Skip to main content

ഖിയാം അഥവാ നില്പ്

നമസ്‌കാരം നിര്‍വഹിക്കേണ്ടത് നിന്നുകൊണ്ടാണ്. നിന്ന് നമസ്‌കരിക്കുക എന്നത് നിര്‍ബന്ധമാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ച് ഖിബ്‌ലക്ക് അഭിമുഖമായി ഭക്തിപുരസ്സരം ഒതുങ്ങിനിന്ന് അല്ലാഹുവിന്റെ തിരുമുമ്പില്‍ നില്‍ക്കുന്നുവെന്ന ബോധത്തോടെയാണ് നമസ്‌കരിക്കേണ്ടത്. നില്‍ക്കാന്‍ശാരീരിക പ്രയാസങ്ങളുണ്ടെങ്കില്‍ ഇരിക്കാവുന്നതും അതിനും പ്രയാസമുണ്ടെങ്കില്‍ കിടക്കാവുന്നതുമാണ്. കിടന്നുകൊണ്ട് യഥാവിധി നിര്‍വഹിക്കാന്‍ പോലും പ്രയാസമുണ്ടെങ്കില്‍ മനസ്സില്‍ നമസ്‌കാരത്തിന്റെ രൂപം സങ്കല്പിക്കുകയെങ്കിലും വേണം.

''ഇംറാനുബ്‌നു ഹുസൈന്‍(റ) പറയുന്നു: എനിക്ക് മൂലക്കുരു രോഗമുണ്ടായിരുന്നു. അപ്പോള്‍  എങ്ങനെ നമസ്‌കരിക്കണമെന്നതിനെക്കുറിച്ച് നബി(സ്വ)യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: 'നീ നിന്നുകൊണ്ട് നമസ്‌കരിക്കുക. അതിനു കഴിയാത്ത പക്ഷം ഇരുന്നുകൊണ്ടും അതിനും കഴിയാത്തപക്ഷം കിടന്നുകൊണ്ടും.'' (ബുഖാരി 1066).

മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: ''നിന്നു നമസ്‌കരിക്കലാണ് ശ്രേഷ്ഠമായത്. ആരെങ്കിലും ഇരുന്നു നമസ്‌കരിച്ചാല്‍ നില്‍ക്കുന്നവന്റെ പകുതി പ്രതിഫലമാണ് അവനുള്ളത്. ആരെങ്കിലും കിടന്നു നമസ്‌കരിച്ചാല്‍ ഇരിക്കുന്നവന്റെ പകുതി പ്രതിഫലമുണ്ട്'' (ബുഖാരി 1065).

സുന്നത്തു നമസ്‌കാരങ്ങള്‍ ഇരുന്നു നമസ്‌കരിച്ചാലും മതി എന്ന ധാരണ ശരിയല്ല. നിന്നു നമസ്‌കരിക്കാന്‍ കഴിയുന്നവര്‍ ഇരുന്നു നമസ്‌കരിക്കുന്നത് കുറ്റകരമാണ്. നിന്നു നമസ്‌കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്നതിനാല്‍ അല്പമെല്ലാം പ്രയാസങ്ങളുണ്ടെങ്കിലും കഴിയുന്നവരെല്ലാം നിന്നു നമസ്‌കരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നമസ്‌കാരത്തില്‍ സുജൂദിന്റെ സ്ഥാനത്തേക്കാണ് നോക്കേണ്ടത്. നേരെ മുമ്പിലേക്ക് നോക്കാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ചരിഞ്ഞ് നില്ക്കുക, കണ്ണ് അനാവശ്യമായി അടച്ചു പിടിക്കുക, നോട്ടം മുകളിലേക്കും വശങ്ങളിലേക്കും തിരിക്കുക എന്നിവയെല്ലാം നമസ്‌കാരത്തിന്റെ പൂര്‍ണത നഷ്ടപ്പെടുത്തുന്നതാണ്.

ഇഖാമത്ത് വിളി തുടങ്ങിക്കഴിഞ്ഞാല്‍ അണിയായി നില്‍ക്കണമെന്ന് ഉമറുബ്‌നു അബ്ദുല്‍അസീസ്, മുഹമ്മദുബ്‌നു കഅ്ബ്, സാലിം, അബൂഖിലാബ, സുഹ്‌രി, അത്വാഅ് എന്നിവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 'ഖദ്ഖാമത്തിസ്സ്വലാ' എന്നു പറയുമ്പോഴാണ് നില്‍ക്കേണ്ടതെന്ന് ഇമാം മാലിക് അഭിപ്രായപ്പെടുന്നു. ഇഖാമത്ത് വിളി കഴിഞ്ഞശേഷമാണ് നില്‍ക്കേണ്ടതെന്ന് ഇമാം ശാഫിഈ അഭിപ്രായപ്പെടുന്നു. പ്രവാചകചര്യ പരിശോധിക്കുമ്പോള്‍ ഇഖാമത്ത് വിളി കഴിയുമ്പോഴേക്കും വരികള്‍ നിരന്നു കഴിഞ്ഞിട്ടുണ്ടാകണമെന്ന് മനസ്സിലാകുന്നു. നബി(സ്വ) ഇഖാമത്ത് വിളി കഴിഞ്ഞാല്‍ മുന്നോട്ടു നിന്ന് അണികള്‍ ശരിപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു.

അനസ്(റ) പറയുന്നു: ''ഇഖാമത്ത് വിളി കഴിഞ്ഞാല്‍ നബി(സ്വ) ഞങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കും. എന്നിട്ട് പറയും: 'വരികള്‍ ചൊവ്വാക്കി നില്‍ക്കുക.' മടമ്പുകള്‍ ഒരേ വരിയില്‍ വരത്തക്ക വിധമായിക്കൊണ്ടാണ് നില്‍ക്കേണ്ടത്. കാലിന്റെ മുന്‍ഭാഗം ശരിയാക്കി നില്‍ക്കുന്ന സമ്പ്രദായം ചിലേടങ്ങളില്‍ കാണപ്പെടുന്നത് ശരിയല്ല.

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446