പ്രളയത്തിലൊടുങ്ങിയ നൂഹിന്റെ ജനത ഓര്‍മയില്‍ നിന്നുപോലും പടിയിറങ്ങി. ജൂദീ മലയില്‍ തടഞ്ഞുനിന്ന നൗകയില്‍ നൂഹ്(അ)നൊപ്പമുണ്ടായിരുന്ന മകന്‍ സാം പുതിയ ജീവിതം തുടങ്ങി. ആ പരമ്പരയിലാണ് യമനിലെ അഹ്ഖാഫ് മലനിരകളില്‍ കൂറ്റന്‍ രമ്യഹര്‍മ്യങ്ങളുണ്ടാക്കി ആഡംബര ജീവിതം നയിച്ചിരുന്ന തൂണിന്റെ ആള്‍ക്കാരായ ആദ് സമൂഹം പിറവികൊള്ളുന്നത്.
ആദുകാര്‍ ആജാനുബാഹുക്കളായിരുന്നു. ശക്തിയിലും മറ്റും അവരെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. സമ്പന്നരായ അവര്‍ ഉന്നതസ്ഥാനങ്ങളില്‍ ആകാശ ചുംബികളായ കൊട്ടാരങ്ങള്‍ പണിത് ധനം ദുര്‍വ്യയം ചെയ്തു. പ്രതാപത്തിന്റെയും അന്തസ്സിന്റെയും പേരില്‍ അവര്‍ പെരുമ നടിച്ചു. അജയ്യമെന്ന് അവര്‍ കരുതിയ ശക്തിയില്‍ അഹങ്കാരവും കാണിച്ചു. അല്ലാഹുവാണ് അവരെക്കാള്‍ ശക്തന്‍ എന്ന വസ്തുത പോലും ആദ് ജനത മറന്നു.
ഇവര്‍ക്കിടയിലേക്കാണ് അവരുടെ സഹോദരന്‍ ഹൂദ് പ്രബോധന ദൗത്യവുമായെത്തുന്നത്. സമൂഹത്തിന്റെ ആഡംബരത്തിനും അഹങ്കാരത്തിനും നേരെയല്ല ആദ്യം ഹൂദ്(അ) വിരല്‍ ചൂണ്ടിയത്. മറിച്ച്, അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന ഇസ്്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തത്തിലെ പിഴവിനെതിരായിരുന്നു.
''എന്റെ സമൂഹമേ, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുവിന്‍, അവനല്ലാതെ മറ്റൊരാരാധ്യന്‍ നിങ്ങള്‍ക്കില്ല. നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?''(7:65).
അഹങ്കാരത്തിന്റെ മനുഷ്യരൂപങ്ങളായ ആദ്പ്രമാണിമാരുണ്ടോ ഹൂദിനെ ശ്രദ്ധിക്കുന്നു. അവരദ്ദേഹത്തെ വിഡ്ഢിയും വ്യാജനുമാക്കി. ''ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചുകൊണ്ടിരുന്നതിനെ ഉപേക്ഷിക്കാന്‍ പറയുകയാണോ നീ'' എന്നായിരുന്നു ആദുകാരുടെ ആക്രോശം.
താമസിക്കുക എന്നതിനപ്പുറം പ്രതാപവും പെരുമയും കാണിക്കുന്നതിനായി പടുകൂറ്റന്‍ വീടുകള്‍ നിര്‍മ്മിച്ച് പരസ്പരം മത്സരിച്ചിരുന്ന ആദുകാരുടെ പ്രവണതക്കെതിരെയും ഹൂദ്(അ) വിരല്‍ചൂണ്ടി: ''വിനോദങ്ങള്‍ക്കായി കുന്നിന്‍ചെരിവുകളില്‍ നിങ്ങള്‍ അകാശക്കോട്ടകള്‍ പണിയുകയാണോ? കാലാകാലം വസിക്കാനാണോ ഈ വന്‍ വീടുകള്‍ നിങ്ങള്‍ പണിയുന്നത്? (26:128,129)''.
മുന്‍ഗാമി നൂഹ്(അ)നെപ്പോലെ ഹൂദും തന്റെ സമൂഹത്തിന്റെ ഗതിയില്‍ വേദനിച്ചു. സൂറ. അഅ്‌റാഫ്, ഹൂദ്, മുഅ്മിനൂന്‍, ശുഅറാഅ് തുടങ്ങി പന്ത്രണ്ടിലധികം അധ്യായങ്ങളില്‍ ഹൂദും തന്റെ സമൂഹവും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
''നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതിഫലമായി ഒന്നും ആവശ്യപ്പെടുന്നില്ല, എനിക്കുള്ള പ്രതിഫലം അല്ലാഹുവാണ് നല്കുക, ചെയ്തുപോയ പാപങ്ങള്‍ക്ക് മോചനം തേടുകയും പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. സമൂഹമേ, എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചുതരും, നിങ്ങളുടെ ശക്തി വര്‍ധിപ്പിച്ചുതരും'' ഹൂദ് അവരോട് പറഞ്ഞുകൊണ്ടേയിരുന്നു.
മര്‍ക്കടമുഷ്ടിയോടെ പ്രവാചകനെ എതിര്‍ക്കുകയാണ് ആദുകാര്‍ ചെയ്തത്. ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ഞങ്ങള്‍ ഉപേക്ഷിക്കുന്ന പ്രശ്‌നമേയില്ല. നിന്നില്‍ ഞങ്ങള്‍ വിശ്വസിക്കുകയുമില്ല. പ്രബോധനം സംവല്‍സരങ്ങള്‍ നീണ്ടു. ഒടുവില്‍ ഹൂദ്(അ) അവര്‍ക്ക് മുന്നറിയിപ്പു നല്‍കി.
മാര്‍ഗഭ്രംശത്തില്‍ അടിയുറച്ചു നിലകൊണ്ട ജനവിഭാഗത്തെ നശിപ്പിച്ചാണ് അല്ലാഹു നിങ്ങളെ പകരം കൊണ്ടുവന്നത്. അതേ വഴി പിന്‍തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് പകരം മറ്റൊരു ജനതയെ അവന്‍ കൊണ്ടവരും. മുന്നറിയിപ്പിന് പിന്നാലെ അല്ലാഹുവിന്റെ ശിക്ഷാസൂചനയുമെത്തി: ''അറിയുക, ഹൂദിന്റെ ജനതയായ ആദിന് നാശം''(11:60).
പിന്നീട് ദുരിതദിനങ്ങള്‍ വരവായി. അതിലൊന്നില്‍ ഹൂങ്കാര ശബ്ദവുമായി സര്‍വസംഹാരിയായ കാറ്റുമെത്തി. ആദിലെ ന്യൂനാല്‍ ന്യൂനപക്ഷമായ വിശ്വാസി വൃന്ദത്തെ ഒഴിച്ച് മറ്റൊന്നിനെയും കാറ്റ് വിട്ടില്ല. ഏഴ് രാത്രിയും എട്ട് പകലും നിരന്തരം വീശിയടിച്ച കാറ്റ് താണ്ഡവമാടി . പിന്നീടുള്ള ദൃശ്യങ്ങള്‍ ഖുര്‍ആന്‍ പറയുന്നതിങ്ങനെ: ''ആദ് ജനത ദ്രവിച്ച ഇരുമ്പുപോലെയായി''(51: 42). ''ഉഗ്രമായ കാറ്റ് അവരുടെ നേരെ നാം അയച്ചു, കടപുഴകി വീണ ഈന്തപ്പനത്തടി കണക്കെ അത് മനുഷ്യരെ പറിച്ചെറിഞ്ഞു''(54:19,20). ''നിന്റെ നാഥന്റെ കല്പന പ്രകാരം സര്‍വതിനെയും അത് തകര്‍ത്തുകളഞ്ഞു, അവരുടെ വാസഗേഹങ്ങളല്ലാതെ മറ്റൊന്നും അവിടെ കാണപ്പെട്ടില്ല'' (46:25).