Skip to main content

സുജൂദുകള്‍ക്കിടയില്‍

സുജൂദിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞാല്‍ 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞുകൊണ്ട് ഇരിക്കുക. 'അല്ലാഹു അക്ബര്‍' എന്നു പറയുന്നതിന്റെ തുടക്കത്തോടെ സുജൂദില്‍നിന്ന് തല ഉയര്‍ത്തുകയും പറഞ്ഞു കഴിയുമ്പോള്‍ ഇരുന്നു കഴിയുകയും വേണം. ഇടതുകാലിന്റെ പാദം പരത്തിവെച്ച് അതിന്മേല്‍ ഇരിക്കുകയും വലതുകാലിന്റെ പാദം നാട്ടിവെക്കുകയും വേണം. നബി(സ്വ)യുടെ ഇരുത്തത്തിന്റെ രൂപം ഹദീസില്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ''അദ്ദേഹം ഇടതുകാല്‍ പരത്തിവെക്കുകയും വലതുകാല്‍ നാട്ടിവെക്കുകയും ചെയ്തിരുന്നു'' (ബുഖാരി, മുസ്‌ലിം).

വിരലുകള്‍ ഖിബ്‌ലക്ക് അഭിമുഖമായി വരത്തക്കവിധം രണ്ടു കൈപ്പത്തികളും തുടമേല്‍ പരത്തി വെക്കണം.

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''നബി(സ്വ) രണ്ടു സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: അല്ലാഹുമ്മഗ്ഫിര്‍ ലീ വര്‍ഹം നീ വഹ്ദിനീ വ ആഫിനീ വര്‍സുഖ്‌നീ. (അല്ലാഹുവേ, എനിക്കു നീ പൊറുത്തുതരേണമേ, എന്നോട് കാരുണ്യം കാണിക്കണേ, എന്നെ നേര്‍വഴിക്ക് നയിക്കണേ, എനിക്ക് സൗഖ്യം തരേണമേ, എനിക്ക് ഉപജീവനം തരേണമേ) (അബൂദാവൂദ്, ഇബ്‌നുമാജ).

ഒറ്റത്തവണ മാത്രമേ ഇതു ചൊല്ലേണ്ടതുള്ളൂ. ഹുദൈഫ(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് പ്രകാരം മൂന്നുതവണ 'അല്ലാഹുമ്മഗ്ഫിര്‍ലീ' എന്നു പറഞ്ഞാല്‍ മതിയെന്ന് അഹ്മദുബ്‌നു ഹമ്പല്‍ അഭിപ്രായപ്പെടുന്നു (ഇബ്‌നു ഖുദാമയുടെ മുഗ്‌നി 1: 525).

ഈ പ്രാര്‍ഥന കഴിഞ്ഞാല്‍ 'അല്ലാഹു അക്ബര്‍'(33) എന്നു പറഞ്ഞ് വീണ്ടും സുജൂദ് ചെയ്യുക. സുജൂദിലെ പ്രാര്‍ഥനകള്‍ ചൊല്ലുക. അതുകഴിഞ്ഞാല്‍ 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞ് എഴുന്നേറ്റു നില്‍ക്കുക. ഇതോടെ ഒരു റക്അത്ത് പൂര്‍ത്തിയായി. അപ്പോള്‍ ഒരു നിറുത്തം, ഒരു റുകൂഅ്, ഒരു ഇഅ്തിദാല്‍, രണ്ടു സൂജൂദ്, അവയ്ക്കിടയിലെ ഇരുത്തം എന്നിവ അടങ്ങിയതാണ് ഒരു 'റക്അത്ത്'.

 
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446