പ്രാര്‍ഥിക്കുക.''

നബി(സ്വ) ജനാസനമസ്‌കാരത്തില്‍ വിവിധ പ്രാര്‍ഥനകള്‍ ചൊല്ലിയതായി സ്വീകാര്യമായ റിപ്പോര്‍ട്ടുകളില്‍ വന്നിരിക്കുന്നു. അതില്‍ ഏത്പ്രാര്‍ഥനയും സൗകര്യപൂര്‍വം ചൊല്ലാവുന്നതാണ്.

ഔഫുബുനു മാലികില്‍നിന്ന് മുസ്‌ലിമും നസാഈയും നിവേദനം ചെയ്യുന്നു: ''ഒരു ജനാസ നമസ്‌കാരത്തില്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിച്ചു:

അല്ലാഹുമ്മഗ്ഫിര്‍ ലഹു വര്‍ഹംഹു വ ആഫിഹി വഗ്ഫു അന്‍ഹു, വ അക്‌രിം നുസുലഹു, വവസ്സിഅ#് മദ്ഖലഹു, വഗ്‌സില്‍ഹു ബില്‍മാഇ വ സ്സല്‍ജി വല്‍ബറദി, വ വനഖ്ഖിഹി മിനല്‍ഖത്വായാ കമാ നഖ്‌ഖൈത സ്സൗബല്‍ അബ്‌യദ മിനദ്ദനസ്, വ അബ്ദില്‍ ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹി, വ അഹ്‌ലന്‍ ഖൈറന്‍ മിന്‍ അഹ്‌ലിഹി, വ സൗജന്‍ ഖൈറന്‍ മിന്‍ സൗജിഹി, വ അദ്ഖില്‍ഹുല്‍ ജന്നത, വഖിഹി ഫിത്‌നതല്‍ ഖബ്‌രി വ അദാബന്നാര്‍(59) (അല്ലാഹുവേ, അദ്ദേഹത്തിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും മാപ്പുകൊടുക്കുകയും സൗഖ്യം നല്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന്റെ ആതിഥ്യം ആദരപൂര്‍വമാക്കേണമേ. പ്രവേശനസ്ഥലം വിശാലമാക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവകൊണ്ട് കഴുകേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുചീകരിക്കുന്നത് പോലെ ഇദ്ദേഹത്തെ പാപങ്ങളില്‍ നിന്ന് ശുചിയാക്കേണമേ. ഇദ്ദേഹത്തിന്റെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമകുടുംബവും ഇണയേക്കാള്‍ ഉത്തമമായ ഇണയെയും അദ്ദേഹത്തിന് നീ നല്‌കേണമേ ഖബ്‌റിലെ ദുരിതത്തില്‍നിന്നും നരകശിക്ഷയില്‍നിന്നും നീ അദ്ദേഹത്തെ സംരക്ഷിക്കേണമേ). (മുസ്‌ലിം 936)

ഔഫ് പറഞ്ഞു: നബിയുടെ ഈ ദുആ കേട്ടപ്പോള്‍ ആ മയ്യിത്ത് ഞാനായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോയി.. അസ്വ്ഹാബുസ്സുനന്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ്വ) പ്രാര്‍ഥിച്ചു:

അല്ലാഹുമ്മഗ്ഫിര്‍ ലി ഹയ്യിനാ വ മയ്യിതിനാ വ സഗീരിനാ വ കബീരിനാ വദകരിനാ വ ഉന്‍സാനാ വ ശാഹിദിനാ വ ഗാഇബിനാ, അല്ലാഹുമ്മ മന്‍ അഹ്‌യയ്തഹു മിന്നാ ഫ അഹ്‌യിഹി അലല്‍ ഈമാന്‍, വമന്‍ തവഫ്ഫയ്തഹു മിന്നാ ഫ തവഫ്ഫിഹു അലല്‍ ഇസ്‌ലാം(60) (അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും ചെറിയവര്‍ക്കും വലിയവര്‍ക്കും പുരുഷനും സ്ത്രീക്കും ഹാജറുള്ളവനും ഇല്ലാത്തവന്നും നീ പൊറുത്തുതരേണമേ. അല്ലാഹുവേ, നീ ഞങ്ങളില്‍ ആരെ ജീവിപ്പിക്കുന്നുവോ, അവനെ ഇസ്‌ലാമില്‍ ജീവിപ്പിക്കുകയും ആരെ മരിപ്പിക്കുന്നുവോ അവനെ വിശ്വാസത്തോടുകൂടി മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹുവേ, ഇദ്ദേഹത്തിന്റെ പേരിലുള്ള പ്രതിഫലം ഞങ്ങള്‍ക്ക് നീ നിഷേധിക്കരുതേ. ഇദ്ദേഹത്തിനുശേഷം നീ ഞങ്ങളെ വഴിതെറ്റിക്കുകയും ചെയ്യരുതേ). ഹാകിം അബൂഅബ്ദില്ല പറഞ്ഞു: ''ഇത് ബുഖാരിയുടെയും മുസ്‌ലിമിന്റെയും നിബന്ധനയനുസരിച്ച് സ്വഹീഹാണ്.

മരിച്ച വ്യക്തിയുടെയും പിതാവിന്റെയും പേരുപറഞ്ഞുകൊണ്ട് പ്രാര്‍ഥിക്കാവുന്നതാണ്. വാസ്വിലത്തുബ്‌നുല്‍ അസ്ഖയില്‍നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്നു: ഒരു ജനാസക്ക്‌വേണ്ടി നമസ്‌കരിക്കുമ്പോള്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കുന്നത് ഞാന്‍ കേട്ടു:

''അല്ലാഹുവേ, ഇന്നവന്റെ മകന്‍ ഇന്നവന്‍ നിന്റെ അധീനത്തിലും നിന്റെ സംരക്ഷണത്തിലുമാണ്. അതിനാല്‍ നരകശിക്ഷയില്‍ നിന്നും ഖബ്‌റിലെ ദുരിതത്തില്‍ നിന്നും നീ അവനെ സംരക്ഷിക്കേണമേ. സ്‌തോത്രത്തിനും കാര്യനിര്‍വഹണത്തിനും അര്‍ഹനാണല്ലോ നീ. അല്ലാഹുവേ, നീ അവന് കരുണ ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്യേണമേ. നീ അധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണല്ലോ.''

നാലാം തക്ബീറിന് ശേഷവും മയ്യിത്തിനുവേണ്ടി പ്രാര്‍ഥിക്കാവുന്നതാണ്.

ഇമാം നവവിയും ഇമാം ശൗകാനിയും പറഞ്ഞപോലെ ഈ പ്രാര്‍ഥനകള്‍ക്ക് പ്രത്യേക സ്ഥാനനിര്‍ണയം വന്നിട്ടില്ല. മൂന്നും നാലും തക്ബീറുകളില്‍ സൗകര്യമനുസരിച്ച് ചൊല്ലാവുന്നതാണ്. എന്നാല്‍ നാലാം തക്ബീറില്‍ ഹ്രസ്വമായ പ്രാര്‍ഥനകള്‍ ചൊല്ലിവരുന്നുണ്ട്. ഈ പതിവിന് വിപരീതമായി നാലാമത്തേതിലും ദുആ ദീര്‍ഘിപ്പിക്കണമെന്ന അഭിപ്രായമാണ് മുന്‍ഗണനാര്‍ഹമായതെന്ന് രിയാദുസ്സ്വാലിഹീനില്‍ പറഞ്ഞിട്ടുണ്ട്.

നമസ്‌കാരത്തിലെ പ്രാര്‍ഥനാവചനങ്ങള്‍ സ്വയം നിര്‍മിക്കുകയോ നിര്‍മിതമായവ ചൊല്ലുകയോ ചെയ്യുന്നത് ഉപേക്ഷിക്കേണ്ടതാണ്. ഇമാം ശൗകാനി പറയുന്നു: ''കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ധാരാളം ദുആകള്‍ പറയുന്നുണ്ട്: അതില്‍ നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടാത്തവയുമുണ്ട്. നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടുവന്നത് സ്വീകരിക്കുന്നതാണ് ഉത്തമം (നൈലുല്‍ ഔത്വാര്‍ 4:106).

മയ്യിത്തിന്റെ ലിംഗവ്യത്യാസമനുസരിച്ച് സര്‍വനാമങ്ങള്‍ മാറ്റേണ്ടതില്ല. മയ്യിത്ത് എന്ന ഉദ്ദേശ്യത്തില്‍ സ്ത്രീക്കും പുരുഷനും 'ഹു' എന്ന സര്‍വനാമം ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, ചിലസന്ദര്‍ഭങ്ങളില്‍ 'ഹാ' എന്ന സ്ത്രീ നാമവും 'ഹു' എന്ന പുല്ലിംഗ സര്‍വനാമത്തോടൊപ്പം ഉപേയാഗിച്ചിട്ടുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് അബൂദാ വൂദ് ഹസനായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു:

''അല്ലാഹുവേ, നീയാണ് ഇതിന്റെ നാഥന്‍, നീയാണ് ഇതിനെ സൃഷ്ടിച്ചത്. നീയാണ് ഇതിന് ഇസ്‌ലാമിലേക്ക് മാര്‍ഗ ദര്‍ശനം നല്കിയത്. നീയാണ് ഇതിന്റെ ആത്മാവിനെ പിടിച്ചത്. ഇതിന്റെ രഹസ്യവും പരസ്യവും കൂടുതല്‍ അറിയുന്നവന്‍ നീയാണ്. ഞങ്ങളിതാ ഇദ്ദേഹത്തിന്‌വേണ്ടി ശിപാര്‍ശകരായി വന്നിരിക്കുന്നു. നീ ഇദ്ദേഹത്തിന് പൊറുത്തുകൊടുത്താലും.''

 .

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446