Skip to main content

നബി(സ്വ)യോടൊപ്പമുള്ള ഉമര്‍

മുസ്‌ലിമായ ഉമര്‍ നബി(സ്വ) ഉള്‍പ്പടെയുള്ളവര്‍ക്ക് തണലും ആവേശവുമായി. ''നബിയേ, നാം സത്യത്തിലല്ലേ, പിന്നെന്തിന് മറഞ്ഞിരിക്കണം?'' ഇതായിരുന്നു ഉമറിന്റെ സംശയം.

ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം നേരെ പോയത് അബൂജഹ്‌ലിന്റെ വീട്ടിലേക്കായിരുന്നു, താന്‍ മുസ്‌ലിമായ വിവരം പറയാന്‍. പിന്നെ കഅ്ബയിലേക്കും, പരസ്യമായി നമസ്‌കരിക്കാന്‍.

മുസ്ലിംകളെ അദ്ദേഹം ഇതിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഉമറി(റ)ന്റെയും ഹംസ(റ)യുടെയും നേതൃത്വത്തില്‍ മുസ്്‌ലിംകള്‍ കഅ്ബയിലെത്തി നമസ്‌കരിച്ചു. ഒരു ഖുറൈശിയും അവരെ തടഞ്ഞില്ല. സത്യനിഷേധികളെ വെല്ലുവിളിച്ചുകൊണ്ടു തന്നെയാണ് കുടുംബത്തെയും കൂട്ടി ഫാറൂഖ്(റ) മദീനാ ഹിജ്‌റയും നടത്തിയത്.

മദീനയില്‍ വെച്ചാണ് ഉമര്‍(റ) ശരിക്കും തിരുനബിയുടെ ശിക്ഷണത്തില്‍ വളരുന്നത്. എന്തിനെയും ചോദ്യം ചെയ്യാനും സ്വന്തം അഭിപ്രായം തുറന്നു പറയാനും ഖത്താബിന്റെ മകന് മടിയില്ലായിരുന്നു; അത് തിരുദൂതനായിരുന്നാലും. ഈ സ്വഭാവത്തെ നബി(സ്വ) ഒരിക്കല്‍പോലും എതിര്‍ത്തിരുന്നില്ല. 

ബദ്ര്‍ യുദ്ധത്തില്‍, ശത്രുപക്ഷത്തെ സുഹൈലുബ്‌നു അംറ് ബന്ദിയായി പിടിക്കപ്പെട്ടു. ഖുറൈശി പക്ഷത്തെ പ്രഭാഷകനും നബി(സ്വ)യുടെ കടുത്ത എതിരാളിയായിരുന്ന സുഹൈലിന്റെ നാവും പല്ലും പിഴുതെടുക്കണമെന്ന് ഉമര്‍(റ)പറഞ്ഞു. നബി(സ്വ) അത് അംഗീകരിച്ചില്ല. പകരം സുഹൈലിനെ ഖുറൈശികള്‍ക്ക് കൈമാറുകയാണ് ചെയ്തത്.

മകളുടെ ഭര്‍ത്താവ് ഖുനൈസ്(റ) മരിച്ചു. അവളെ പുനര്‍വിവാഹം ചെയ്യാന്‍ ആദ്യം അബൂബക്‌റിനോടും പിന്നെ ഉസ്മാനോ(റ)ടും ഉമര്‍ നേരിട്ടാവശ്യപ്പെട്ടു. അവര്‍ വിസമ്മതിച്ചപ്പോള്‍ തിരുനബിയോട് ഉമര്‍ പരാതി പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''ഉമര്‍, കാത്തിരിക്കുക. അവരേക്കാള്‍ നല്ല ഒരാളെ താങ്കള്‍ക്ക് മരുമകനായി ലഭിച്ചേക്കും.''

വൈകാതെ ഹഫ്‌സ്വ(റ)യെ തിരുനബി വിവാഹം ചെയ്തു.

ഹുദൈബിയ സന്ധി വ്യവസ്ഥകളും തുടര്‍ന്നുണ്ടായ അബൂജന്ദലിനെ മക്കയിലേക്ക് തിരിച്ചയക്കലും ഉമറിനെ രോഷാകുലനാക്കി; പല സ്വഹാബിമാരെയും. എന്നാല്‍ ഉമര്‍(റ) രോഷം തിരുനബിക്കു മുന്നില്‍ പ്രകടിപ്പിക്കുക തന്നെ ചെയ്തു.

''അങ്ങ് ദൈവദുതന്‍ തന്നെയല്ലേ? നാം മുസ്‌ലിംകളല്ലേ? അവര്‍ സത്യനിഷേധികള്‍ തന്നെയല്ലേ? പിന്നെന്തിന് നാമീ അപമാനം പേറണം?''.

നിയന്ത്രണം വിട്ട അല്‍ഫാറുഖിനോട് ശാന്തനായി തിരുദൂതര്‍ മൊഴിഞ്ഞു: ''ഉമറേ, ഞാന്‍ ദൈവദൂതന്‍ തന്നെ. അല്ലാഹുവിന്റെ കല്പന ഞാന്‍ അവഗണിക്കില്ല. അവന്‍ എന്നെ കൈവെടിയുകയുമില്ല.'' ഉമര്‍ സാവധാനം ശാന്തനായി.

വിശ്വാസ വഞ്ചന നടത്തിയ കപട വിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യിനെയും, മക്ക കീഴടക്കാന്‍ നബി(സ്വ) സൈനിക സന്നാഹം നടത്തുന്ന രഹസ്യം ഖുറൈശികളെ അറിയിക്കാന്‍ ചാരപ്പണി നടത്തിയ ഹാത്തിബിനെയും വധിക്കാന്‍ ഉമര്‍(റ) തിരുനബിയോട് അനുവാദം ചോദിക്കുകയുണ്ടായി. എന്നാല്‍ അവിടുന്ന് അനുവദിച്ചില്ല.

ധര്‍മിഷ്ടനായ ഉമര്‍(റ)

ഇസ്‌ലാമില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറാണ്. ഖൈബറിലെ തന്റെ ഭൂമിയാണ് തിരുനബിയുടെ അനുമതിയോടെ ദരിദ്രര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അദ്ദേഹം ദൈവ മാര്‍ഗത്തില്‍ നല്‍കിയത്.
തനിക്കായി നീക്കിവെക്കുന്ന യുദ്ധാര്‍ജിത സ്വത്ത് പാവങ്ങള്‍ക്ക് നല്‍കാന്‍ ഉമര്‍(റ) തിരുനബിയോടു തന്നെ ആവശ്യപ്പെട്ടിരുന്നു. തബൂക്ക് യുദ്ധഫണ്ടിലേക്ക്, തന്റെ കൈവശമുണ്ടായിരുന്ന മൊത്തം സ്വത്ത് രണ്ടായി ഭാഗിച്ച് ഒരുഭാഗം നല്‍കി.

മനുഷ്യരില്‍ ഒരാളെയും ഭയപ്പെടാതിരുന്ന ഉമര്‍(റ) പക്ഷേ, അല്ലാഹുവിനെ അങ്ങേയറ്റം പേടിച്ചു. സ്വകാര്യമായി കരഞ്ഞു പ്രാര്‍ഥിക്കാന്‍ ഭരണത്തിരക്കിലും അദ്ദേഹം സമയം കണ്ടെത്തി.

ആരെയെങ്കിലും യാത്രയാക്കുമ്പോള്‍ ഉമര്‍(റ) പറയുമായിരുന്നു: 'സഹോദരാ, താങ്കളുടെ പ്രാര്‍ഥനയില്‍ ഈ സാധുവിനെയും ഉള്‍പ്പെടുത്തണേ.'

ഉംറ നിര്‍വഹിക്കാന്‍ ഒരിക്കല്‍ ദൂതരോട് ഉമര്‍(റ) അനുവാദം ചോദിച്ചു. അനുമതി നല്‍കിയ ശേഷം തിരുനബി അദ്ദേഹത്തോട് പറഞ്ഞത്; 'പ്രാര്‍ഥനയില്‍ നമ്മെ മറക്കരുതേ' യെന്നായിരുന്നു.

 


 

Feedback