ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും ഇന്ത്യയിലൂടെയും നടത്തിയ യാത്രകളിലൂടെയാണ് അബ്ദുറസാക്ക് സമര്‍ഖന്ദി പ്രശസ്തനാവുന്നത്. യാത്രികന്‍ എന്നതിലുപരി നല്ലൊരു ചരിത്രകാരനും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു സമര്‍ഖന്ദി. പേര്‍ഷ്യയുടെ തിമൂറിസ് രാജ്യവംശത്തിലെ ഭരണാധികാരിയായിരുന്ന ശാറൂഖിന്റെ അംബാസഡര്‍ ആയിരുന്നു. ഈ ബന്ധം അദ്ദേഹത്തിന്റെ യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കി.
1440കളുടെ തുടക്കത്തില്‍ തന്നെ ഇദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചു. അന്ന് കോഴിക്കോട്ട് കണ്ട കാഴ്ചകളെ കുറിച്ചും സംസ്‌കാര സമ്പന്നതയെ കുറിച്ചും കോഴിക്കോടിന്റെ സാമൂഹ്യസ്ഥിതികളെ കുറിച്ചും അദ്ദേഹം മനോഹരമായി എഴുതി, മൂല്യവത്തായ വിവരങ്ങള്‍ നല്‍കി.
എ.ഡി 1413 നവംബര്‍ ഏഴിന് അഫ്ഗാനിസ്താനിലെ ഹെറാത്തിലാണ് കമാലുദ്ദീന്‍ അബ്ദുറസാഖ് ബിന്‍ ഇസ്ഹാഖ് സമര്‍ഖന്ദി ജനിച്ചത്. പിതാവ് ജലാലുദീന്‍ ഇസ്ഹാഖ് ഹെറാത്തിലെ കോടതിയില്‍ ജഡ്ജിയും ഇമാമുമായിരുന്നു. മതപരമായ വിഷയങ്ങളില്‍ ആഴത്തില്‍ അവഗാഹം നേടിയ അബ്ദുറസാഖ് സമര്‍ഖന്ദി പിതാവിന്റെ മരണശേഷം 1437ല്‍ ശാറൂഖിന്റെ കോടതിയില്‍ ജഡ്ജിയായി നിയമിതനായി. പിന്നീട് പലസ്ഥാനങ്ങളും ശാറൂഖിന്റെ കീഴില്‍ അദ്ദേഹം വഹിച്ചു.
1442 മുതല്‍ 1445 വരെ അദ്ദേഹം പേര്‍ഷ്യയുടെ കോഴിക്കോട് അംബാസഡര്‍ ആയിരുന്നു. അബ്ദുറസാഖ് സമര്‍ഖന്ദിയുടെ 450 പേരുളള മത്വ്‌ലഉസ്സഅദൈന്‍ വ മജമഉല്‍ ബഹ്‌റൈന്‍ എന്ന പുസ്തകത്തില്‍ 45 പേജ് തന്റെ ഇന്ത്യാദൗത്യം എഴുതാന്‍ വേണ്ടി മാറ്റിവച്ചു. ചരിത്രപരവും ഇതിഹാസതുല്യവുമായ കുറിപ്പുകളും ലേഖനങ്ങളും ഉള്‍ക്കൊളളുന്ന ആ മഹാഗ്രന്ഥം 1304 മുതല്‍ 1470 വരെയുളള ചരിത്രം വിശദമായും സത്യസന്ധമായും സംസാരിക്കുന്നു.
ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നിടത്തെ സാമൂതിരിയുടെ ഭരണത്തിനു കീഴിലുളള കോഴിക്കോടന്‍ ജീവിതത്തെക്കുറിച്ചും പുരാതന ഇന്ത്യന്‍ നഗരമായ ഹംപിയെ കുറിച്ചും ഹംപിയിലെ ജനങ്ങളുടെ ആഡംബരപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ചും അദ്ദേഹം കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം പതിനഞ്ചാം നൂറ്റാണ്ടില്‍ കപ്പല്‍ മാര്‍ഗമുളള ഇന്ത്യയിലെ വാണിജ്യ സമ്പ്രദായത്തെക്കുറിച്ചും അബ്ദുറസാഖ് സമര്‍ഖന്ദി വിശദമായി പ്രതിപാദിക്കുന്നു.
തിമൂറീസ് ഭരണകൂടത്തിന്റെ നയതന്ത്ര മുഖമുദ്രയായിരുന്ന യാത്രികനും എഴുത്തുകാരനും ചരിത്രകാരനുമായിരുന്ന അബ്ദുറസാഖ് സമര്‍ഖന്ദി ചൈനയിലെ മിങ് രാജവംശവുമായുളള ശാറൂഖിന്റെ നയതന്ത്രബന്ധത്തെക്കുറിച്ച് ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്.