ഡല്‍ഹി കേന്ദ്രമായി 1451ല്‍ ബഹ്‌ലൂല്‍ ലോദി സ്ഥാപിച്ചതാണ് ലോദി ഭരണകൂടം (1451-1526). സയ്യിദ് ഭരണത്തില്‍ നിന്ന് വ്യത്യസ്തമായി ഭദ്രവും വ്യവസ്ഥാപിതവുമായ ഭരണമാണ് ലോദിമാര്‍ കാഴ്ചവെച്ചത്. മുഗള്‍ വംശത്തിന്റെ ആധിപത്യം സ്ഥാപിതമായ 1526വരെ ലോദി ഭരണം നീണ്ടുനിന്നു.
ബഹ്‌ലൂല്‍ ലോദി ലാഹോറില്‍ നിന്നെത്തിയ പഠാണി മുസ്‌ലിമാണ്. നാലു പതിറ്റാണ്ട് ഭരിച്ച ലോദി 1489ല്‍ മരിക്കുകയും പുത്രന്‍ ഇസ്‌കന്ദര്‍ ലോദി ഭരണസാരഥ്യമേറുകയും ചെയ്തു.
ഈ വംശത്തിലെ പുകള്‍പെറ്റ ഭരണാധികാരിയായിരുന്നു ഇസ്‌കന്ദര്‍. ഡല്‍ഹിയുടെ സമീപത്ത് സിക്കന്ദറാബാദ് എന്ന പേരില്‍ ഒരു പട്ടണം പണിത് തലസ്ഥാനം അങ്ങോട്ട് മാറ്റി അദ്ദേഹം. സിക്കന്ദറാബാദാണ് പിന്നീട് 'ആഗ്ര'യായത്.
സാമൂഹിക ക്ഷേമ-ദാരിദ്ര്യ നിര്‍മാര്‍ജന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച സിക്കന്ദര്‍ പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്നു.
1517 മുതല്‍ ഇസ്‌കന്ദറിന്റെ മകന്‍ ഇബ്‌റാഹീം ലോദിയാണ് ഭരണം നയിച്ചത്. അഭ്യന്തര ശൈഥില്യം കൊണ്ട് പൊറുതി മുട്ടുന്നതിനിടെയാണ് 1526ല്‍ ബാബറിന്റെ ആക്രമണം. അതോടെ ലോദി വംശത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു.