''ഉമ്മാ അല്ലാഹു നിങ്ങള്‍ക്ക് കാരുണ്യം ചൊരിയട്ടെ, എന്റെ ഉമ്മയുടെ മരണശേഷമുള്ള എന്റെ ഉമ്മയായിരുന്നു നിങ്ങള്‍. ഞാന്‍ വിശന്നു കരഞ്ഞപ്പോള്‍ നിങ്ങളെന്റെ വയറു നിറച്ചു. ഞാന്‍ നഗ്നനായപ്പോള്‍ നിങ്ങളെന്നെ വസ്ത്രമുടുപ്പിച്ചു. എന്നെ അന്നമൂട്ടുന്നതില്‍ നിങ്ങള്‍ നിങ്ങളെപ്പോലും മറന്നു. എല്ലാം അല്ലാഹുവിനെയും അന്ത്യനാളിനെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു''.
ഫാത്വിമയുടെ മയ്യിത്തിന്റെ തലഭാഗത്തിരുന്നുകൊണ്ട് നിറമിഴികളോടെ തിരുനബി പറഞ്ഞു. പിന്നീട് അവിടുന്ന് മയ്യിത്ത് കുളിപ്പിക്കാനും കഫന്‍ ചെയ്യാനും ആളെ ഏര്‍പ്പാടാക്കി. ഉസാമ(റ)യോട് ഖബ്ര്‍ ഒരുക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ദൂതര്‍ തന്നെ മയ്യിത്ത് ഖബ്‌റില്‍ കിടത്തി. എന്നിട്ട് പ്രാര്‍ഥിച്ചു. (അനസ്ബുബ്‌നു മാലിക് ഉദ്ധരിച്ച ഹദീസ്).
ഖുറൈശ് ഗോത്രത്തിലെ, ഹാശിം കുടുംബത്തിലെ അസദിന്റെ മകള്‍ ഫാത്വിമ. അബൂത്വാലിബിന്റെ ഭാര്യയും അലി(റ)യുടെ ഉമ്മയുമായ ഫാത്വിമ. അവരായിരുന്നു തിരുനബിയുടെ വളര്‍ത്തുമ്മ. ഉമ്മ ആമിനയും പിതാമഹന്‍ അബ്ദുല്‍ മുത്തലിബും മരിച്ചപ്പോള്‍ എട്ടുവയസ്സുകാരനായ മുഹമ്മദിനെ സ്വന്തം കുഞ്ഞിനെപ്പോലെ ഓമനിച്ചു വളര്‍ത്തിയ മഹതി. അവരുടെ മരണം ദൂതരെ വല്ലാതെ ദു:ഖിപ്പിച്ചു.
ഇരുപത്തിയഞ്ചാം വയസ്സില്‍ ഖദീജ(റ)യെ വിവാഹം ചെയ്യുന്നതുവരെയും നബിയുടെ കാര്യ ങ്ങളെല്ലാം നോക്കിയിരുന്നത് അബൂത്വാലിബൂം ഫാത്വിമയും തന്നെയായിരുന്നു. അബൂത്വാലിബിന് വേറെയും മക്കളുണ്ടായിരുന്നു. ദരിദ്രനുമായിരുന്നു അദ്ദേഹം. എങ്കിലും സഹോദര പുത്രനായ നബിയെ പട്ടിണിയെന്താണെന്ന് അറിയിക്കാതെ ഇരുവരും വളര്‍ത്തി.
നാല്‍പ്പതാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചപ്പോള്‍ കുടുംബം തള്ളിപ്പറഞ്ഞെങ്കിലും അബൂ ത്വാലിബും ഫാത്വിമയും ചേര്‍ത്തു തന്നെ പിടിച്ചു. അബൂത്വാലിബ് വിശ്വസിക്കാതെ അനുഭാവം പ്രകടിപ്പിച്ചു. എന്നാല്‍ ഫാത്വിമ നബി(സ്വ)യില്‍ വിശ്വസിച്ചു. ആദ്യകാല വിശ്വാസികളില്‍ പ്രധാനിയായിരുന്നു ഫാത്വിമ(റ).
ദാരിദ്ര്യം കാരണം പ്രയാസം നേരിട്ടിരുന്ന അബൂത്വാലിബിന്റെയും ഫാത്വിമയുടെയും കുടുംബത്തെ പിന്നീട് തിരുനബി തിരിച്ചും സഹായിച്ചു. അവരുടെ മകന്‍ അലി(റ)യെ ഏറ്റെടുത്തുകൊണ്ട് ഫാത്വിമ, തന്നെ വളര്‍ത്തിയപോലെ അവരുടെ മകന്‍ അലി(റ)യെ നബി(സ്വ)യും വളര്‍ത്തി.
ഫാത്തിമ(റ) ഹിജ്‌റയിലും പങ്കെടുത്തു. നബി(സ്വ)യുടെ മകള്‍ ഫാത്വിമ(റ) അലി(റ)യുടെ വധുവായി തന്റെ അടുക്കലെത്തിയപ്പോള്‍ അവളെ സ്‌നേഹത്തോടെ സ്വീകരിച്ചു ഫാത്വിമ(റ). ഫാത്വിമ(റ)യുടെ മരണ ശേഷവും നബി(സ്വ) അവരെ നന്ദിയോടെ സ്മരിച്ചിരുന്നു.