ഇഅ്തിദാല്‍ നിര്‍വഹിച്ചു കഴിഞ്ഞാല്‍ അല്ലാഹുഅക്ബര്‍ എന്നു പറഞ്ഞു കൊണ്ട് സുജൂദ് നിര്‍വഹിക്കണം. ആദ്യം രണ്ടു കാല്‍മുട്ടുകളും കാല്‍ വിരലുകളും പിന്നീട് കൈപ്പത്തികളും തുടര്‍ന്ന് നെറ്റിയും മൂക്കും നിലത്തുവെച്ചാണ് സുജൂദ് ചെയ്യേണ്ടത്. അടിമ തന്റെ നാഥന്റെ മുമ്പില്‍ പ്രകടിപ്പിക്കുന്ന വിനയത്തിന്റെയും ഭക്തിയുടെയും പരമമായ പ്രകടനമാണ് സുജൂദ്. തന്റെ അടിമ സുജൂദിലായിരിക്കുന്ന അവസ്ഥയെയാണ് അല്ലാഹു കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അതിനാല്‍ ദീര്‍ഘസമയം സുജൂദ് ചെയ്യാന്‍ നബി (സ്വ) കല്പിച്ചിരിക്കുന്നു.
സുജൂദ് ചെയ്യുമ്പോള്‍ ഏഴ് അവയവങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിക്കേണ്ടതാണ്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരിക്കുന്നു: ഏഴ് എല്ലുകളിന്മേലായി സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - മൂക്കിന് നേരെയും നബി(സ്വ) കൈചൂണ്ടി-ഇരുകൈപ്പത്തികള്‍, രണ്ടുകാല്‍മുട്ടുകള്‍, രണ്ടു പാദങ്ങളുടെവിരലുകള്‍ എന്നിവയാണവ'' (ബുഖാരി, മുസ്‌ലിം).
ഇബ്‌നുബുഹൈന(റ) പറയുന്നു: ''നബി(സ്വ) നമസ്‌കരിക്കുകയും എന്നിട്ട് സുജൂദ് ചെയ്യുകയും ചെയ്യുമ്പോള്‍ അവിടുത്തെ കക്ഷത്തിന്റെ വെളുപ്പ് കാണുമാറ് കൈകള്‍ വിടര്‍ത്തി വെക്കാറുണ്ടായിരുന്നു. ''
ബറാഅ്(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞിരിക്കുന്നു: നീ സുജൂദ് ചെയ്താല്‍ നിന്റെ ഇരുകൈപ്പത്തികളും നിലത്തുവെക്കുകയും കൈമുട്ടുകള്‍ ഉയര്‍ത്തിവെക്കുകയും ചെയ്യുക'' (മുസ്‌ലിം: 494). സ്ത്രീ പുരുഷവ്യത്യാസം ഇവിടെയില്ല.
രണ്ടു പാദങ്ങളിലെ വിരലുകള്‍ ഖിബ്‌ലക്ക് അഭിമുഖമായി വെക്കണം. നിര്‍ബന്ധതിത സാഹചര്യങ്ങളിലല്ലാതെ കാലുകള്‍ ഒന്നിനു മീതെ ഒന്നായി വെക്കുകയോ നിലത്തുനിന്ന് പൊക്കിവെക്കുകയോ വിരലുകളുടെ പുറഭാഗം നിലത്തുവരുമാറ് വെക്കുകയോ ചെയ്യാന്‍ പാടില്ല.
സുജൂദ് ചെയ്യുമ്പോള്‍ മൂക്ക് നിലത്ത് വെക്കണമെന്നാണ് മുമ്പ് ഉദ്ധരിച്ച ഹദീസിന്റെ ബാഹ്യാര്‍ഥത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം മൂക്ക് നിലത്ത് പതിയേണ്ടതില്ലെന്ന അഭിപ്രായമാണ് അത്വാഅ്, ത്വാഊസ്, ഇക്‌രിമ, ഹസന്‍, ഇബ്‌നുസീരീന്‍, ശാഫിഈ, അബൂസൗര്‍, അബൂഹനീഫയുടെ രണ്ടു ശിഷ്യന്മാര്‍ എന്നിവര്‍ക്കുള്ളത്. മുകളില്‍ പറഞ്ഞ ഏഴ് അവയവങ്ങളില്‍ മറയോടു കൂടി സുജൂദ് ചെയ്താലും ശരിയാകും. നിലത്തുതന്നെ നെറ്റി പതിയണമെന്നില്ല. കഠിന ചൂടും കഠിന തണുപ്പുമുണ്ടാകുമ്പോള്‍ വസ്ത്രം വെച്ച് അതിന്മേല്‍ സുജൂദ് ചെയ്താല്‍ മതിയെന്ന് അത്വാഅ്, ത്വാഊസ്, നഖ്ഈ, ശുഅബീ, ഔസാഈ, മാലിക്, ഇസ്ഹാഖ് എന്നിവര്‍ അഭിപ്രായപ്പെടുന്നു (മുഗ്‌നി: 517). തലപ്പാവ് നിലത്തു സ്പര്‍ശിക്കുമാറ് സുജൂദ് ചെയ്താല്‍ തെറ്റില്ലെന്ന് ഹസന്‍, മക്ഹൂല്‍, അബ്ദുര്‍റഹ്മാനിബ്‌നു സൈദ് എന്നിവര്‍ക്ക് അഭിപ്രായമുണ്ട്.
അനസ്(റ) പറയുന്നു: ''നബി(സ്വ)യുടെ കൂടെ ഞങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ ശക്തമായ ചൂടുനിമിത്തം വസ്ത്രത്തിന്റെ ഒരു ഭാഗം നിലത്തുവെച്ചിരുന്നു'' (ബുഖാരി, മുസ്‌ലിം).
''ബനൂ അബ്ദില്‍ അശ്ഹല്‍ ഗോത്രത്തില്‍വെച്ച് നബി(സ്വ) നമസ്‌കരിച്ചപ്പോള്‍ ചരല്‍ക്കല്ലിന്റെ തണുപ്പില്‍നിന്ന് രക്ഷയ്ക്കായി ചുരുട്ടിവെച്ച വസ്ത്രത്തില്‍ കൈവച്ചു'' (ഇബ്‌നുമാജ).
സുജൂദ് ചെയ്യുമ്പോള്‍ കൈവിരലുകള്‍ നിവര്‍ത്തി തോള്‍ഭാഗത്തിന്റെ നേരെയായാണ് വെക്കേണ്ടത്. മുഴംകൈകള്‍ നിലത്ത് പതിച്ചുവെക്കരുത്. അനസ്(റ) പറയുന്നു: ''നബി(സ്വ) പറഞ്ഞു: സുജൂദില്‍ നിങ്ങള്‍ (കൈകള്‍) നേരെ വെക്കുക. നായയെപ്പോലെ മുഴം കൈകള്‍ നിലത്ത് പരത്തിവെച്ചുകൊണ്ട് നിങ്ങള്‍ സുജൂദ് ചെയ്യരുത്'' (ബുഖാരി, മുസ്‌ലിം).
സുജൂദില്‍ പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുകയും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും വേണം. എന്നാല്‍ ആ സമയത്ത് ഖുര്‍ആന്‍ ഓതാന്‍ പാടുള്ളതല്ല. നബി(സ്വ) പറഞ്ഞു: ''റുകൂഇലും സുജൂദിലുമായിരിക്കെ ഖുര്‍ആന്‍ ഓതുന്നതില്‍നിന്ന് ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. ആ അവസരത്തില്‍ നിങ്ങള്‍ ധാരാളം പ്രാര്‍ഥിക്കുക. നിങ്ങള്‍ക്ക് ഉത്തരം കിട്ടുവാന്‍ അത് അര്‍ഹമാണ്.'' നിരവധി പ്രാര്‍ഥനകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
സുജൂദ് ചെയ്യുമ്പോള്‍ മൂന്നുതവണ സുബ്ഹാന റബ്ബീ അല്‍അഅ്‌ലാ (അത്യുന്നതനായ എന്റെ നാഥനെ ഞാന്‍ വാഴ്ത്തുന്നു) എന്നു പറയുക. ഇവിടെ 'വബിഹംദിഹി' എന്ന വര്‍ധന ഹദീസില്‍ സ്ഥിരപ്പെട്ടിട്ടില്ല.
''നബി(സ്വ) റുകൂഇലും സുജൂദിലും ഇപ്രകാരം ധാരാളം ചൊല്ലാറുണ്ടായിരുന്നു. സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദികല്ലാഹുമ്മഗ്ഫിര്‍ലീ (ഞങ്ങളുടെ പരിപാലകനായ അല്ലാഹുവേ നീ പരിശുദ്ധനായിരിക്കുന്നു, അല്ലാഹുവേ നിന്റെ പരിശുദ്ധിയാല്‍ എനിക്ക് പൊറുത്തു തരേണമേ)
വേറെയും പ്രാര്‍ഥനകള്‍ നബി(സ്വ) സുജൂദില്‍ ചൊല്ലാറുണ്ടായിരുന്നു. ആവശ്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യും. എന്നാല്‍ ഫര്‍ദ് നമസ്‌കാരങ്ങളിലും ഇമാമായി നമസ്‌കരിക്കുമ്പോഴുമെല്ലാം നബി(സ) ചെയ്തതു പോലെ മൂന്നു പ്രാവശ്യം നിര്‍വഹിക്കുന്നതാണ് ഉത്തമം. ഇമാമിനോടൊപ്പവും മറ്റും നമസ്‌കരിക്കുമ്പോള്‍ കൂടുതല്‍ സമയം കിട്ടുന്നുവെങ്കില്‍ കൂടുതല്‍ തവണ ഇതോ ഇതല്ലാത്തതോ ആയ പ്രാര്‍ഥനകള്‍ നിര്‍വഹിക്കാവുന്നതാണ്.