ലോകാത്ഭുതങ്ങളുടെ പട്ടികയിലേക്കുള്ള ഇന്ത്യയുടെ സംഭാവനയാണ് താജ്മഹല്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ ശക്തിയും ദൗര്‍ബല്യവുമായിരുന്ന ഭാര്യ മുംതാസ് മഹല്‍, പ്രസവത്തെ തുടര്‍ന്ന് 1630ല്‍ മരിച്ചു. ഷാജഹാന് മരണം വരെയുള്ള വേദനയായി മാറി ഈ വേര്‍പാട്. ആഗ്രയില്‍ യമുനാനദിയുടെ തീരത്ത് വാനിലുയര്‍ന്ന് നില്‍ക്കുന്ന വിസ്മയമായി താജ്മഹല്‍ ഒരുങ്ങിയത് മുംതാസിന്റെ ഓര്‍മയിലാണ്.
ഉസ്താദ് അഹ്മദ് ലാഹോരിയാണ് ഇതിന്റെ എഞ്ചിനിയറിങ്ങ് നിര്‍വഹിച്ചത്. ഡല്‍ഹി ജുമാമസ്ജിദിന്റെയും ചെങ്കോട്ടയുടെയും ആര്‍കിടെക്റ്റും ഇദ്ദേഹം തന്നെ. 1632ല്‍ നിര്‍മാണം തുടങ്ങി. പതിനായിരത്തിലധികം തൊഴിലാളികള്‍ ഏതാണ്ട് 20 കൊല്ലത്തോളം പണിയെടുത്തു. പേര്‍ഷ്യന്‍, തുര്‍ക്കി, ഇന്ത്യന്‍, ഇസ്‌ലാമിക് വസ്തുവിദ്യാ മാതൃകകള്‍ സംഗമിച്ച മുഗള്‍ വാസ്തുവിദ്യയുടെ ഉദാഹരണം കൂടിയാണ് താജ്മഹല്‍. ചൈന, ശ്രീലങ്ക, തിബറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധയിനം കല്ലുകള്‍, രാജസ്ഥാനില്‍ നിന്നുള്ള വെള്ള മാര്‍ബിള്‍, ഇന്ത്യന്‍ സമുദ്രത്തിലെ പവിഴങ്ങള്‍ എന്നിവയാണ് ഈ വെണ്ണക്കല്‍ വിസ്മയത്തിലുള്ളത്.
1983ല്‍ യുനസ്‌കോ ലോക പൈതൃക പട്ടികയില്‍ താജ്മഹലിനെ ഉള്‍പ്പെടുത്തി.