1947 ഏപ്രില്‍ 12ന് കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്നു. പ്രസിഡണ്ട് കെ എം മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന ആ പണ്ഡിത ചര്‍ച്ച പ്രധാനമായും ഒരു പുതിയ സംഘടനയെ കുറിച്ചായിരുന്നു. പണ്ഡിതനും സാധാരണക്കാരനും പണക്കാരനുമൊക്കെ ഉള്‍പ്പെടുന്ന, ഖുര്‍ആനും സുന്നത്തും പ്രബോധനം ചെയ്യാന്‍ മുന്നോട്ടു വരുന്ന ഒരു ബഹുജന സംഘടനയെക്കുറിച്ച്. തീരുമാനം മിനുട്‌സ് രേഖയില്‍ ഇങ്ങനെ കുറിക്കപ്പെട്ടു.
'ഖുര്‍ആനും ഹദീസുമനുസരിച്ച് ജീവിക്കുക എന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശം സ്വീകരിക്കുകയും അത് പ്രചരിപ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന ഉലമാക്കളും അല്ലാത്തവരുമായ എല്ലാവര്‍ക്കും സംഘടിക്കാവുന്ന ഒരു അഖില കേരള സംഘടന ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ യോഗം അഭിപ്രായപ്പെടുകയും അതിന് വ്യക്തമായ മാര്‍ഗങ്ങളില്‍ കൂടി പരിശ്രമിച്ച് കഴിയുന്ന വേഗത്തില്‍ അങ്ങനെയുള്ള ഒരു സംഘടന രൂപീകരിക്കാന്‍ ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നു''.
കോഴിക്കോട്ടെ അല്‍മനാര്‍ ഓഫീസില്‍ 1950 ഏപ്രില്‍ 20ന് 24 പേര്‍ യോഗം ചേര്‍ന്ന് അവര്‍ തീരുമാനം നടപ്പാക്കി. വന്നവരെല്ലാം അംഗത്വം സ്വീകരിച്ചു. കെ എം മൗലവി പ്രസിഡണ്ടും, എന്‍ വി അബ്ദുസ്സലാം മൗലവി (അരീക്കോട്) ജനറല്‍ സെക്രട്ടറിയുമായി 13 അംഗ കമ്മിറ്റി നിലവില്‍ വന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ അവിടെ പിറവി കൊള്ളുകയായിരുന്നു.
നൂറ്റാണ്ടിനപ്പുറം വെളിയങ്കോട് ഉമര്‍ ഖാദിയും മമ്പുറം തങ്ങളും കൊളുത്തി വെച്ച നവോത്ഥാന ശിഖ, ഹമദാനി തങ്ങളും മക്തി തങ്ങളും ഊതിക്കത്തിച്ച തിരിനാളം, വക്കം മൗലവി കൈമാറിയ കൈത്തിരി ഐക്യസംഘത്തിലൂടെ കേരള ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുത്തു. അതാണ് കേരള നദ്‌വത്തുല്‍ മുജാഹിദീനിലൂടെ കേരളക്കരയില്‍ ആരംഭിച്ചത്.
എല്ലാം പ്രഥമം
കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്പിന്റെ സന്ദേശവുമായി നവോത്ഥാന നേതാക്കള്‍ രംഗത്തു വന്നപ്പോള്‍ അവര്‍ വെച്ച ഓരോ ചുവടും ഒരോ വിപ്ലവമായിരുന്നു. നവോത്ഥാനത്തിന് സംഘടിത രൂപം കൈവന്നത് 1922 ലെ ഐക്യസംഘം രൂപീകരണത്തോടെയാണ്. കേരളാടിസ്ഥാനത്തില്‍ ഒരു സംഘടിത മുന്നേറ്റം കേരള ചരിത്രത്തില്‍ ഇദം പ്രഥമമായിരുന്നു. 1924 ല്‍ കേരളത്തിലെ പ്രഥമ പണ്ഡിത സംഘടന, കേരള ജംഇയ്യത്തുല്‍ ഉലമ ഉണ്ടായി. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു മതകീയ കൂട്ടായ്മ 1950 ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനിലൂടെയായിരുന്നു ആരംഭം കുറിച്ചത്. കെ.എന്‍.എമ്മിന്റെ കീഴ്ഘടകമായി 1967 ല്‍ ഐ.എസ്.എം രൂപീകരിക്കുമ്പോള്‍ കേരളത്തില്‍ മത രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു യുവജന സംഘടന ഇല്ലായിരുന്നു.
ഇന്ന് കേരളത്തില്‍ നിരവധി മത സംഘടനകള്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്. അവയ്‌ക്കെല്ലാം യുവജന-വിദ്യാര്‍ഥി-വനിതാ സംഘടനകള്‍ ഉണ്ടുതാനും.