ഹിജ്‌റയുടെ വഴിയില്‍ അബൂബക്ര്‍(റ) ദൂതരെ(സ്വ) കാത്തിരിക്കുകയായിരുന്നു. രാത്രിക്ക് രാത്രി അവര്‍ മലയുടെ വന്യതയില്‍ ഇരുളും താണ്ടി 'സൗറി' ലെത്തി. ഇരുട്ട് കനത്തപ്പോള്‍ ഗുഹാമുഖത്ത് ഒരു സ്ത്രീരൂപം തെളിഞ്ഞു. ഭക്ഷണവുമായി വന്നതാണ് അവര്‍. ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് മൂന്ന് നാളും അവള്‍ ആ ജോലി ഭംഗിയായി ചെയ്തു. മൂന്നാം നാള്‍ യാത്രയ്ക്ക് ഒരുങ്ങിയ ദൂതര്‍ക്കും അതീഖിനും ഭക്ഷണവും വെള്ളവുമായി അവരെത്തി. അത് രണ്ടും ഒട്ടകപ്പുറത്ത് വെച്ച് കെട്ടാന്‍ കയറില്ല. ഉടനെ അവര്‍ സ്വന്തം അരപ്പട്ടയഴിച്ച് രണ്ടായി ചീന്തി ഒരു ഭാഗം കൊണ്ട് പാത്രങ്ങള്‍ കെട്ടി. ഇത് നോക്കി നില്ക്കുകയായിരുന്ന തിരുനബി(സ്വ) പ്രാര്‍ഥനാനിരതനായി.
''അല്ലാഹുവേ, നീ ഇവള്‍ക്ക് സ്വര്‍ഗത്തില്‍ രണ്ട് അരപ്പട്ട നല്‍കേണമേ'' അന്ന് മുതലാണ് അബൂബക്‌റി(റ)ന്റെ പ്രിയപുത്രി അസ്മാഇ(റ)ന് മറ്റൊരു പേര് കൂടി വീണത്. ദാത്തുനിത്വാഖൈന്‍, ഇരട്ടപ്പട്ടക്കാരി.
ആ സമയത്ത് അവരുടെ വയറ്റില്‍ ഒരു ജീവന്‍ തുടിച്ചുകൊണ്ടിരുന്നു. ഹിജ്‌റയുടെ വഴിയില്‍ ഖുബാഇല്‍ വെച്ച് ആ ജീവന്‍ പിറവിയെടുത്തു. മുഹാജിറുകളില്‍ പിറന്ന ആദ്യത്തെ ശിശു. പില്‍കാലത്ത് ധര്‍മയുദ്ധത്തിന്റെ പ്രതീകമായി ചരിത്രത്തില്‍ തെളിഞ്ഞുനിന്ന അബ്ദുല്ല(റ). സുബൈറുബ്‌നുല്‍ അവ്വാമിന്റെയും അസ്മാഇ(റ)ന്റെയും മകന്‍!
അബുബക്ര്‍ സിദ്ദീഖ്(റ)ന്റെയും ഖുതൈലയുടെയും മകളായി ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് ജനനം. തിരുപത്‌നി ആയിശ(റ) പിതാവൊത്ത സഹോദരി. തിരുദൂതര്‍ക്കായി വാളേന്തിയ അശ്വഭടന്‍ സുബൈറുബ്‌നുല്‍ അവ്വാമിനെ ഭര്‍ത്താവായി സ്വീകരിച്ചു. മുസ്‌ലിംകളുടെ അംഗബലം 20ല്‍ എത്തും മുമ്പ് തന്നെ സത്യമതത്തില്‍ അണി ചേര്‍ന്നു.
ഹിജ്‌റയുടെ വഴിയില്‍ തിരുനബിക്കും പിതാവിനും സഹായിയായി. ഒടുവില്‍ ഭര്‍ത്താവിന്റെ കൂടെ അസ്മാഉം മദീനയിലെത്തി.
പിതാവ് ധനവാനായിരുന്നുവെങ്കിലും ഭര്‍ത്താവ് സുബൈര്‍ ദരിദ്രനായിരുന്നതിനാല്‍ അസ്മാഇ(റ)ന്റെ ആദ്യകാല ജീവിതം ദുരിതപൂര്‍ണമായിരുന്നു. ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ കുതിരയെയും പരിചരിച്ച് ജീവിച്ചു. എന്നാല്‍ മദീനയിലെത്തിയപ്പോള്‍ സുബൈര്‍(റ) കച്ചവടം ചെയ്ത് സമ്പന്നനായി. അഡംബര ജീവിതം നയിക്കാതെ ദാനധര്‍മ്മങ്ങള്‍ ചെയ്ത് മാതൃകയാവുകയാണ് അസ്മാഅ്(റ) അക്കാലത്ത് ചെയ്തത്. കിട്ടുന്നത് അപ്പപ്പോള്‍ ദാനം ചെയ്തിരുന്നതുകൊണ്ട് സകാത്ത് കൊടുക്കേണ്ടി വന്നിരുന്നില്ലെന്ന് അസ്മാഅ്(റ) തന്നെ പറയുന്നുണ്ട്.
ഭര്‍ത്താവ് സുബൈര്‍(റ) ഹിജ്‌റ 39ല്‍ ജമല്‍ യുദ്ധത്തിനിടെയാണ് മരിക്കുന്നത്. പിന്നെയും വര്‍ഷങ്ങളോളം ജീവിച്ച അസ്മാഅ് മകന്‍ അബ്ദുല്ലയുടെ രക്തസാക്ഷിത്വം കണ്ടു. മകനെ അതിന് പ്രേരിപ്പിച്ചതും ആ ധീരമാതാവ് തന്നെയായിരുന്നു.
യസീദ് മരിച്ചപ്പോള്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)നെ ഹിജാസുകാരും ഇറാഖുകാരും പിന്തുണച്ചു. ഇതോടെ അമവികള്‍ അബ്ദുല്ലയെ നേരിടാന്‍ ഹജ്ജാജ്ബ്‌നു യുസഫിനെ നിയോഗിച്ചു. പരാജയപ്പെട്ടിട്ടും ഹജ്ജാജ് അബ്ദുല്ല(റ)യെ പിന്തുടര്‍ന്നു. മസ്ജിദുല്‍ ഹറമില്‍ അഭയം തേടിയിട്ടും അവര്‍ വിട്ടില്ല. അവസാന യുദ്ധത്തിന് ഒരുങ്ങും മുമ്പ് അബ്ദുല്ല മാതാവ് അസ്മാഇ(റ)നെ കാണാനെത്തി. അവര്‍ പറഞ്ഞു: ''കീഴടങ്ങി മരിക്കുന്നതിനേക്കാള്‍ നല്ലത് പോരാടി മരിക്കുന്നതാണ്. അല്ലാഹുവും ഞാനും ഇഷ്ടപ്പെടുന്ന വഴിയിലാണ് നീയുള്ളത് മകനേ''
അബ്ദുല്ലാ(റ)ക്ക് ഒരു സംശയം: ''ഉമ്മാ, എന്നെ കൊന്നാല്‍ അവരെന്റെ അവയവങ്ങള്‍ മുറിച്ചെടുക്കുമോ?''
''അറുത്ത ആടിന്റെ ശരീരത്തില്‍ നിന്ന് തോലുരിക്കുമ്പോള്‍ അതിന് വേദനിക്കില്ല മകനേ''- അസ്മാഅ് നെറ്റിയില്‍ ചുംബനം അര്‍പ്പിച്ച് അവനെ സമാധാനിപ്പിച്ചു. അടുത്ത ദിവസം കേട്ടത്, അബ്ദുല്ല(റ)യുടെ രക്തസാക്ഷിത്വ വാര്‍ത്തയാണ്. അവര്‍ അല്ലാഹുവിനെ സ്തുതിച്ചു.
അധികം വൈകാതെ ഹിജ്‌റ 73ല്‍ തന്റെ നൂറാം വയസ്സില്‍ അസ്മാഉം(റ) അന്ത്യയാത്രയായി.