Skip to main content

ത്വുലൂനി ഭരണകൂടം

അബ്ബാസി ഭരണത്തിന്റെ മധ്യഘട്ടത്തില്‍ ചില പ്രവിശ്യകളില്‍ സ്വതന്ത്ര ഭരണകൂടങ്ങള്‍ നിലവില്‍ വന്നിരുന്നു. അബ്ബാസി ഗവര്‍ണര്‍മാര്‍ തങ്ങളുടെ പ്രവിശ്യകളെ സ്വതന്ത്രമായി പ്രഖ്യാപിച്ചതിലൂടെയാണ് ഇത്തരം ഭരണകൂടങ്ങള്‍ ഉണ്ടായത്. ഇതില്‍ ഏറ്റവും ശക്തമായ ഭരണകൂടമായിരുന്നു ക്രി. 868 (ഹി. 254) ല്‍ ഈജിപ്തില്‍ അഹ്മദുബ്‌നു ത്വുലൂന്‍ സ്ഥാപിച്ച ത്വുലൂനി ഭരണകൂടം(ക്രി. 868-905).

അല്‍ മുഅ്തസ്സുബില്ലാഹ് ഖലീഫയായിരിക്കെയാണ് അഹ്്മദുബ്‌നു ത്വുലൂനെ ഈജിപ്തിലെ ഗവര്‍ണറായി നിയമിച്ചത്. തുര്‍ക്കി അടിമയും സൈനികമുമായ അഹ്മദ് മികച്ച ഭരണാധികാരിയായിരുന്നു. നാലുവര്‍ഷം ഗവര്‍ണറായി നിന്ന ശേഷമാണ് ഈജിപ്തിലെ സ്വതന്ത്ര പ്രവിശ്യയായി പ്രഖ്യാപിച്ചത്.

മാതൃകാ ഭരണംകാഴ്ചവെച്ച അദ്ദേഹം സ്വന്തമായി സൈന്യത്തെ രൂപീകരിച്ചു. നികുതി സമ്പ്രദായം പരിഷ്‌കരിച്ചു. ജലവിതരണവും കാര്യക്ഷമമാക്കി. സാമ്പത്തിക രംഗവും പരിഷ്‌കരിച്ചു. സ്വന്തമായി നാണയങ്ങള്‍ അടിച്ചിറക്കി. പഴയ തലസ്ഥാന നഗരിക്ക് സമീപം പുതിയ നഗരമായ 'അല്‍ ഖത്വാഇ' നിര്‍മിച്ച് അതിനെ തലസ്ഥാനമാക്കി. ചുരുങ്ങിയ കാലം കൊണ്ട് മാതൃക ഭരണകൂടമായിമാറി ത്വലൂനികളുടേത്. വൈകാതെ സിറിയയും ഇതിലേക്ക് ചേര്‍ക്കപ്പെട്ടു.

ക്രി. 835ല്‍ ജനിച്ച ഇബ്‌നുത്വുലൂന്‍ 16 വര്‍ഷത്തെ ഭരണത്തിനുശേഷം ക്രി. 884ല്‍ മരിച്ചു. മകന്‍ ഖുമാറവൈഹിയാണ് പിന്നീട് ഭരണമേറ്റത്. 20-ാം വയസ്സില്‍ ഭരണം കയ്യാളിയ ഖുമാറവൈഹി പിതാവിനെപ്പോലെ കഴിവുള്ളവനായിരുന്നില്ല. എന്നാലും 12 വര്‍ഷം ഈജിപ്ത് ഭരിച്ചു. ക്രി. 896ല്‍ കൊട്ടാര സേവകനാല്‍ കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം. ത്വുലൂനി ഭരണത്തിന്റെ നാശവും ഇതോടെ തുടങ്ങിയിരുന്നു.

ജൈഷുബ്‌നു ഖുമാറവൈഹിയാണ് അനന്തരാവകാശിയായത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം ജയ്ശിനെ സ്ഥാനഭ്രഷ്ടനാക്കി സഹോദരന്‍ ഹാറൂനുബ്‌നു ഖുമാറവൈഹി അധികാരത്തിലെത്തി. ഹാറൂന്‍ പക്ഷേ, ആഢംബര പ്രിയനായിരുന്നു. ഭരണകാര്യങ്ങള്‍ മന്ത്രി അബൂജഅ്ഫറിനെ ഏല്‍പ്പിച്ച് അദ്ദേഹം ആഢംബര ജീവിതം നയിച്ചു.

മന്ത്രി ഭരണത്തില്‍ ഈജിപ്ത് സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധികളിലകപ്പെട്ടു. ക്രി. 904ല്‍ സിറിയ അബ്ബാസി ഖലീഫ തിരിച്ചു പിടിക്കുകയുമുണ്ടായി. ഇതേ വര്‍ഷം തന്നെ ഹാറൂന്‍ സൈന്യത്താല്‍ വധിക്കപ്പെട്ടു. എട്ടു വര്‍ഷമായിരുന്നു ഭരണകാലം.

ത്വുലൂനി ഭരണത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഭരണാധിപനായി, ത്വലൂനി ഭരണ സ്ഥാപകന്‍ അഹ്്മദുബ്‌നു ത്വുലൂന്റെ മകന്‍ ശൈബാനാണ് സ്ഥാനമേറ്റത്. ഏതാനും മാസങ്ങള്‍ മാത്രമേ ഇദ്ദേഹത്തിന് ഭരിക്കാനായുള്ളൂ. ക്രി. 905 ജനുവരി 10ന് അബ്ബാസി സൈന്യനായകന്‍ മുഹമ്മദുബ്‌നുസുലൈമാന്‍ ഈജിപ്തിനെ തിരിച്ചുപിടിച്ചു. ഇതോടെ ത്വുലൂനി ഭരണത്തിന് അന്ത്യമാവുകയും ചെയ്തു.


 

Feedback