Skip to main content

ഉമറുബ്‌നുല്‍ ഖത്താബ്(റ) (2)

ഭാര്യ ഹന്‍തമ ബിന്‍ത് മുഗീറ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയതറിഞ്ഞപ്പോള്‍ ഖത്താബുബ്‌നു നുഫൈലിന്റെ ആഹ്ലാദം പരിധിവിട്ടു. വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ മൃഗബലി നടത്തിയും സമൂഹ സദ്യ വിളമ്പിയും ആ പിറവി അയാള്‍ ആഘോഷിച്ചു. ആ കുട്ടി ഹന്‍തമയുടെ അരുമയായി പിച്ചവെച്ചു.

ദ്വജ്ഹാന്‍ താഴ്‌വാരങ്ങളില്‍ ചുണ്ടില്‍ ചൂളംവിളിയും കൈയില്‍ ചാട്ടവാറുമായി നഗ്നപാദനായി അവന്‍ ആടുകളുടെ പിന്നാലെ നടന്നു. എല്ലാവരും മടിച്ചു നിന്നപ്പോള്‍ അവന്‍ അക്ഷരാഭ്യാസം പഠിച്ചു. ആയോധകല വശമാക്കി. കുതിര സവാരിയിലും അവന്‍ വിസ്മയം കാണിച്ചു. അരോഗ ദൃഢഗാത്രനും സുന്ദരനുമായ ആയുവാവ് ഉക്കാദ് ചന്തയിലെ പ്രകടന വേദികളില്‍ താരമായി.

ഒരിക്കല്‍, ചന്തയിലെ ദ്വന്ദ്വയുദ്ധക്കൂട്ടില്‍ മല്ലന്‍മാരുടെ വീറുറ്റ പോരാട്ടം നടക്കുകയായിരുന്നു. എതിരാളികളെ ഓരോരുത്തരെ മലര്‍ത്തിയടിച്ച് അന്യദേശക്കാരനായ ഗുസ്തിവീരന്‍ ഗോദയില്‍ നെഞ്ചുവിരിച്ചു നിന്നു. മക്കക്കാരെ നാണം കെടുത്തി വെല്ലുവിളി തുടരവെ, സദസ്സില്‍ നിന്ന് ആ യുവാവ് എഴുന്നേറ്റു. പരിഹാസച്ചിരിയുമായി ഗുസ്തിവീരന്‍ അവനെ ഗോദയിലേക്ക് ക്ഷണിച്ചു. വസ്ത്രം മാറ്റി അവന്‍ ഭാവഭേദമൊട്ടുമില്ലാതെ കയറിച്ചെന്നു. ഖത്താബിന്റെ മകന്‍ ജയിക്കണേയെന്ന് മക്കക്കാര്‍ മനസ്സാ പ്രാര്‍ഥിച്ചു. കണ്ണുതുറന്നില്ല, അപ്പോഴേക്കും അവന്‍ അന്യദേശക്കാരനായ ആ മല്ലവീരനെ മുഖം കുത്തി വീഴ്ത്തിയിരുന്നു.

പിന്നെ അവിടെ ആര്‍പ്പുവിളികളുടെ ഘോഷമായി. അന്നുമുതല്‍ ആ യുവാവ് മക്കക്കാരുടെ വീരനായകനായി. തങ്ങളുടെ കുട്ടികള്‍ക്ക് ഉമ്മമാര്‍ അവന്റെ കഥ പറഞ്ഞുകൊടുത്തു; ഉമറുബ്‌നുല്‍ ഖത്താബിന്റെ കഥ. എന്നാല്‍ തലമുറകള്‍ പിന്നിട്ടപ്പോള്‍ ഈ കഥ എല്ലാവരും മറന്നുപോയി. പകരം മറ്റൊരുകഥയായിരുന്നു,  ഖലീഫ ഉമറിന്റെ കഥ!

ഖുറൈശി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തില്‍ ക്രിസ്തുവര്‍ഷം 583ല്‍ ജനനം. ഉമറു ബ്‌നുല്‍ ഖത്താബിന്റെ വിളിപ്പേര് അബൂഹഫ്‌സ. അല്‍ഫാറൂഖ് (സത്യാസത്യവിവേചകന്‍) എന്ന കീര്‍ത്തിനാമം തിരുനബി നല്‍കിയതാണെന്നും പില്കാലത്ത് നല്‍കപ്പെട്ടതാണെന്നും അഭിപ്രായ മുണ്ട്.

Family Tree of Umer bin Khathab

ഒമ്പത് വിവാഹം കഴിച്ചു. സൈനബ് ബിന്‍ത് മദ്ഊന്‍, ഖരീനാ ബിന്‍ത് അബീ ഉമയ്യ, ഉമ്മുകുല്‍സൂം ബിന്‍ത് ആസ്വിം, ഉമ്മുഹകീം, ലുഹയ്യത്ത്, ആത്തിക, ഫകയ്ഹ (ഇവരില്‍ പലരും വിവാഹമോചനം ചെയ്യപ്പെടുകയോ മരിക്കുകയോ ചെയ്ത ശേഷമായിരുന്നു മറ്റു വിവാഹങ്ങള്‍).

മക്കള്‍ പന്ത്രണ്ട് പേര്‍. അബ്ദുല്ല, അബ്ദുറഹ്മാന്‍, സൈദ്, ഉബൈദുല്ല, ആസ്വിം, ഇയാദ്, ഹഫ്‌സ്വ, റുഖിയ്യ, ഫാത്വിമ, സ്വഫിയ്യ, സൈനബ്, ഉമ്മുല്‍ വലീദ്. ഹഫ്‌സ്വ(റ) പിന്നീട് പ്രവാചക പത്‌നിയായി ത്തീര്‍ന്നു. ഉമര്‍(റ) പത്തര വര്‍ഷം ഇസ്‌ലാമികരാജ്യത്തിന്റെ ഖലീഫയായി. 63ാം വയസ്സില്‍ ഹിജ്‌റ വര്‍ഷം 23(ക്രി.വ.644) ദുല്‍ഹിജ്ജ 26ന് ആ സംഭവബഹുലമായ ജീവിതത്തിന് അന്ത്യമായി.

ഇസ്‌ലാം സ്വീകരണം

അയല്‍വാസികളായ മുസ്‌ലിംകളില്‍ ചിലര്‍ ഹിജ്‌റ പോകാനൊരുങ്ങിയത് ഉമര്‍ അറിഞ്ഞു. സ്വത്തും വീടും ഇഷ്ടക്കാരുമില്ലാതെയുള്ള അവരുടെ യാത്ര അയാളെ വേദനിപ്പിച്ചു. 'അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ' ഉമര്‍ അവരെ ആശംസിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മുഹമ്മദിനോടുള്ള പക വളരുകയായിരുന്നു.

മക്കയിലെ പുതിയ വിശ്വാസമാണ് ഈ പാവം കുടുംബങ്ങളെ ഇങ്ങനെയാക്കിയത്. ഈ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്തില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. അതിന് മുഹമ്മദിനെ കൊല്ലണം. ഉമര്‍ തീരുമാനിച്ചുറച്ചു.

ഖത്താബിന്റെ മകന് ഇടംവലം നോട്ടം പണ്ടേയില്ല. വാളെടുത്തിറങ്ങി. ക്രോധം സ്ഫുരിച്ച ഭീതിയുണര്‍ത്തി. കാര്യമറിഞ്ഞ നുഐം ബിന്‍ അബ്ദില്ല മുന്നറിയിപ്പു നല്‍കി: ''ഉമറേ, ഹാശിം കുടുംബം അടങ്ങിയിരിക്കുമെന്ന് നീ കരുതുന്നുണ്ടോ?''.

''ഹോ, നീയും അതിന്റെ ആളാണല്ലേ?'' ഉമറിന്റെ രൂക്ഷമായ നോട്ടം നുഐമിനെ ചകിതനാക്കി. എന്നാലും അദ്ദേഹം വിട്ടുകൊടുത്തില്ല.

''നിന്റെ പെങ്ങള്‍ ഫാത്വിമയും അവളുടെ ഭര്‍ത്താവ് സഈദും മുഹമ്മദിന്റെ മതത്തിലാണല്ലോ. അവരെയും നീ കൊല്ലുമോ?''.

അന്ധാളിച്ച ഉമര്‍ മിഴിച്ചു നില്‍ക്കെ നുഐം ഉറപ്പിച്ചു: ''അതേ, സംശയിക്കണ്ട.''

ഉമറിന്റെ മട്ടുമാറി; വഴിയും. നേരെ ഫാത്വിമയുടെ വീട്ടിലേക്ക്. വാതിലില്‍ മുട്ടി. അകത്ത് ഖബ്ബാബി(റ)ല്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുകയായിരുന്നു പെങ്ങളും ഭര്‍ത്താവും. ദിവ്യവചനങ്ങളുടെ നേര്‍ത്ത ഈണം ഉമര്‍ കേട്ടു.

''എന്താണ് ഇവിടെ നിന്നു ഞാന്‍ കേട്ടത്?'' വാതില്‍ തുറക്കും മുമ്പുതന്നെ ഉമറിന്റെ ചോദ്യം ഫാത്വിമയെ ഞെട്ടിച്ചു. ''നിങ്ങള്‍ മുഹമ്മദില്‍ വിശ്വസിച്ചു അല്ലേ?'' സഹോദരനു മുന്നില്‍ ഉത്തരം കിട്ടാതെ നിന്നു, ഫാത്വിമ.

''സംശയിക്കേണ്ട, ഞങ്ങള്‍ നബി(സ്വ)യില്‍ വിശ്വസിച്ചു.'' സഈദ് ഇടക്കു കയറിപ്പറഞ്ഞു. ആ നിമിഷം തന്നെ ഉമറിന്റെ അടിയേറ്റ സഈദ് നിലത്തുവീണു. തടയാന്‍ ശ്രമിച്ച ഫാത്വിമക്കും കിട്ടി അടി.

''അല്ലാഹുവിലും അവന്റെ ദൂതനിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, നിനക്കിഷ്ടമുള്ളത് ചെയ്‌തോളൂ.'' രക്തവും കണ്ണീരും പരന്ന കവിളുകാട്ടി ഫാത്വിമ സഹോദരന് മുന്നില്‍ വീറോടെ നിന്നു. ആ മുഖത്തേക്ക് ഉമര്‍ ഒന്നേ നോക്കിയുള്ളൂ.

ഉക്കാദിൽ മല്ലന്‍മാരെ മലര്‍ത്തിയടിച്ചിരുന്ന ഖത്താബിന്റെ ധീരനായ പുത്രന്‍ സ്വന്തം സഹോദരിയുടെ കണ്ണീരിനു മുന്നില്‍, വികാരാധീനനായി. ക്രോധം മറഞ്ഞ മുഖം ആര്‍ദ്രമായി. പെങ്ങളെയും ഭര്‍ത്താവിനെയും കൊച്ചുകുഞ്ഞിനെപ്പോലെ മാറിമാറി നോക്കി.

''ആ ഏട് ഞാനൊന്ന് വായിച്ചോട്ടേ?'' ഉമറിന്റെ പതിഞ്ഞ ശബ്ദം അവരെ അതിശയിപ്പിച്ചു. ''പറ്റില്ല, പോയി ശുദ്ധിയായി വരൂ.'' പെങ്ങള്‍ പറഞ്ഞു. കുളിച്ചു വൃത്തിയായി വന്ന ഉമര്‍ ആ ഏട് വാങ്ങി വായിച്ചു.

''ത്വാഹാ മാ അന്‍സല്‍നാ അലയ്കല്‍ ഖുര്‍ആന ലിതശ്ഖാ...''.

ഉമറിന് തിരുനബിയെ കാണാന്‍ ധൃതിയായി. ഖബ്ബാബിനെയും കൂട്ടി നേരെ ദാറുല്‍ അര്‍ഖമിലെത്തി. ശഹാദത്ത് ഏറ്റുചൊല്ലി. കൂടിയിരുന്നവര്‍ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചു. ഉമറിന്റെ നെഞ്ചു തടവിക്കൊണ്ട് തിരുനബി ദൈവത്തെ സ്തുതിച്ചു.

ഉമറിന്റെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ച് വേറെയും വിവരണങ്ങളുണ്ട്. ചരിത്ര ഗ്രന്ഥങ്ങളില്‍ കൂടുതല്‍ കാണുന്നതാണ് മേല്‍ വിശദീകരിച്ചത്.

 


 

 
 

Feedback