Skip to main content

സുന്നത്തായ കുളികള്‍

നബി(സ്വ) കുളിക്കാന്‍ നിര്‍ദേശിച്ച ചില സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കുളിക്കുന്നത് സുന്നത്ത് (ഐഛികമായ ആരാധന) ആണെന്ന് മനസ്സിലാക്കാം.

ജുമുഅയുടെ കുളി
റസൂല്‍(സ്വ) അരുളിയതായി ഇബ്‌നു ഉമര്‍(റ) പ്രസ്താവിക്കുന്നു: ''നിങ്ങളിലാരെങ്കിലും ജുമുഅക്ക് വരുന്നതായാല്‍ അയാള്‍ കുളിച്ചു കൊള്ളണം'' (ബുഖാരി, മുസ്‌ലിം).

അബൂസഈദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു: ''പ്രായപൂര്‍ത്തിയായവര്‍ക്ക് ജുമുഅയുടെ കുളി നിര്‍ബന്ധമാണ്. ദന്തശുദ്ധി വരുത്തലും തനിക്കു സാധിക്കുന്ന സുഗന്ധദ്രവ്യം ഉപയോഗിക്കലും (ജുമുഅക്ക് ഒഴിച്ചു കൂടാത്തതാണ്.)'' ''റസൂല്‍(സ്വ) കുളിക്കാന്‍ കല്പിക്കാറുണ്ടായിരുന്നത് താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ.'' എന്ന് ഖലീഫ ഉമര്‍(റ) വെള്ളിയാഴ്ച മിമ്പറില്‍വെച്ച് ഉസ്മാനിനെ(റ) ശാസിച്ച സംഭവം പ്രസിദ്ധമാണ്.

ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍, ജുമുഅയ്ക്ക് കുളി നിര്‍ബന്ധമാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ താഴെ പറയുന്ന ഹദീസും മറ്റും കണക്കിലെടുത്താല്‍ നിര്‍ബന്ധമില്ലായെന്നും എങ്കിലും ഏറ്റവും പ്രധാനപ്പെട്ട സുന്നത്താണതെന്നും കഴിവതും നിര്‍വഹിക്കണമെന്നും മനസ്സിലാക്കാം.

ഉര്‍വ(റ) പറയുന്നു: ''ജനങ്ങള്‍ അവരുടെ ഭവനങ്ങളില്‍നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നും നീളന്‍ കോട്ടുകള്‍ ധരിച്ച് ജുമുഅക്ക് വരാറുണ്ടായിരുന്നു. പൊടിയും വിയര്‍പ്പും നിമിത്തം അവരില്‍ നിന്നും ദുര്‍ഗന്ധം പുറപ്പെടാറുണ്ട്. അവരില്‍പെട്ട ഒരാള്‍, നബി(സ്വ) എന്റെ അടുക്കലുള്ളപ്പോള്‍, അദ്ദേഹത്തിന്റെ അടുത്തു വരികയുണ്ടായി. നിങ്ങളുടെ ഈ ദിവസത്തിനു വേണ്ടി നിങ്ങളൊന്നു വൃത്തിയായാല്‍ നന്നായിരുന്നുവെന്ന് തിരുനബി അപ്പോള്‍ പറഞ്ഞു'' (ബുഖാരി, മുസ്‌ലിം).

അമുസ്‌ലിം മുസ്‌ലിമായാല്‍
''ഖൈസ്ബ്‌നു ആസ്വിം മുസ്‌ലിമായപ്പോള്‍ നബി(സ്വ) തന്നോട് താളിതേച്ച് കുളിക്കാന്‍ കല്പിച്ചു എന്നദ്ദേഹം പ്രസ്താവിക്കുന്നു.''

സുമാമ ഇസ്‌ലാംമതം സ്വീകരിച്ചപ്പോള്‍, അബൂത്വല്‍ഹയുടെ തോട്ടത്തില്‍ പോയി കുളിച്ചുവരാന്‍ കല്പിച്ചതായും ഹദീസില്‍ കാണാം. ഇസ്‌ലാംമതം സ്വീകരിച്ചവന്ന് കുളി നിര്‍ബന്ധമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാം സ്വീകരിച്ച എല്ലാവരോടും  അങ്ങനെ കല്പിച്ചിരുന്നതായി കാണുന്നില്ല. അതുകൊണ്ട് നിര്‍ബന്ധമില്ലാത്ത ഒരു പ്രധാന സുന്നത്തായി ഈ കുളിയെ കണക്കാക്കാം.

മയ്യിത്ത് കുളിപ്പിച്ചാല്‍
അബ്ദുല്ലാഹിബ്‌നു അബീബക്ര്‍(റ) പറയുന്നു: ''അബൂബക്ര്‍ സ്വിദ്ദീഖ്(റ) നിര്യാതനായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ അസ്മാഅ് അദ്ദേഹത്തെ കുളിപ്പിച്ചതിനു ശേഷം പുറത്തുവന്ന് അവിടെ സന്നിഹിതരായിരുന്ന മുഹാജിറുകളോട് ചോദിച്ചു: ഇത് കഠിന ശൈത്യമുള്ള ദിവസമാണ്, എനിക്ക് നോമ്പുണ്ടുതാനും. എനിക്ക് കുളിക്കല്‍ നിര്‍ബന്ധമുണ്ടോ? ഇല്ല എന്ന് അവരെല്ലാം മറുപടി പറഞ്ഞു.'' 

മയ്യിത്ത് കുളിപ്പിച്ചവര്‍ കുളിക്കുന്നത് സുന്നത്താണ് എന്നു വ്യക്തമാക്കുന്ന ഒരു ഹദീസുണ്ട്. അതിന്റെ നിവേദക പരമ്പര പ്രബലമാണോ അല്ലേ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായാന്തരമുണ്ട്.

ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്‌റാം ചെയ്യുമ്പോള്‍
''നബി(സ്വ) ഇഹ്‌റാമിനു വേണ്ടി വസ്ത്രങ്ങള്‍ മാറുകയും കുളിക്കുകയും ചെയ്യുന്നതായി താന്‍ കണ്ടുവെന്ന് സൈദുബ്‌നു സാബിത്(റ) പറയുന്നു.

മക്കയില്‍ പ്രവേശിക്കുമ്പോള്‍
''ഇബ്‌നുഉമര്‍(റ) ഹറമിനോട് ഏറ്റവും അടുത്ത സ്ഥലത്ത് പ്രവേശിച്ചാല്‍ തല്‍ബിയത്ത് ചൊല്ലല്‍ നിര്‍ത്തുകയും 'ദൂത്വുവാ' എന്ന സ്ഥലത്ത് രാത്രി പാര്‍ക്കുകയും പിന്നെ സ്വുബ്ഹ് നമസ്‌കരിച്ചശേഷം കുളിക്കുകയും ചെയ്യുക പതിവായിരുന്നു. നബി(സ്വ) അങ്ങനെയാണ് ചെയ്തിരുന്നതെന്ന് അദ്ദേഹം പറയാറുണ്ട്'' (ബുഖാരി).

രണ്ടു പെരുന്നാളുകളില്‍
നബി(സ്വ)യുടെ സ്വഹാബിമാരില്‍ ഇബ്‌നു ഉമര്‍(റ), അലി(റ), ഉര്‍വതുബ്‌നു സുബൈര്‍(റ) മുതലായവര്‍ രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേകമായി കുളിക്കാറുണ്ടായിരുന്നുവെന്ന് ഉദ്ധരിക്കപ്പെടുന്നു. നബി(സ്വ) കുളിച്ചതായും ചില റിപ്പോര്‍ട്ടുകളില്‍ കാണാം. പെരുന്നാള്‍ സുദിനങ്ങളില്‍ കുളിക്കല്‍ സുന്നത്താണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
 

Feedback