മനഃശാസ്ത്രത്തെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തിയ വിഖ്യാതനായ ശാസ്ത്രജ്ഞനായിരുന്നു അബൂ സെയ്ദ് അല്‍ ബല്‍ഖി. ഒമ്പതാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന ബല്‍ഖി ഒരു ബഹുമുഖ ശാസ്ത്ര പ്രതിഭയായിരുന്നു. ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, മനഃശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ ശാസ്ത്ര ശാഖകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു.
850 ല്‍ ബല്‍ഖ് ഖുറാസാനില്‍ (ഇപ്പോഴത്തെ അഫ്ഗാനിസ്താന്‍) ജനിച്ചു. ബഗ്ദാദിലെ 'ബല്‍ഖി സ്‌കൂളിന്റെ' സ്ഥാപകനാണ്. ബല്‍ഖിയുടെ ഗണിത ശാസ്ത്ര വൈദഗ്ധ്യത്തെക്കുറിച്ച് ഇബ്നുന്നദീം 'അല്‍ഫിഹ്‌റിസ്റ്റില്‍' പരമാര്‍ശിക്കുന്നുണ്ട്. വൈദ്യശാസ്ത്രവും മനഃശാസ്ത്രവും കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥമാണ് 'മസാലിഹ് അല്‍ അബ്ദാന്‍ വല്‍ അന്‍ഫുസ്' (സസ്റ്റനന്‍സ് ഓഫ് ബോഡി ആന്റ് സോള്‍). മാനസികാരോഗ്യം എന്ന ശാസ്ത്രശാഖയെക്കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തിയത് അബൂ സെയ്ദാണന്ന് പറയാം. അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ആത്മാവിനെ കുറിച്ചും ശരീരത്തെക്കുറിച്ചും ഗഹനമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അതോടൊപ്പം ചിലയിടങ്ങളില്‍ ആത്മീയമായ ആരോഗ്യത്തെ സംബന്ധിച്ചും ബല്‍ഖി വിവരിക്കുന്നു. ആത്മീയമായ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 'അത്തിബ്ബുര്‍റൂഹാനി' എന്ന പദമാണ് ഗ്രന്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
രോഗിയുടെ ശാരീരികമായ അസുഖത്തിന് മാ്രതം ഊന്നല്‍ നല്‍കിയിരുന്ന അന്നത്തെ ഡോക്ടര്‍മാരുടെ ചികിത്സാരീതിയെ ബല്‍ഖി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആത്മാവും ശരീരവും തമ്മില്‍ അഭേദ്യമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും ആത്മാവില്ലാതെ ശരീരത്തിന് നിലനില്‍പ്പില്ലെന്നും അദ്ദേഹം വാദിച്ചു. ശരീരത്തിന് അസുഖം ബാധിച്ചാല്‍ അത് മനസ്സിനെയും ബാധിക്കും, അതോടൊപ്പം മനസ്സ് അസ്വസ്ഥമായാല്‍ അത് ശരീരത്തെയും ബാധിക്കുമെന്നും അദ്ദേഹം അഭി്രപായപ്പെട്ടു. മാനസികമായ ആരോഗ്യത്തെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകള്‍ ഖുര്‍ആനുമായും പ്രവാചകചര്യ(ഹദീസ്)യുമായും അദ്ദേഹം ബന്ധപ്പെടുത്തുന്നുണ്ട്.
നാഡീരോഗവും മാനസികരോഗവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി കൃത്യമായ പഠനം നടത്തിയതും അല്‍ ബല്‍ഖിയാണ്. അതോടൊപ്പം മാനസിക രോഗത്തിന് കൗണ്‍സലിങ് എന്ന സങ്കല്‍പവും ഇദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ന്യൂറോസിസിന് നാല് ഭാവങ്ങളാണുള്ളത്. ഭയം, ദേഷ്യം, ഉത്കണ്ഠ, വിഷാദം എന്നിവയാണത്. ഇതില്‍ വിഷാദ രോഗാവസ്ഥയെ വീണ്ടും മൂന്നായി ബല്‍ഖി തരംതിരിക്കുന്നുണ്ട്. മാനസികവും ശാരീരകവുമായ സന്തുലിതാവസ്ഥയാണ് നല്ല ആരോഗ്യത്തിന് വേണ്ടത്. മസില്‍ കയറുന്നതിനെക്കുറിച്ചും ആദ്യമായി വിവരിച്ചത് അദ്ദേഹമാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1969ല്‍ ജോസഫ് വോള്‍പ് എന്ന ശാസ്ത്രജ്ഞനാണ് ഇതേക്കുറിച്ച് ആധുനിക കാലത്ത് കണ്ടെത്തല്‍ നടത്തിയതെന്നതും ശ്രദ്ധേയം.
മാനസികരോഗ ചികിത്സാ രംഗത്തും അത്ഭുതാവഹമായ കണ്ടുപിടിത്തങ്ങളും ഗവേഷണ ഫലങ്ങളുമാണ് അല്‍ ബല്‍ഖിയുടേത്. മനസ്സ് അസന്തുഷ്ടമാകുകയോ ക്രമരഹിതമാകുകയോ ചെയ്യുമ്പോഴാണ് പനിയും തലവേദനയും ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നതെന്നും ബല്‍ഖി കണ്ടെത്തി. മാനസികമായ കൗണ്‍സലിങ്ങിലൂടെയും ഉപദേശ നിര്‍ദേശങ്ങളിലൂടെയും ഇത് മാറ്റിയെടുക്കാനാവുമെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
ഭൂമിശാസ്ത്രപരമായ ഭൂപടം ഉള്‍പ്പെടുന്ന ബല്‍ഖിയുടെ 'സുവര്‍ അല്‍ അഖാലിയം' എന്ന ശാസ്ത്രഗ്രന്ഥം ഇന്നും ലോക്രപശസ്തമാണ്. 934ലാണ് അദ്ദേഹം അന്തരിച്ചത്.