Skip to main content

അബൂനാസര്‍ മന്‍സൂര്‍

ഗണിതശാസ്ത്രജ്ഞന്‍, ജ്യോതിശ്ശാസ്ത്ര പണ്ഡിതന്‍. 960ല്‍ (ഹിജ്‌റ 349) ബനൂ ഇറാഖ് കുടുംബാംഗമായി ഇറാനിലെ ഗീലാന്‍ എന്ന സ്ഥലത്ത് ജനിച്ചു. ശരിയായ പേര് മന്‍സൂറുബ്‌നു അലിയ്യിബ്‌നി ഇറാഖ്. അമീര്‍ നൂഹ് രണ്ടാമന്റെ മൗലയായിരുന്നു അബൂനാസര്‍ എന്ന് ശിഷ്യന്‍ അല്‍ബിറൂനി പ്രസ്താവിച്ചിട്ടുണ്ട്. കലങ്ങിമറിഞ്ഞ രാഷ്ട്രീയവും അഭ്യന്തര കലഹങ്ങളും നിറഞ്ഞ പശ്ചാത്തലത്തില്‍ 1017ല്‍ ശിഷ്യന്‍മാരോടൊപ്പം സുല്‍ത്താന്‍ മഹ്മൂദിന്റെ ഗസ്‌നയിലെ ദര്‍ബാറിലെത്തി. ശിഷ്ടകാലം അവിടെ കഴിച്ചുകൂട്ടി. ഗോളഗണിത(സ്‌ഫെറിക്കല്‍ ട്രിഗണോമെട്രി)വും ജ്യോതിശ്ശാസ്ത്ര പ്രശ്‌നങ്ങളില്‍ അതിന്റെ പ്രയോഗവും സംബന്ധിച്ച ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ പ്രധാന രചന. ജ്യോതിശാസ്ത്രത്തിലും ജ്യാമിതിയിലുമാണ് അദ്ദേഹം കൂടുതല്‍ ഗ്രന്ഥങ്ങളെഴുതിയത്. പൗരാണിക മുസ്‌ലിം ശാസ്ത്രജ്ഞരെ സംബന്ധിച്ച നിരൂപണങ്ങളാണ് അവയിലധികവും.

അല്‍ബിറൂനിയുടെ 'രിസാല'യില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നീണ്ട പട്ടിക രേഖപ്പെടുത്തിയിട്ടുണ്ട്. കിതാബുന്‍ ഫിസ്സുമൂത്, കിതാബുന്‍ ഫീ ഇല്ലതി തന്‍സ്വീഫിത്തഅ്ദീന്‍, കിതാബുന്‍ ഫീ തസ്വ്ഹീഹി കിതാബി ഇബ്‌റാഹീമബ്‌നി സിനാന്‍ ഫീ തസ്വ്ഹീഹി ഇഖ്തിലാഫില്‍ കവാകിബില്‍ ഉല്‍വിയ്യ തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടുന്നു. ഇവയടക്കം ഇരുപതിലേറെ ഗ്രന്ഥ ങ്ങള്‍ അല്‍ബിറൂനി പരിചയപ്പെടുത്തുന്നുണ്ട്.

Feedback