അബ്ദുല്ല മരിക്കുമ്പോള്‍ ആമിനക്കായി ബാക്കിവെച്ചത് അഞ്ച് ഒട്ടകങ്ങളും ഏതാനും ആടുകളും പിന്നെ ഒരു അടിമസ്ത്രീയും മാത്രം. അബവാഇല്‍ വെച്ച് ആമിനയും മരിച്ചപ്പോള്‍ മുഹമ്മദിന് കാവലായത് ഈ എത്യോപ്യന്‍ അടിമസ്ത്രീയാണ്. കുട്ടിയെ അബ്ദുല്‍മുത്വലിബ് ഏറ്റെടുക്കുമ്പോഴും അദ്ദേഹത്തിന്റെ മരണാനന്തരം അബൂത്വാലിബ് സ്വീകരിച്ചപ്പോഴും മുഹമ്മദിന് കാവലായി ഈ സ്ത്രീ ഉണ്ടായിരുന്നു. എത്യോപ്യന്‍ വംശജനായ സഅ്‌ലബയുടെ മകള്‍ ബറക്ക.
ഉറ്റവര്‍ മരിച്ചുപിരിഞ്ഞ് ഓരോ കൈകള്‍ മാറിമാറിപ്പോകുമ്പോഴും ബറക്കയുടെ കൈകളില്‍ തന്നെയായിരുന്നു നബി(സ്വ). ബാല്യത്തില്‍ ചാപല്യങ്ങളില്‍ നിന്നും കൗശലങ്ങളില്‍ നിന്നും മാറിനിന്ന നബിക്ക് ഭക്ഷണം നല്‍കിയിരുന്നത് ഇവരായിരുന്നു. ശൈശവ ബാല്യ-കൗമാരങ്ങളിലെ മാതൃനിര്‍വിശേഷമായ ആ ലാളന ജീവിതത്തില്‍ നബി(സ്വ) മറന്നില്ല. ബറക്കയെ കാണുമ്പോഴെല്ലാം അവരുടെ പുറത്തുതട്ടി ദൂതര്‍ പറയും: 'എന്റെ കടുംബത്തിന്റെ ബാക്കിയാണിവര്‍'.
നബി(സ്വ) ഖദീജയെ വിവാഹം കഴിച്ചപ്പോള്‍ ബറക്കയെ സ്വതന്ത്രയാക്കി. ഇതോടൊപ്പം തന്നെയാണ് സൈദുബ്‌നുല്‍ ഹാരിസ(റ)യെ ഖദീജ നബിക്ക് നല്‍കിയതും. തുടര്‍ന്ന് ബറക്കയെ ഉബൈദുബ്‌നു സൈദ് എന്നയാള്‍ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ ഒരു കുട്ടി ജനിച്ചു-അയ്മന്‍. പിന്നീട് ഈ കുട്ടിയിലേക്ക് ചേര്‍ത്തിയാണ് ബറക്ക ചരിത്രത്തില്‍ അറിയപ്പെട്ടത്-ഉമ്മു അയ്മന്‍.
താന്‍ വളര്‍ത്തിക്കൊണ്ടുവന്ന മുഹമ്മദ് പ്രവാചകനായി വന്നപ്പോള്‍ ഉമ്മു അയ്മന്‍ താമസംവിനാ വിശ്വസിച്ചു. ഭര്‍ത്താവ് ഉബൈദ് എതിര്‍ത്തെങ്കിലും ആ ബന്ധം ഉപേക്ഷിച്ചായിരുന്നു ഉമ്മു അയ്മന്റെ വിശ്വാസ പ്രഖ്യാപനം. അതിനുശേഷമാണ് തന്റെ വളര്‍ത്തുമകനായ സൈദിന് നബി(സ്വ) അവരെ വിവാഹം കഴിച്ചുനല്‍കിയത്. ഈ ബന്ധത്തില്‍ പിറന്ന മകനാണ് ഉസാമ. നബി(സ്വ)യുടെ ലാളനയിലും വാല്‍സല്യത്തണലിലും പിച്ചവെച്ച് ഇസ്്‌ലാമിക ചരിത്രത്തിലെ ധീരനായി മാറിയ ഉസാമതുബ്‌നു സൈദ്(റ).
താമസം മാറിയെങ്കിലും ഇടയ്ക്കിട വിവരങ്ങളറിയാന്‍ ഉമ്മു അയ്മന്‍ നബി(സ്വ)യുടെ വീട്ടില്‍ വന്നിരുന്നു. ഹിജ്‌റക്കൊരുങ്ങിയപ്പോള്‍ ഒട്ടകത്തെ ആവശ്യപ്പെട്ട് അവര്‍ നബി(സ്വ)യുടെ മുമ്പിലെത്തി. നബി നല്‍കുകയും ചെയ്തു. അവരെ സ്വര്‍ഗസ്ത്രീയായാണ് നബി(സ്വ) വിശേഷിപ്പിച്ചിരുന്നത്. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: 'സ്വര്‍ഗത്തിലെ മഹിളയെ ആരെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഉമ്മുഅയ്മനെ വിവാഹം ചെയ്യട്ടെ'. ഇത് കേട്ടാണ് സൈദ്(റ) ഇവരെ ഭാര്യയാക്കിയത്.
ഉമ്മു അയ്മന്‍(റ) സേവനരംഗത്ത്
തിരുനബിയും ഭര്‍ത്താവും മക്കളും യുദ്ധക്കളത്തിലേക്ക് പോകുമ്പോള്‍ വീട്ടിലിരുന്നില്ല ഉമ്മു അയ്മന്‍(റ). അവരും പോകും. ഉഹ്ദിലും ഖൈബറിലും ഹുനയ്‌നിലും അവര്‍ പങ്കെടുത്തു. പോരാളികള്‍ക്ക് വെള്ളം നല്‍കിയും മുറിവേറ്റവരെ പരിചരിച്ചും സേനാനികള്‍ക്ക് ആവേശം പകര്‍ന്നും അവര്‍ ജിഹാദില്‍ പങ്കെടുത്തു.
ഭര്‍ത്താവ് സൈദ്(റ) മുഅ്ത യുദ്ധത്തിലെ നായനകനായിരിക്കെ മരിച്ചു. മൂത്ത മകന്‍ അയ്മന്‍(റ) ഹുനയ്ന്‍ യുദ്ധത്തില്‍ ശഹീദായി. നബി(സ്വ) തന്റെ അവസാനകാലത്ത് സിറിയയിലേക്ക് സൈന്യത്തെ നിയോഗിച്ചിരുന്നു. ഉമര്‍(റ)വിനെപ്പോലുള്ള മുതിര്‍ന്ന നിരവധി സ്വഹാബിമാരുള്‍ക്കൊണ്ടിരുന്ന സൈന്യത്തിന്റെ നായകനാക്കിയത് കൗമാരം വിടാത്ത ഉസാമ(റ)വിനെയായിരുന്നു. ഇത് ഉമ്മുഅയ്മനെ സന്തോഷവതിയാക്കി.
നബി(സ്വ) രോഗിയായി കിടന്നപ്പോള്‍ പരിചരിക്കാന്‍ അവര്‍ ഇടയ്ക്കിടെ വന്നു. ദൂതരുടെ മരണവിവരമറിഞ്ഞ് അവര്‍ പൊട്ടിക്കരയുകയുണ്ടായി.
ഖലീഫമാരായ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ തിരുദൂതരുടെ പോറ്റുമ്മയെ അങ്ങേയറ്റം ആദരിച്ചു. ഉസ്മാന്‍(റ)ന്റെ കാലത്താണ് വയോവൃദ്ധയായ ഉമ്മു അയ്മന്‍(റ) യാത്രയാവുന്നത്.