Skip to main content

ഷാജഹാന്‍ (2)

മുഗള്‍ വംശത്തിലെ അഞ്ചാമത്തെ കിരീടധാരിയാണ് ഖുര്‍റം. ജഹാംഗീറിന്റെ മകനായി ജനിച്ചു. പിതാവിനെപ്പോലെത്തന്നെ രജപുത്ര വനിതയുടെ മകനായിരുന്നു. അധികാരത്തിലേ റിയപ്പോള്‍ ഷാജഹാന്‍ എന്ന പേരു സ്വീകരിച്ച ഖുര്‍റമിന്റെ പൂര്‍ണ നാമം, ശിഹാബുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍ എന്നാണ്.

പിതാവ് മരിക്കുമ്പോള്‍ ഡെക്കാനിലായിരുന്നു ഖുര്‍റം. ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാന്‍ തന്റെ ജാമാതാവ് ഷഹരിയാറിനെ വാഴിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഡെക്കാനില്‍ നിന്ന് കുതിച്ചെത്തിയ ഖുര്‍റം അത് തകര്‍ത്തു. 1627ല്‍ ഭരണാധികാരിയാവുകയും ചെയ്തു. 

ഷാജഹാനില്‍ രാജകുമാരനെന്ന നിലക്കുള്ള ദുസ്വഭാവങ്ങളൊന്നുമുണ്ടായിരുന്നില്ല. ധീരയോദ്ധാവും നീതിമാനും ശാസ്ത്രം, കല, സാഹിത്യം എന്നിവയെ സ്‌നേഹിക്കുന്നയാളുമായിരുന്നു.  പിതാമഹന്റെ 'തൗഹീദേ ഇലാഹി'യെ അദ്ദേഹം തീര്‍ത്തും അവഗണിച്ചിരുന്നു.

നാട്ടില്‍ പൊട്ടിപ്പുറപ്പെട്ട ലഹളകള്‍ അടിച്ചമര്‍ത്തിയ ഷാജഹാന്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് 1632ല്‍ ബംഗാളിനെ മോചിപ്പിക്കുകയും ചെയ്തു. 

1629ല്‍ കാന്തഹാര്‍ പിടിച്ചു. എന്നാല്‍ 1649ല്‍ പേര്‍ഷ്യയിലെ അബ്ബാസ് രണ്ടാമന്‍ തിരിച്ചുപിടിക്കുകയും ചെയ്തു. കാന്തഹാര്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെല്ലാം പിന്നീട് പരാജയപ്പെടുകയായിരുന്നു. 1636ല്‍ അഹ്മദ് നഗര്‍ കീഴടക്കി. ഇത് നിസാം ഷാഹി ഭരണത്തിന് അന്ത്യം കുറിച്ചു. ബീജാപ്പൂര്‍, ഗോല്‍ക്കോണ്ട എന്നീ പ്രദേശങ്ങള്‍ മുഗള്‍ മേല്‍ക്കോയ്മ അംഗീകരിക്കുകയും ചെയ്തു.

ചക്രവര്‍ത്തിയെ തൊഴുത് വണങ്ങുന്ന ആചാരം നിര്‍ത്തലാക്കി. ഹിന്ദു-മുസ്‌ലിം മിശ്രവിവാഹവും നിരോധിച്ചു. അതേസമയം ഇതര മതസ്ഥര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുകയും അവരോട് തികഞ്ഞ സഹിഷ്ണുത കാണിക്കുകയും ചെയ്തു. പ്രധാന ഉദ്യോഗങ്ങളിലും അവരെ നിയമിച്ചു.

ദാരാ, ഷൂജാ, മുറാദ്, ഔറം ഗസീബ് എന്നീ പുത്രന്‍മാരാണ് ഷാജഹാനുണ്ടായിരുന്നത്. ഇവരില്‍ ഔറംഗസീബാണ് സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കി മികവു കാണിച്ചത്. എന്നാല്‍ ദാരായെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത് ഔറംഗസീബിനെ ചൊടിപ്പിച്ചു. മക്കള്‍ക്കിടയില്‍ ഇത് രൂക്ഷമായ സംഘട്ടനത്തിനിടയാക്കി. 1669ല്‍ ഷാജഹാന്‍ മരിക്കും വരെ ഇത് തുടര്‍ന്നു.


 

Feedback