കുളി നിര്‍ബന്ധമാകുന്ന വലിയ അശുദ്ധിയില്‍ പെട്ടതാണ് പ്രസവ രക്തം പുറപ്പെടല്‍. പ്രസവത്തിന്റെ കൂടെയോ അതിന് ശേഷമോ അല്ലെങ്കില്‍ അതിന്റെ രണ്ടോ മൂന്നോ ദിവസം മുമ്പോ വേദനയോടുകൂടി ഗര്‍ഭാശയത്തില്‍ നിന്നു പുറത്തുവരുന്ന രക്തമാണ് 'നിഫാസ്' അഥവാ പ്രസവരക്തം. സാധാരണയായി ഇത് നാല്പതു ദിവസംവരെ നീണ്ടു നില്ക്കും. അതിനു മുമ്പ് തന്നെ രക്തം നിലച്ചാല്‍ കുളിച്ച് ശുദ്ധിയാകാം. നാല്പതു ദിവസത്തിലധികം രക്തം കാണുകയാണെങ്കില്‍ അതു 'നിഫാസാ'യി ഗണിക്കേണ്ടതില്ല. കുളിച്ചു ശുദ്ധിയാകാം. അതു രക്തസ്രാവമായി (ഇസ്തിഹാദ) മാത്രം കണക്കാക്കിയാല്‍ മതി. അതിനു കുളി നിര്‍ബന്ധമില്ല.
അനസ്(റ) പറയുന്നു: ''പ്രസവിച്ച സ്ത്രീകള്‍ക്ക് റസൂല്‍(സ്വ) നാല്പതു ദിവസമാണ് കാലാവധി നിശ്ചയിച്ചുകൊടുത്തിരിക്കുന്നത്, അതിനു മുമ്പ് ശുദ്ധിയായതായി അവള് കണ്ടാല്‍ ഒഴികെ.'' ''നാല്പതു ദിവസം കഴിഞ്ഞ് ശുദ്ധിയായി കാണുന്നില്ലെങ്കില്‍ അവള് കുളിക്കണം'' എന്നും ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.