Skip to main content

പീഡനങ്ങളും ഹിജ്‌റയും

ഉമയ്യ കുടുംബത്തിന് കനത്ത ആഘാതമായി ഉസ്മാന്റെ മനംമാറ്റം. ഖുറൈശികളുടെ സ്‌നേഹഭാജനം അതോടെ അവര്‍ക്ക് ശത്രുവുമായി. അബൂസുഫ്‌യാനു തന്നെയായിരുന്നു കടുത്ത വൈരം. അയാള്‍ ഉസ്മാന്റെ പിതൃവ്യന്‍ കൂടിയായ ഹകമുബ്‌നു അബില്‍ ആസ്വിനെ ആവേശം കൊള്ളിച്ചു; ഉസ്മാനെ പിന്തിരിപ്പിക്കാന്‍. ഹകം ചങ്ങലയില്‍ ബന്ധിച്ച് ഇരുട്ടു മുറിയിലടച്ചു, സഹോദര പുത്രനെ.

''പൂര്‍വികരുടെ മതംവെടിഞ്ഞ് പുതിയൊരു മതം വേണ്ട നിനക്ക്. ദൈവം സത്യം, ഈ മതം ഉപേക്ഷിച്ചില്ലെങ്കില്‍ രക്ഷപ്പെടില്ല നീ''. അയാള്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ തരിമ്പും ഭയപ്പെട്ടില്ല ഉസ്മാന്‍(റ). ചങ്ങലകളെ അവഗണിച്ച ആ ഖുറൈശി സുന്ദരന്‍ പിതൃവ്യനോട് തുറന്നു പറഞ്ഞു: ''സത്യമതത്തിന്റെ മധുരം ഞാന്‍ നുണഞ്ഞു കഴിഞ്ഞു. അല്ലാഹു സത്യം, ഇത് ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല.''

മാതാവ് ഉര്‍വയുടെ പിന്തുണയും ലഭിച്ചു. ഹകം ഉസ്മാനെ പാട്ടിനു വിട്ടു. എന്നാല്‍ ഇതര മുസ് ലിംകളെ, പ്രത്യേകിച്ച് യാസിര്‍ കുടുംബം ഉള്‍പെടെയുള്ള അടിമകളെ നെഞ്ചുരുകുന്ന പീഡനങ്ങളാല്‍ ഖുറൈശികള്‍ പരീക്ഷിച്ചു. ഇതിന് നേതൃത്വം നല്‍കിയവരില്‍ പലരും ഉസ്മാന്‍(റ)ന്റെ കുടുംബമായ ഉമയ്യക്കാരും. ലോലഹൃദയനായ ഉസ്മാന് ഇത് സഹിക്കാനാവു മായിരുന്നില്ല. ഈ വേളയിലാണ് പ്രവാചക പുത്രി റുഖിയ്യയെ അദ്ദേഹം വിവാഹം കഴിച്ചത്. ഇതും ഉമയ്യക്കാരെ വിറളി പിടിപ്പിച്ചു.

നുബുവ്വത്തിന്റെ അഞ്ചാം വര്‍ഷത്തില്‍, സഹികെട്ടപ്പോള്‍ തിരുനബി ഹിജ്‌റക്ക് അനുവാദം നല്‍കി . രണ്ട് കപ്പലുകളിലായി അബ്‌സീനിയായിലേക്ക്(ഇന്നത്തെ എത്യോപ്യ) പോയ പലായന സംഘ ത്തില്‍ ഉസ്മാനുബ്‌നു അഫ്ഫാനും ഭാര്യ റുഖിയ്യയുമുണ്ടായിരുന്നു. അങ്ങനെ ഇസ്‌ലാമില്‍ ഹിജ്‌റ പോയ പ്രഥമ കുടുംബമായി ഉസ്മാന്റേത്.

മക്കയില്‍ നിന്നറിഞ്ഞ തെറ്റായ വാര്‍ത്തയെ തുടര്‍ന്ന് അവര്‍ അബ്‌സീനിയയില്‍ നിന്ന് ഒരിക്കല്‍ മടങ്ങി. എന്നാല്‍ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ അങ്ങോട്ടുതന്നെ തിരിച്ചു. മദീന ഹിജ്‌റയിലും മൂന്നാമത്തെ സംഘത്തില്‍ ഉസ്മാനും കുടുംബവുമുണ്ടായിരുന്നു.

കച്ചവടത്തില്‍ നിപുണനായിരുന്ന അബൂഅബ്ദില്ല(മകന്‍ അബ്ദുല്ലയിലേക്ക് ചേര്‍ത്തിപ്പറഞ്ഞിരുന്ന നാമം) മദീനയില്‍ അന്‍സ്വാരികളുടെ സഹായം നിരസിച്ചു. പകരം വ്യപാരം നടത്തി. വന്‍ ലാഭം നേടിയതോടെ മദീനയിലും സമ്പന്നനായി ജീവിക്കുകയും മുസ്‌ലിംകളെ സഹായിക്കുകയും ചെയ്തു. വെള്ള ക്ഷാമം പരിഹരിക്കാന്‍, ജൂതന്റെ പക്കലുണ്ടായിരുന്ന റൂമാ കിണര്‍ അദ്ദേഹം 20,000 വെള്ളിനാണയം നല്‍കി വാങ്ങി മുസ്‌ലിംകള്‍ക്ക് ദാനം ചെയ്തു. തബൂക്ക് യുദ്ധവേളയില്‍ സൈനിക ഫണ്ടിലേക്ക് നല്‍കിയത് 940 ഒട്ടകങ്ങളെയും 60 കുതിരകളെയും 10000 സ്വര്‍ണനാണയവും! ഇത് വാങ്ങി തിരുനബി പറഞ്ഞു: ''രഹസ്യമായും പരസ്യമായും അന്ത്യദിനം വരെ ചെയ്യുന്നതെല്ലാം അല്ലാഹു താങ്കള്‍ക്ക് പൊറുത്തുതരട്ടെ''.

ഉസ്മാനും(റ) തിരുദൂതരും

സമ്പന്നനും ഉമയ്യ കുടുംബാംഗവുമായ ഉസ്മാന്റെ ഇസ്‌ലാം പ്രവേശം നബി(സ്വ)യെ അങ്ങേയറ്റം സന്തോഷിപ്പിച്ചിരുന്നു. മകള്‍ റുഖിയ്യയെ അദ്ദേഹത്തിന് ഇണയാക്കി നല്‍കിയതോടെ ആ ബന്ധം സുദൃഢവുമായി.

ഭയഭക്തി, ആരാധനാനിഷ്ഠ, ലജ്ജാശീലം, ദാനധര്‍മം എന്നിവയില്‍ ഉസ്മാന്‍(റ) മുന്നിട്ടുനിന്നു. ഈ പ്രത്യേകത തിരുനബി തിരിച്ചറിയുകയും അത് ഇസ്‌ലാമിക സമൂഹത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. ഉസ്മാനെ തിരുനബി സൈനികനേതൃത്വം ഏല്പിച്ചിട്ടില്ല; എന്നാല്‍ പലപ്പോഴും മദീനയില്‍ നബി(സ)യുടെ പ്രതിനിധിയാക്കി.

ബദ്ര്‍ യുദ്ധത്തിനു പോകുമ്പോള്‍ മദീനയുടെ ചുമതല നബി(സ്വ) ഉസ്മാന്‍(റ)ന് നല്‍കി. ഗത്വ്ഫാന്‍, ദാതുര്‍റിഖാഅ് പടനീക്ക വേളകളിലും മദീനയുടെ ഉത്തരവാദിത്തം ഏല്‍പിച്ചതും ഇദ്ദേഹത്തെ തന്നെയായിരുന്നു. ഹുദൈബിയാ സന്ധിക്കുമുമ്പ് മക്കയിലേക്ക് ചര്‍ച്ചക്ക് നിയോഗിച്ചതും ഉസ്മാനെന്ന ഉമയ്യ കുടുംബാംഗത്തെത്തന്നെ.

ബദ്ര്‍ ഒഴികെയുള്ള പ്രധാന യുദ്ധങ്ങളിലെല്ലാം ഉസ്മാന്‍(റ) പങ്കെടുത്തു. ഉഹ്ദില്‍ തിരുനബി മരിച്ചുവെന്ന പ്രചാരണത്തില്‍ വീണ ഉസ്മാന്‍(റ) കളം വിട്ട് ഓടിയിരുന്നു. പിന്നീട് തിരിച്ചുവന്നു. (ഇവര്‍ക്ക് പിന്നീട് അല്ലാഹു പൊറുത്തുകൊടുത്തു. ആലുഇംറാന്‍ 155). എന്നാല്‍ ഹുനൈന്‍ പടക്കളത്തില്‍ മുസ്്‌ലിം സേന ചിതറി ഓടിയപ്പോള്‍ തിരുനബിയുടെ ചാരത്ത് പ്രതിരോധ കവചമായി ഇദ്ദേഹമുണ്ടായിരുന്നു.

ഹിജ്‌റ ഒമ്പതില്‍ ഹജ്ജ് നിര്‍ബന്ധമാക്കി. നബി(സ്വ) പ്രിയമിത്രം അബൂബക്‌റി(റ)ന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഹജ്ജിനയച്ചിരുന്നു. ഇവരിലൊരാള്‍ ഉസ്മാനാ(റ)യിരുന്നു. ചരിത്രത്തില്‍ ഖ്യാതി നേടിയ ബൈഅത്തുരിദ്‌വാന്‍ ഉസ്മാനു(റ) വേണ്ടിയായിരുന്നുവല്ലോ. ആ പശ്ചാത്തലമിങ്ങനെ:

ഉംറക്കു പുറപ്പെട്ട  മുസ്‌ലിംകളെ ഖുറൈശികള്‍ തടഞ്ഞു. യുദ്ധസമാനമായ ഒരു സാഹചര്യം നിലനിന്നപ്പോള്‍ ഖുറൈശികളുമായി ചര്‍ച്ച നടത്താന്‍ ദൂതര്‍ ഉസ്മാനെ(റ) നിയോഗിക്കുകയായിരുന്നു. മക്കയിലെത്തിയ ഉസ്മാന്‍ മടങ്ങാന്‍ വൈകിയതിനാല്‍ അദ്ദേഹത്തെ ഖുറൈശികള്‍ വധിച്ചു എന്ന കിംവദന്തി പരന്നു. ഇത് അങ്ങേയറ്റത്തെ വിഷമമുണ്ടാക്കി തിരുനബിക്ക്. അങ്ങനെയാണ് ഒരു വൃക്ഷത്തണലില്‍ സംഗമിച്ച് മുസ്‌ലിംകള്‍ ദൂതരോട് ഉടമ്പടി നടത്തിയത്; ഉസ്മാന്റെ ഘാതകരോട് യുദ്ധം ചെയ്യുമെന്ന്. എന്നാല്‍ ഉടമ്പടിക്കു പിന്നാലെ സുഹൈലുബ്‌നു അംറിന്റെ കൂടെ ഉസ്മാന്‍ തിരിച്ചെത്തുകയായിരുന്നു.

''എല്ലാ നബിമാര്‍ക്കും സ്വര്‍ഗത്തില്‍ ഒരു സതീര്‍ഥ്യനുണ്ടാവും. എന്റെ സതീര്‍ഥ്യന്‍ ഉസ്മാനാണ്'' തിരുനബിയുടെ സാക്ഷ്യം മതി അബൂഅബ്ദില്ലയുടെ മഹത്വമറിയാന്‍.

 

Feedback