Skip to main content

പ്രവാചകന്മാരും പരീക്ഷണങ്ങളും

അല്ലാഹുവിന്റെ ദൂതന്മാരായ പ്രവാചകന്മാര്‍ ഐഹിക ജീവിതത്തില്‍ പല നിലക്കുള്ള പരീക്ഷണങ്ങള്‍ക്കും വിധേയരായവരായിരുന്നു. അല്ലാഹുവിലുള്ള ദൃഢവിശ്വാസത്താല്‍ അവനില്‍ സര്‍വ്വവും ഭരമേല്‍പ്പിക്കുകയും ക്ഷമാപൂര്‍വ്വം പ്രതിസന്ധികളെ തരണംചെയ്ത് ദൈവ പ്രീതി പ്രതീക്ഷിച്ച് ജീവിച്ചവരുമായിരുന്നു അവര്‍. ഭൗതിക സമൃദ്ധിയില്‍ വിരാജിച്ചവരായിരുന്നില്ല അവരാരും. രോഗങ്ങളും ക്ലേശങ്ങളും ബഹിഷ്‌കരണങ്ങളും പീഡനങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും ഒന്നും അവരെ തളര്‍ത്തിയില്ല. ദൈവിക പരീക്ഷണം എന്ന നിലക്ക് ക്ഷമാപൂര്‍വ്വം അവയെ നേരിട്ട് ദൗത്യനിര്‍വ്വഹണം നടത്തുകയും മാതൃകയായി ജീവിക്കുകയും ചെയ്തു. ദൈവദൂതന്മാരെ വധിക്കാനുള്ള ശ്രമങ്ങള്‍ പോലും ഉണ്ടായതായി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ''നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും ചില ദൂതന്മാരെ നിങ്ങള്‍ തള്ളിക്കളയുകയും മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ? (2:87).

ഒരു സഹസ്രാബ്ദത്തോളം നീണ്ട പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ച നൂഹ് നബി(അ)ക്ക് അംഗുലീപരിമിതമായവര്‍ മാത്രമേ വിശ്വാസികളായി കൂടെയുണ്ടായിരുന്നുള്ളൂ.  സ്വന്തം മകന്‍ പോലും വിശ്വാസത്തിന്റെ വഴിയില്‍ പിതാവിനോട് കൂടെ നിന്നില്ല. ഭാര്യയും ആദര്‍ശത്തില്‍ അദ്ദേഹത്തിന്റെ എതിര്‍ ചേരിയിലായിരുന്നു. പ്രബോധന രംഗത്ത് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായിവന്നപ്പോള്‍ നൂഹ് നബി(അ) അവയെല്ലാം ദൈവിക പരീക്ഷണം എന്ന നിലക്ക് ക്ഷമ കൈകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. പ്രതീക്ഷ കൈവിടാതെ തന്റെ ദൗത്യം നിര്‍വ്വഹിക്കുകയും ചെയ്തു. വിഗ്രഹവില്പനക്കാരന്റെ മകനായി ജനിച്ച ഇബ്‌റാഹീം(അ) നബിക്ക് തൗഹീദ് പ്രബോധനത്തിന് കടുത്ത വെല്ലുവിളികള്‍ സ്വന്തം നാട്ടില്‍നിന്നും വീട്ടുകാരില്‍നിന്നും നേരിടേണ്ടിവന്നു. 

വിഗ്രഹാരാധനയുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തി ധൈഷണികമായി സംവദിച്ചുകൊണ്ട് തൗഹീദിനെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇറാഖ് ഭരിച്ചിരുന്ന സ്വേഛാധിപതിയും ധിക്കാരിയുമായ നംറൂദ്, ഇബ്‌റാഹീമിനെ അഗ്നികുണ്ഡത്തിലെറിയാന്‍ കല്പനകൊടുത്തു. അങ്ങനെ ആദര്‍ശ പ്രചാരണത്തിന്റെ വഴിയില്‍ സാക്ഷാല്‍ അഗ്നിപരീക്ഷണങ്ങള്‍ക്ക് വിധേയനായ  അദ്ദേഹം എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു. അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇബ്‌റാഹീം(അ) നബിയുടെ ഭാര്യ വന്ധ്യയായ സാറയായിരുന്നു. സന്താന സൗഭാഗ്യമില്ലാതെ വിഷമിച്ച ഇബ്‌റാഹീം(അ) ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം അടിമ സ്ത്രീയായ  ഹാജറിനെ വിവാഹം ചെയ്തു. ഹാജറില്‍ ഇസ്മാഈല്‍ എന്ന സന്താനം ജനിച്ചു. പരീക്ഷണങ്ങള്‍ക്ക് മേല്‍ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന ആ പ്രവാചകനോട് ആ അരുമ സന്താനത്തെ ദൈവിക മാര്‍ഗത്തില്‍ ബലിനല്‍കാന്‍ അല്ലാഹു കല്പിച്ചു. ദൈവിക കല്പന ശിരസാവഹിക്കാന്‍ തയ്യാറായ ഇബ്‌റാഹീം(അ) ആ പരീക്ഷണത്തില്‍ വിജയിച്ചു. മറ്റൊരു ബലി മൃഗത്തെ പകരം നല്‍കി അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി. 

സമ്പന്നനും സ്വാതികനുമായിരുന്ന അയ്യൂബ് നബിക്ക് സമ്പത്ത് നഷ്ടമാവുകയും രോഗങ്ങള്‍ കഠിനമാവുകയും ചെയ്തപ്പോള്‍ ബന്ധുജനങ്ങള്‍ പോലും അദ്ദേഹത്തില്‍നിന്നകന്നു. പരിചരിക്കാന്‍ ഭാര്യ മാത്രം ഉണ്ടായിരുന്ന വിഷമഘട്ടത്തില്‍ അദ്ദേഹം മനസ്സ് പതറാതെ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു(21:83,84) 

സ്വന്തം ജ്യേഷ്ഠസഹോദരങ്ങളുടെ കുതന്ത്രത്തില്‍പ്പെട്ട് പൊട്ടകിണറ്റില്‍ എറിയപ്പെട്ട യൂസുഫ് നബി(അ) അവിടെനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഈജിപ്തിലെ മന്ത്രിപദവിയിലെത്തുന്നതിന് മുമ്പ് വര്‍ഷങ്ങളോളം ജയില്‍ വാസം അനുഭവിക്കേണ്ടതായിവന്നു. (12:33-44) മകനെ നഷ്ടപ്പെട്ട് ദു:ഖത്തില്‍ കഴിയുന്ന പിതാവ് യഅ്ഖൂബ് നബി(അ)ക്ക് കരഞ്ഞ് കരഞ്ഞ് കണ്ണിന്റെ കാഴ്ചപോലും മങ്ങിയ അവസ്ഥയുണ്ടായിത്തീര്‍ന്നു. ഈ വിഷമഘട്ടത്തില്‍ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും അവനോട് സഹായം തേടുകയുമാണ് അദ്ദേഹവും ചെയ്തത്. 

വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമധികം സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമായ മുസാ നബിയുടെ ജീവിതം മുഴുക്കെ പരീക്ഷണങ്ങളായിരുന്നു. ധിക്കാരത്തിന്റെയും ക്രൂരതയുടെയും ആള്‍രൂപമായിരുന്ന ഫറോവ ചക്രവര്‍ത്തി, മൂസാ നബിയുടേയും ഹാറൂന്‍ നബിയുടെയും പ്രബോധന വഴിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഭീഷണികളും വെല്ലുവിളികളും മുഴക്കി. മൂസാനബി(അ) ക്ഷമാപൂര്‍വ്വം പ്രബോധന പ്രവര്‍ത്തനം നടത്തുകയും സൗമ്യശൈലി ഉപയോഗപ്പെടുത്തുകയും ചെയ്തു. അല്ലാഹുവിന്റെ അപാരമായ സഹായം വഴി സത്യത്തിന് ആത്യന്തിക വിജയവും ഉണ്ടായി. 

കുഞ്ഞില്ലാത്ത സങ്കടത്തിലായിരുന്നു സകരിയ്യാ നബി(അ). വാര്‍ദ്ധക്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍  പോലും സന്താന സൗഭാഗ്യമുണ്ടാവാന്‍ അല്ലാഹുവോട് സകരിയ്യാ നബി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി യഹ്‌യാ എന്ന കുട്ടി പിറന്നു. യഹ്‌യാ ചെറുപ്പത്തിലേ ദിവ്യബോധനം നല്‍കപ്പെട്ട പ്രവാചകനായി.

അനാഥനായി ജനിച്ച മുഹമ്മദ് നബി(സ)ക്ക് ദാരിദ്ര്യത്തിന്റെ പ്രയാസങ്ങളും ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. ആടു മേയ്ക്കുന്ന ജോലിയില്‍ കുട്ടിക്കാലത്ത് മുഹമ്മദ് നബി(സ) വ്യാപൃതനായി. നുബുവ്വത്ത് ലഭിച്ചപ്പോള്‍ സ്വന്തക്കാര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി.  യുദ്ധത്തില്‍ നബിക്ക് പരിക്കേറ്റു. സ്വദേശമായ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ ജീവിക്കേണ്ടതായ സാഹചര്യം ഉണ്ടായപ്പോഴും സദ്ഗുണങ്ങളുടെ ഉദാത്തമാതൃക കാഴ്ചവെക്കാന്‍ നബി(സ)ക്ക് സാധിച്ചു. ദൃഢവിശ്വാസത്താല്‍ അല്ലാഹുവിന്റെ സഹായവും വിജയവും നേടിയെടുക്കാനാവുമെന്ന് അദ്ദേഹം സത്യവിശ്വാസികള്‍ക്ക് സ്വജീവിതത്തിലൂടെ കാണിച്ചുതന്നു. അസന്തുഷ്ടിയുടെയോ അക്ഷമയുടെയോ ഒരു വാക്കുപോലും മൊഴിയാതെ അല്ലാഹുവിന്ന് ഏറ്റവും നന്ദിയുള്ള അടിമയായി എങ്ങനെ ജീവിക്കാമെന്ന് ലോകരെ പഠിപ്പിച്ചു. 

പ്രവാചകന്മാരഖിലവും അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയരായി എന്ന് മാത്രമല്ല, ജനങ്ങളില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയരായി ജീവിച്ചവരും മാതൃകാ ധന്യമായ ജീവിതം കാഴ്ചവെച്ചവരും അവര്‍ തന്നെയായിരുന്നു.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446