Skip to main content

ഉര്‍വതുബ്‌നു സുബൈര്‍

ഖലീഫ വലീദുബ്‌നു അബ്ദില്‍ മലിക്കിനെ കാണാന്‍ ദമസ്‌ക്കസിലെത്തിയതാണ് ഉര്‍വ. കൂടെ മകനുമുണ്ട്. ഖലീഫയെ കണ്ട് മടങ്ങുമ്പോള്‍ മകന് ഒരാഗ്രഹം, ഖലീഫയുടെ മേല്‍ത്തരം കുതിരകളെയൊന്ന് കാണണം. അവര്‍ കുതിരപ്പന്തിയിലെത്തി. എന്നാല്‍ വിറളികൊണ്ട ഒരു കുതിര ഉര്‍വയുടെ മകനു നേരെ ചാടി. കുളമ്പുകൊണ്ടുള്ള ചവിട്ടേറ്റ് പിതാവിന്റെ കണ്‍മുമ്പില്‍ കിടന്ന് അവന്‍ പിടഞ്ഞു മരിച്ചു.

ദിവസങ്ങള്‍ പിന്നിട്ടതേയുള്ളൂ. ഉര്‍വയുടെ കാലില്‍ ഒരു വ്രണം ദൃശ്യമായി. വീക്കവും പഴുപ്പും കൂടിക്കൂടി വന്നു. ഖലീഫ ഡോക്ടര്‍മാരെ ഏര്‍പ്പാടാക്കി. ചികില്‍സ ഫലം കാണാതായി. ഒടുവില്‍ ഡോക്ടര്‍മാരുടെ വിധി കാല്‍ മുറിച്ചുനീക്കണം എന്നായിരുന്നു. ഉര്‍വ സമ്മതിച്ചു. വജ്രക്കത്തികളുമായി ശസ്ത്രക്രിയാ വിദഗ്ധരെത്തി. കാലു മുറിച്ചുനീക്കാന്‍ രോഗിയെ മയക്കിക്കിടത്തണമെന്നായി അവര്‍. എന്നാല്‍ ലഹരി കഴിച്ച് മയങ്ങാന്‍ ഒരുക്കമായിരുന്നില്ല ഉര്‍വ.

കാലുകള്‍ മരവിപ്പിക്കാനും അദ്ദേഹം സമ്മതിച്ചില്ല. 'ഞാന്‍ വേദന സഹിക്കാം'- ഉര്‍വ ഉറച്ചുനിന്നു. പച്ച മാംസം കീറിയും എല്ലുകളെ തുളച്ചും വജ്രക്കത്തി നീങ്ങുമ്പോള്‍ പിടയുന്ന ഉര്‍വയെ പിടിച്ചുവെക്കാന്‍ മല്ലന്‍മാരെ ഏര്‍പ്പാടാക്കി ഡോക്ടര്‍മാര്‍. പക്ഷേ അതും തടഞ്ഞു ആ ദൈവ ഭക്തന്‍. 'എന്റെ നാഥന് തസ്ബീഹുകളര്‍പ്പിച്ച് ഞാന്‍ കിടക്കും. നിങ്ങള്‍ വേണ്ടത് ചെയ്‌തോളൂ'.

മാംസം അറുത്തുമാറ്റി. എല്ലുകള്‍ മുറിച്ചുനീക്കി. അപ്പോഴൊക്കെയും ദൈവിക സ്മരണ നിറഞ്ഞ ഹൃദയവും അവനെ വാഴ്ത്തുന്ന ചുണ്ടുകളുമായി ഉര്‍വ കിടന്നു. വേദന സഹ്യതയെ കീഴടക്കിയപ്പോള്‍ അദ്ദേഹം ബോധരഹിതനായി.

ചികില്‍സ കഴിഞ്ഞ് വീട്ടിലെത്തിയ ഉര്‍വയെ കാണാന്‍ കൂട്ടുകാര്‍ വന്നു. ആശ്വസിപ്പിക്കാന്‍ കുഴങ്ങിയ അവരോടായി ഉര്‍വ പറഞ്ഞതിങ്ങനെ: 'അല്ലാഹു എനിക്ക് നാലു മക്കളെ നല്കി. അവരില്‍ മൂന്നു പേരെ ബാക്കിവെച്ച് ഒരാളെ മാത്രമല്ലേ അവന്‍ തിരിച്ചെടുത്തുള്ളൂ. അവന്‍ എനിക്ക് രണ്ട് കൈകളും അത്ര തന്നെ കാലുകളും തന്നു. അവയില്‍ ഒരു കാലിന്റെ പകുതി മാത്രം അവന്‍ തിരിച്ചുവാങ്ങി. അവന്‍ എത്ര ഔദാര്യവാന്‍. അവന് സ്തുതി'.

സ്വര്‍ഗാവകാശിയായി തിരുനബി പ്രഖ്യാപിച്ച സുബൈറുബ്‌നുല്‍ അവ്വാമി(റ)ന്റെയും ദൂതരുടെ ആത്മമിത്രം സിദ്ദീഖുല്‍ അക്ബറി(റ)ന്റെ മകള്‍ അസ്മാഇന്റെയും സന്തതിയാണ് ഉര്‍വ. രണ്ടാം ഖലീഫ ഉമറി(റ)ന്റെ ഭരണാന്ത്യത്തിലാണ്  കഥാപുരുഷന്റെ ജനനം.

മാതൃ സഹോദരി ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യുടെ ഇഷ്ടഭാജനമായിരുന്നു ഉര്‍വ. അവര്‍ മരിച്ചപ്പോള്‍ ഖബറിലിറങ്ങി മയ്യിത്ത് ഇറക്കിവെച്ചതും മൂടുകല്ലുകള്‍ വെച്ചതും മറമാടിയതും ഉര്‍വതുബ്‌നു സുബൈറായിരുന്നു.

വിജ്ഞാന തൃഷ്ണ ഈ താബിഈ പണ്ഡിതനെ നിത്യ യാത്രികനാക്കി. പ്രിയ നബിയുടെ വിയോഗം കഴിഞ്ഞ് ഒരു വ്യാഴവട്ടത്തിന് ശേഷമാണ് ഉര്‍വയുടെ ജനനമെങ്കിലും തന്റെ കാലക്കാരായ പ്രമുഖ സ്വഹാബിമാരെയെല്ലാം അദ്ദേഹം നേരില്‍ കാണാന്‍ ശ്രമിച്ചു. അവരുടെ സദസ്സുകളില്‍ പങ്കെടുത്തു. ഹദീസുകള്‍ പഠിച്ചു.

ഉമ്മയുടെ അനിയത്തി ആഇശ(റ)യില്‍ നിന്നു തന്നെയാണ് കൂടുതല്‍ പഠിച്ചത്. ദൂതരുടെ അടുത്ത അനുയായികളായ അലിയ്യുബ്‌നു അബീത്വാലിബ്, അബ്ദുറഹ്മാനുബ്‌നു ഔഫ്, സൈദുബ്‌നു സാബിത്, അബൂ അയ്യൂബില്‍ അന്‍സാരി, അബൂഹുറയ്‌റ, ഇബ്‌നു അബ്ബാസ്, ഉസാമതുബ്‌നു സൈദ് (റ) എന്നിവര്‍ അവരില്‍ ചിലരാണ്. പഠനവും മനനവും ജീവിത സപര്യയാക്കിയ ഉര്‍വ, മദീനയിലെ ഏഴു പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതരില്‍ ഒരാളായിരുന്നു.

വലീദിന്റെ ഗവര്‍ണറായി ഉമറുബ്‌നു അബ്ദില്‍ അസീസ് മദീനയിലെത്തി. സാത്വികനായ ഉമറിന്റെ ആദ്യ നടപടി പത്ത് പണ്ഡിതരടങ്ങുന്ന സഭയെ നിയമിക്കലായിരുന്നു. ഭരണത്തില്‍ സഹായിക്കുക, കൂടിയാലോചന നടത്തുക, വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുക, ഉദ്യോഗസ്ഥരെ തിരുത്തുക തുടങ്ങിയവയായിരുന്നു ഉദ്ദേശ്യം. പണ്ഡിത സഭയുടെ തലവനായി ഉമര്‍ നിശ്ചയിച്ചത് ഉര്‍വയെയായിരുന്നു.

നമസ്‌കാരമായിരുന്നു ഉര്‍വയുടെ ജീവിതത്തിലെ ആനന്ദ വേളകള്‍. ഭക്തിയും സൂക്ഷ്മതയും അവധാനതയും സമന്വയിച്ച ആരാധനയില്‍ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞും സങ്കടങ്ങളുണര്‍ത്തിയും അദ്ദേഹം ദീര്‍ഘമായി നാഥനുമായി സംവദിക്കും. ഓരോ ദിവസവും ഖുര്‍ആനില്‍ നിന്ന് പകുതി വീതം പാരായണം ചെയ്യുമായിരുന്നു അദ്ദേഹം. ഇതില്‍ പകുതിയും നമസ്‌കാരത്തിലായിരുന്നു. കൗമാരപ്രായം മുതല്‍ പതിവുതെറ്റാതെ ഈ ശീലം ഉര്‍വ പാലിച്ചുപോന്നു.

മദീനയില്‍ സമൃദ്ധമായ തോട്ടമുണ്ടായിരുന്നു ഉര്‍വക്ക്. അതിലെ ഈത്തപ്പനകള്‍ കുലച്ചാല്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ പ്രവേശിക്കുകയും ഇഷ്ടമുള്ളത്ര പറിച്ചെടുക്കുകയും ചെയ്യാമായിരുന്നു. ദാനധര്‍മങ്ങള്‍ സമ്പത്തിനെ ശുഷ്‌കമാക്കില്ലെന്ന് വിശ്വസിച്ചിരുന്നു സുബൈറിന്റെ പുത്രന്‍.

മിക്ക ദിവസങ്ങളിലും നോമ്പുകാരനായിരിക്കും ഉര്‍വ. തിരുദൂതരുടെ വീട്ടില്‍ പലപ്പോഴും അടുപ്പെരിയാറില്ലെന്ന് മാതൃ സഹോദരി ആഇശയില്‍ നിന്ന് കേട്ടിട്ടുണ്ട് അദ്ദേഹം. ആ വാക്കുകള്‍ തന്നെയായിരുന്നു നോമ്പിന്റെ പ്രേരണ.

ഒടുവില്‍ എഴുപത്തിയൊന്നാം വയസ്സില്‍ മരിക്കുമ്പോഴും അദ്ദേഹം നോമ്പുകാരന്‍ തന്നെയായിരുന്നു. മരണ വേളയില്‍ നോമ്പു മുറിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. നോമ്പുകാരനായി അല്ലാഹുവിനെ കണ്ടുമുട്ടണമെന്നായിരുന്നു ഉര്‍വയുടെ ആഗ്രഹം.

 

Feedback