Skip to main content

ഉമാമ ബിന്‍ത് അബുല്‍ആസ്വ്(റ)

തിരുനബി-ഖദീജ ദാമ്പത്യത്തില്‍ വിരിഞ്ഞ പ്രഥമ വസന്തമായ സൈനബിന്റെ മകളാണ് ഉമാമ. പിതാവ്, അബുല്‍ ആസ്വുബ്‌നു റബീഅ്(റ). 

ആദ്യകാലത്ത് അബുല്‍ ആസ്വ് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. മുസ്‌ലിമായ ഭാര്യ സൈനബിനെ ഒഴിവാക്കിയതുമില്ല. സ്‌നേഹത്തോടെ അവര്‍ ജീവിച്ചു. ബദ്ര്‍ യുദ്ധത്തില്‍ അബുല്‍ആസ്വിനോട് തിരുനബി(സ്വ) മകളെ മദീനയിലേക്ക് അയക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അത് അദ്ദേഹം പാലിച്ചു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് മക്ക വിജയത്തിന് തൊട്ടുമുമ്പാണ് അബുല്‍ആസ്വ് മുസ്‌ലിമായി മദീനയിലെത്തുന്നതും സൈനബിനെ സ്വീകരിക്കുന്നതും.

ഈ കാലത്താണ് ഉമാമ ജനിക്കുന്നത്. പ്രസവം കഴിഞ്ഞ് അധികകാലമാവും മുമ്പ് തന്നെ സൈനബ് മരിച്ചു, അബുല്‍ ആസ്വിനെയും പറക്കമുറ്റാത്ത കുഞ്ഞിനെയും തനിച്ചാക്കിക്കൊണ്ട്.

പിന്നീട് കുഞ്ഞിനെ പരിപാലിക്കുന്നത് നബി(സ്വ) തന്നെയാണ്. ഉമാമയെ കുളിപ്പിച്ചിരുന്നത് നബി (സ്വ)യായിരുന്നു. നബി നമസ്‌കരിക്കുമ്പോള്‍ കുട്ടിയെ ചുമലില്‍ വെക്കുകയും സുജൂദും റുകൂഉം ചെയ്യുമ്പോള്‍ താഴെ ഇറക്കിവെക്കുകയും എഴുന്നേല്‍ക്കുമ്പോള്‍ വീണ്ടും ചുമലില്‍ വെക്കുകയും  ചെയ്തിരുന്നതായി ഹദീസുകളില്‍ (മുസ്‌ലിം 346) കാണുന്നു.

ഒരിക്കല്‍ നജ്ജാശി രാജാവ് വിലപിടിപ്പുള്ള ഒരു മാല നബി(സ്വ)ക്ക് സമ്മാനമായി കൊടുത്തയച്ചു. മാല കിട്ടയ നബി(സ്വ) ഇത് എന്റെ കുടുംബത്തില്‍ ഞാനേറെ ഇഷ്ടപ്പെടുന്നയാള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഭാര്യമാരെല്ലാം, വിശേഷിച്ച് ആഇശ(റ) അത് തങ്ങള്‍ക്കാവുമെന്ന് ഉറപ്പിച്ചു. എന്നാല്‍ തിരുനബി പേരമകള്‍ ഉമാമയെ അടുത്ത് വിളിച്ച് അത് അവളുടെ കഴുത്തിലണിയിക്കുകയാണ് ചെയ്തത്.

നബി(സ്വ)യുടെ വേര്‍പാടിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഖലീഫ അലി(റ) ഉമാമയെ വിവാഹം ചെയ്തു. (ഫാത്തിമയുടെ മരണശേഷം) ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങള്‍, ഭര്‍ത്താവ് അലി(റ)യുടെ വധം എന്നിവക്കെല്ലാം അവര്‍ സാക്ഷിയായി. വിധവയായ ഉമാമയെ പിന്നീട് മുഗീറത്തുബ്‌നു നൗഫലാണ് വിവാഹം ചെയ്തത്. ഉമാമക്ക് മക്കളില്ല.

Feedback