Skip to main content

സഫാനത്ത് ബിന്‍ത് ഹാതിമിത്വാഈ(റ)

ഔദാര്യത്തിന്റെ മനുഷ്യരൂപമായിരുന്ന ഹാതിമൂത്വാഈയുടെ മകളാണ് സഫാനത്ത്. പിതാവിന്റെ മരണാനന്തരം ത്വയ്യിഅ് ഗോത്രത്തിന്റെ പിന്‍ബലത്തില്‍ നജ്ദ് വാഴുകയായിരുന്നു അദിയ്യുബ്‌നു ഹാതിം. സഹാദരനോടൊപ്പം സഫാനത്തുമുണ്ടായിരുന്നു.

എന്നാല്‍, വൈകാതെ ഇസ്‌ലാം അവിടെ വ്യാപിച്ചു. നബി(സ്വ)യും സൈന്യവും ആ നാട് കീഴടക്കി. ഇതോടെ കുടുംബത്തോടൊപ്പം അദിയ്യ് നാടുവിട്ടു. പക്ഷെ, ഒളിച്ചോട്ടത്തിരക്കില്‍ സഹോദരി സഫാനത്തിനെ അദ്ദേഹം മറന്നു. അവര്‍ മദീനയില്‍ ഒറ്റപ്പെടുകയും മുസ്‌ലിംകളുടെ ബന്ദിയാവുകയും ചെയ്തു.

അടുത്ത ദിവസം സഫാനത്ത് നബി(സ്വ)യെ കണ്ട് സങ്കടം പറഞ്ഞു.

'അല്ലാഹുവിന്റെ ദൂതരേ, പിതാവ് മരിച്ചു, രക്ഷാകര്‍ത്താക്കള്‍ നാടുവിട്ടോടുകയും ചെയ്തു. താങ്കള്‍ എന്നോട് കനിയണം, ഞാന്‍ എന്റെ ജനതയുടെ നേതാവിന്റെ മകളാണ്.

എന്റെ പിതാവ് ബന്ദികളെ മോചിപ്പിച്ചു, കരാറുകള്‍ പാലിച്ചു, അതിഥിയെ വിരുന്നൂട്ടി, വിശന്നവന് ഭക്ഷണം നല്‍കി, പ്രയാസപ്പെടുന്നവനെ സഹായിച്ചു, സമാധാനം പ്രചരിപ്പിച്ചു, ആവശ്യക്കാരില്‍ ഒരാളെയും മടക്കിയില്ല....

ഞാന്‍ ഹാത്തിമുത്വാഈയുടെ പുത്രിയാണ്!'

അത്ഭുതത്തോടെ തിരുനബി(സ്വ) പറഞ്ഞു. ''ഇപ്പറഞ്ഞതെല്ലാം വിശ്വാസിയുടെ വിശേഷണങ്ങളാണല്ലോ. നിന്റെ പിതാവ് ഇസ്‌ലാമിലായിരുന്നുവെങ്കില്‍ അദ്ദേഹത്തിനുമേല്‍ കാരുണ്യം വര്‍ഷിക്കുമായിരുന്നു.

'ഇവളെ വിട്ടേക്കുക. ഇവളുടെ പിതാവ് വിശിഷ്ട സ്വഭാവങ്ങളുടെ ഉടമയാണ്. വിശിഷ്ട ഗുണങ്ങളെ അല്ലാഹു ഇഷ്ടപ്പെടുന്നു' (അല്‍ഇസ്വാബ).

മോചിതയായ സഫാനത്ത് ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതം മാതൃകാപരമായിരുന്നു.

സഹോദരന്‍ അദിയ്യും കുടുംബവും ഇസ്‌ലാം സ്വീകരിക്കാനുള്ള വഴിയൊരുക്കിയതും സഫാനത്ത് തന്നെയായിരുന്നു.

 
 

Feedback