വൃത്തിയും ശുദ്ധിയും പൊതു മര്യാദ എന്നതിലുപരി മതാചരണത്തിന്റെ ഭാഗമായി കണക്കാക്കിയ മതമാണ് ഇസ്‌ലാം. ''ശുദ്ധി ഈമാനിന്റെ പകുതിയാണ്'' എന്നാണു പ്രവാചകന്‍ പഠിപ്പിച്ചത്.
ചെറിയ അശുദ്ധി ഇല്ലാതിരിക്കാന്‍ വുദൂ ചെയ്യുന്നതുപോലെ വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ ഇസ്‌ലാം കുളി നിര്‍ബ്ബന്ധമാക്കി. ''നിങ്ങള്‍ ജനാബത്തുകാരായാല്‍ ശുദ്ധിയാവുക'' (5:6) എന്ന് ഖുര്‍ആന്‍ പറഞ്ഞ കാര്യം പ്രവാചകന്‍ പ്രാവര്‍ത്തികമായി കാണിച്ചുതന്നു. അതത്രെ നിര്‍ബന്ധമായകുളി.
വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാനുള്ള കുളിയാണെന്ന ഉദ്ദേശ്യത്തോടുകൂടി ശരീരമാസകലം വെള്ളം ചൊരിഞ്ഞു കുളിക്കുക എന്നതല്ലാതെ മറ്റു രീതിയിലുള്ള ഒരു ആചാരമോ ചടങ്ങോ ഈ കുളിയില്‍ ഇല്ല. കുളിക്കുന്നതിന്റെ മുന്നോടിയായി വുദൂ ചെയ്യുന്നതാണ് നബിചര്യ. നബി(സ്വ)യുടെ കുളിയെപ്പറ്റി ഉമ്മുല്‍മുഅ്മിനീന്‍ ആഇശ(റ) ഇങ്ങനെ പറയുന്നു.
''നബി(സ്വ) ജനാബത്ത് നിമിത്തം കുളിക്കുന്നതായാല്‍ ഇരു കൈകളും കഴുകിക്കൊണ്ടാണ് അത് ആരംഭിക്കുക. പിന്നെ അദ്ദേഹം വലതു കൈകൊണ്ടു വെള്ളം ചൊരിഞ്ഞ് ഇടതു കൈകൊണ്ട് തന്റെ ഗുഹ്യസ്ഥാനം കഴുകും. അതിനുശേഷം നമസ്‌കാരത്തിനെന്നപോലെ വുദൂ ചെയ്യും. തുടര്‍ന്ന് വെള്ളമെടുത്ത് മുടിയുടെ കടയ്ക്കല്‍ വിരലുകള്‍ കടത്തുന്നു. അങ്ങനെ എല്ലായിടത്തും വെള്ളം ചേര്‍ന്നുവെന്ന് കണ്ടാല്‍ രണ്ടു കൈകൊണ്ടും മൂന്നു കോരല്‍ വെള്ളമെടുത്ത് തലയില്‍ ഒഴിക്കും. തുടര്‍ന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളമൊഴിക്കും. അവസാനമായി തന്റെ രണ്ടു കാലുകളും കഴുകും.'' കുളി കഴിഞ്ഞതിനു ശേഷം വീണ്ടും വുദൂ ചെയ്യേണ്ടതില്ല. ''റസൂല്‍(സ്വ) കുളിച്ചതിനു ശേഷം വുദൂ ചെയ്യാറില്ലായിരുന്നു.''
കുളിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തുറന്ന സ്ഥലങ്ങളില്‍ വെച്ച് കുളിക്കരുത്. ഏതെങ്കിലും തരത്തിലുള്ള മറ ആവശ്യമാണ്. നഗ്നരായി കുളിക്കരുത് എന്ന് നബി(സ്വ) നിര്‍ദേശിച്ചിരിക്കുന്നു (അബൂദാവൂദ്). ശുദ്ധിയും വെടിപ്പാര്‍ന്ന സംസ്‌കാരവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര.