Skip to main content

വലിയ അശുദ്ധി (5)

നമസ്‌കാരം സ്വീകാര്യമാകണമെങ്കില്‍ ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയായിരിക്കണമെന്നു പറഞ്ഞുവല്ലോ. ചെറിയ അശുദ്ധി എന്നു പറഞ്ഞാല്‍ വുദൂ ഇല്ലാത്ത അവസ്ഥയാണ്. വുദൂ ചെയ്യുന്നതോടു കൂടി ശുദ്ധിയാവുകയും ചെയ്തു.

എന്നാല്‍, വലിയ അശുദ്ധിയില്‍ നിന്നു ശുദ്ധിയാകാന്‍ കുളിക്കല്‍ നിര്‍ബന്ധമാണ്. വൃത്തിയും ശുദ്ധിയും വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന ഇസ്‌ലാമില്‍ ഈ കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്തതായി കാണാം.

സ്ത്രീ പുരുഷ ലൈംഗിക ബന്ധം, സ്ഖലനം, ആര്‍ത്തവം, പ്രസവരക്തം എന്നീ കാര്യങ്ങള്‍ മൂലം വലിയ അശുദ്ധിയുണ്ടാകുന്നു. അതിനാല്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ കുളി നിര്‍ബന്ധമാകുന്നതിനുള്ള കാരണങ്ങളാകുന്നു. ഖുര്‍ആന്‍ പറയുന്നു:''നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ഉള്ളവരാണെങ്കില്‍ ശുദ്ധിയായിക്കൊള്ളുക'' (5:6). ''സത്യവിശ്വാസികളേ, നിങ്ങള്‍ പറയുന്നത് നിങ്ങള്‍ ഗ്രഹിക്കുന്ന അവസ്ഥയിലല്ലാതെ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്. ജനാബത്തുള്ളവരാകുമ്പോള്‍ -വഴിയിലൂടെ   കടന്നുപോകുന്നവരാണെങ്കിലല്ലാതെ- കുളിക്കുന്നതുവരെയും (നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്)'' (4:43).

വലിയ അശുദ്ധിയുണ്ടായിരിക്കെ നമസ്‌കരിക്കുകയോ നമസ്‌കാര സ്ഥലത്ത് (പള്ളി) കഴിച്ചു കൂട്ടുകയോ ചെയ്യരുത്. പള്ളിയിലൂടെ കടന്നുപോകുന്നതിനു വിരോധമില്ല എന്ന് 'ഇല്ലാ ആബിരീ സബീല്‍'  എന്ന വാചകത്തില്‍ നിന്നു മനസ്സിലാക്കാം. സ്ത്രീ പുരുഷ സംഭോഗത്തിലേര്‍പ്പെട്ടാല്‍ കുളി നിര്‍ബന്ധമാണ്; ശുക്ല സ്ഖലനം ഉണ്ടായില്ലെങ്കിലും.

ആഇശ(റ) പറയുന്നു: ''അവളുടെ കൈകാലുകള്‍ക്കിടയില്‍ അവന്‍ ഇരിക്കുകയും പുരുഷ സ്‌ത്രൈണ ലൈംഗികാവയവങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുകയും ചെയ്താല്‍ കുളിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു''(അഹ്മദ്, മുസ്‌ലിം). 'സ്ഖലനമുണ്ടായിട്ടില്ലെങ്കിലും' എന്ന് വേറെ ഹദീസിലും കാണാം. സ്ത്രീ പുരുഷ ശാരീരിക ബന്ധം കൂടാതെ, ഉറക്കത്തിലോ മറ്റോ സ്ഖലനമുണ്ടായാലും കുളി നിര്‍ബന്ധമാണ്.

ആഇശ(റ) പറയുന്നു: ''ഒരാള്‍ സ്വപ്നത്തെ ഓര്‍ക്കാതിരിക്കുകയും നനവു കാണുകയും ചെയ്യുന്നതിനെപ്പറ്റി നബി(സ്വ)യോട് ചോദിച്ചപ്പോള്‍ 'അയാള്‍ കുളിക്കേണ്ടതാണെന്ന്' അദ്ദേഹം ഉത്തരം നല്‍കി. ഒരാള്‍ സ്ഖലനം ഉണ്ടായതായി സ്വപ്നം കാണുകയും എന്നാല്‍ (ഉണര്‍ന്നപ്പോള്‍) നനവു കാണാതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി (ചോദിച്ചപ്പോള്‍) അയാള്‍ക്ക് കുളിക്കല്‍ നിര്‍ബന്ധമില്ലെന്നും അവിടുന്ന് ഉത്തരം നല്‍കി.''

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446