രാജ്യാധികാരം പൂര്‍ണമായും അമീറുല്‍ ഉമറാഅ് അഥവാ സൈനിക ജനറലിന്റെ കൈകളിലായ കാലമാണ് പിന്നീട് അബ്ബാസീ ഖിലാഫത്തിനുണ്ടായത്. അതിന്റെ ആരംഭം അല്‍ മുസ്തക്ഫിയുടെ അധികാരാരോഹണത്തോടെയാണ്.
അല്‍ മുസ്തഫീയുടെ മകനാണ് അല്‍ മുസ്തക്ഫീ. അബുല്‍ഖാസിം അബ്ദുല്ലയെന്ന് യഥാര്‍ഥ നാമം. ക്രി. 944ലാണ്(ഹി. 333) ഭരണത്തിലെത്തിയത്.
ശേര്‍സാദ് ആയിരുന്നു ഇക്കാലത്തെ സൈനിക മേധാവി. വാസിത്വയിലും സിറിയയിലും ഭരണാധികാരികള്‍ക്കിടയില്‍ കിടമത്സരങ്ങള്‍ അരങ്ങേറി. ബുവയ്ഹി സുല്‍ത്താന്‍ 324ല്‍ ബഗ്ദാദ് ആക്രമിക്കാനെത്തി. ഖലീഫ പക്ഷേ ഈ സൈന്യത്തെ നേരിടുന്നതിന് പകരം സുല്‍ത്താന്‍ അഹ്്മദുബ്‌നുഹസന് സമ്മാനങ്ങള്‍ നല്‍കി പ്രീണിപ്പിച്ച് പിന്തിരിപ്പിക്കുക യായിരുന്നു. മുഇസ്സുദ്ദൗല എന്ന പേരു നല്‍കി അഹ്്മദിനെ പട്ടാളമേധാവിയാക്കുകയും ചെയ്തു.
ഇത് പിന്നീട് മുസ്തക്ഫിക്ക് തന്നെ വിനയായി. മുഇസ്സുദ്ദൗല അധികാരം കവര്‍ന്നെടുത്തു. മുസ്തക്ഫി വെറും ഖലീഫ മാത്രമായി. ഒടുവില്‍ സ്ഥാനഭ്രഷ്ടനാവുകയും ചെയ്തു. ക്രി. 945 (ഹി. 334)ല്‍.