Skip to main content

ഹജ്ജും ഉംറയും; സ്ത്രീകള്‍ക്കുള്ള ഇളവുകള്‍

ഹജ്ജിനും ഉംറക്കും മദീന സിയാറത്തിനും പോകുന്ന സഹോദരിമാര്‍ അധികപേരും കര്‍മങ്ങള്‍ പ്രാമാണികമായി പഠിക്കാതെ പോകുന്നതിനാല്‍ വലിയ അബദ്ധങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. കാര്യങ്ങള്‍ പഠിക്കുകയും മതത്തിന്റെ ഇളവുകള്‍ സ്വീകരിക്കുകയും ചെയ്താല്‍ സ്വീകാരയോഗ്യമായ വിധത്തില്‍ സംതൃപ്തിയോടെ കര്‍മങ്ങള്‍ ചെയ്തു നിര്‍വൃതിയടയാം.

ഇസ്‌ലാം ആരാധനകള്‍ കൊണ്ട് ബുദ്ധിമുട്ട് ഉദ്ദേശിക്കുന്നില്ല. അതിനാല്‍ ധാരാളം ഇളവുകള്‍ നല്കിയിരിക്കുന്നു. 'അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. അവന്‍ നിങ്ങള്‍ക്ക് പ്രയാസം ഉദ്ദേശിക്കുന്നില്ല' (2:185). 'നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു' (4:28). 'മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടുമില്ല' (22:78).

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: 'നിശ്ചയം, മതം എളുപ്പമാണ്. മതത്തെ തീവ്രമാക്കിയാല്‍ അത് അവനെ പരാജയപ്പെടുത്തും. അതിനാല്‍ മിതത്വം പാലിക്കുകയും സാധിക്കുന്നത്രയും പ്രവര്‍ത്തിക്കുകയും ചെയ്യുക, സന്തോഷിക്കുകയും ചെയ്യുവിന്‍. കാലത്തും വൈകുന്നേരവും രാത്രിയുടെ അന്ത്യയാമത്തിലും നിങ്ങള്‍ അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുവിന്‍' (ബുഖാരി: 39).

ഹജ്ജ് ശാരീരിക പീഡനമല്ല
നബി(സ്വ) പറഞ്ഞു: 'സ്ത്രീകള്‍ക്കുള്ള ധര്‍മസമരമാണ് ഹജ്ജ് കര്‍മം'(ബുഖാരി: 2875). നബിചര്യ അനുസരിച്ച് ഭക്തിയോടെ ഹജ്ജ് നിര്‍വഹിക്കുക എന്നത് അതിന്റെ താത്പര്യമാകുന്നു. അനവധി ആളുകളുടെ ധാരണ ഹജ്ജ് എന്ന ആരാധനാ കര്‍മം ശാരീരിക പീഡനം അനുഭവിക്കലാണ് എന്നതത്രേ. അത്തരക്കാരാണ് ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ പിന്നെ മക്കയില്‍ നിന്ന് മിനായിലേക്കും അറഫയിലേക്കും മുസ്ദലിഫയിലേക്കും അങ്ങനെ ഹജ്ജിന്റെ ആദ്യാവസാനം വാഹനം ഒട്ടും ഉപയോഗിക്കാതെ നടന്നു തന്നെ പോവുന്നത്. ഹജ്ജിന് വരുന്ന സ്ത്രീകളും ഇങ്ങനെ നടക്കുന്നവരുണ്ട്. ഒരു തീര്‍ഥാടകന് അവകാശപ്പെട്ട സൗകര്യങ്ങള്‍ പോലും ഉപയോഗിക്കാതെ പ്രയാസം സ്വയം ഏറ്റുവാങ്ങുന്നവര്‍. എന്നാല്‍ പ്രവാചകന്‍(സ്വ) ഹജ്ജില്‍ വാഹനം ഉപയോഗിച്ചുവെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

സ്ത്രീകളുടെ ഇഹ്‌റാം വസ്ത്രം
ഹജ്ജിനും ഉംറക്കും വരുന്ന അനേകം സ്ത്രീകള്‍ പ്രത്യേക നിറമുള്ള വസ്ത്രം ധരിക്കാറുണ്ട്. അങ്ങനെയുള്ള വസ്ത്രം ധരിക്കുന്നത് കുടുതല്‍ പുണ്യവും പ്രതിഫലവും ഉള്ളതാണെന്ന അബദ്ധ ധാരണയുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇഹ്‌റാം ചെയ്യുന്നതിന് നിശ്ചിത കളറുള്ള വസ്ത്രം ഇസ്‌ലാം നിര്‍ദേശിച്ചിട്ടില്ല. ഏതെങ്കിലും നിറമുള്ള വസ്ത്രം ഹജ്ജിനു പോകുന്ന സ്ത്രീക്ക് പ്രത്യേകമായി സുന്നത്തുണ്ട് എന്നു കരുതി ധരിക്കുമ്പോള്‍ ബിദ്അത്തായി മാറും.

അവര്‍ക്ക് ഇഷ്ടമുള്ള ഏതു കളറുള്ള വസ്ത്രവും ധരിക്കാം. ഇടുങ്ങിയതോ നേര്‍ത്തതോ ശരീരവടിവുകള്‍ മുഴപ്പിച്ചുകാണിക്കുന്നതോ ആയ വസ്ത്രം പാടില്ല. അലങ്കാരം നിറഞ്ഞതോ ഔറത്ത് വെളിവാകുന്നതോ ആയ വസ്ത്രവും പാടില്ല. പുരുഷന്മാരോട് സാദൃശ്യം പുലര്‍ത്തുന്ന വസ്ത്രവും അവര്‍ ഒഴിവാക്കണം. സത്യനിഷേധികളുടെ പ്രത്യേക വിശ്വാസ ആചാരവുമായി ബന്ധപ്പെട്ട വസ്ത്രവും അണിഞ്ഞുകൂടാ. സ്ത്രീകളുടെ മാന്യതയും വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്ന വസ്ത്രം, വളകള്‍, മോതിരം, കണ്ണട തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഇഹ്‌റാമില്‍ സ്ത്രീകള്‍ ബുര്‍ഖയോ മുഖാവരണമോ ധരിക്കല്‍ നിഷിദ്ധമാണ്. കൈയുറയും ധരിക്കാന്‍ പാടില്ല. 

അബ്ദുല്ലാഹിബ്‌നു ഉമറി(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീ, മുഖം മൂടുന്ന വസ്ത്രവും കൈയുറയും ധരിക്കരുത്' (ബുഖാരി: 1838).

മുസ്ദലിഫയില്‍ നിന്ന് ജംറയിലേക്ക്
മുസ്ദലിഫയില്‍ രാപ്പാര്‍ക്കുക എന്നത് ഹജ്ജിന്റെ വാജിബുകളില്‍പ്പെട്ട ഒന്നാണ്. സുബ്ഹി നമസ്‌കരിച്ച് മശ്അറുല്‍ ഹറാമില്‍ പോയി പ്രാര്‍ഥിച്ചു സുര്യോദയത്തിനു മുമ്പ് മുസ്ദലിഫയില്‍ നിന്നു ജംറത്തുല്‍ അഖബയിലേക്ക് പുറപ്പെടേണ്ടതുണ്ട്. എന്നാല്‍ അനാരോഗ്യമുള്ള സ്ത്രീകള്‍ക്കും കൂടെയുള്ളവര്‍ക്കും അര്‍ധരാത്രിക്കു ശേഷം (സുബ്ഹിക്കു മുമ്പ്) തന്നെ, അതായത് രാത്രി ചന്ദ്രന്‍ അസ്തമിച്ച ശേഷം മുസ്ദലിഫയില്‍ നിന്നു പുറപ്പെടുന്നതില്‍ ഇളവുണ്ട്. ഇത് തിരക്കിനു മുമ്പ് ജംറയില്‍ കല്ലെറിയാന്‍ അവര്‍ക്ക് ഏറെ സഹായകമാണ്. പ്രവാചക പത്‌നി സൗദ(റ) തടിച്ച ശരീരമുള്ള വനിതയായിരുന്നു. മുസ്ദലിഫയില്‍ നിന്നു ജനങ്ങളുടെ തിരക്കിനു മുമ്പ് ജംറയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ നബി(സ്വ) അവര്‍ക്ക് അനുവാദം നല്‍കി. പിന്നീട് ആഇശ(റ) പറയുന്നു: അവര്‍ അനുവാദം തേടിയ പോലെ ഞാനും ചോദിച്ചിരുന്നുവെങ്കില്‍ അത് എനിക്ക് ഏറെ സന്തോഷകരമായിരുന്നു (ബുഖാരി: 1681).

ഹജ്ജ് വേളയില്‍ ആര്‍ത്തവമുണ്ടായാല്‍
ഹജ്ജും ഉംറയും ഉദ്ദേശിച്ചു കൊണ്ട് പുറപ്പെട്ട് ഇഹ്‌റാം ചെയ്യാനായി മീഖാത്തില്‍ എത്തുകയും എന്നാല്‍ ആ സമയത്ത് ആര്‍ത്തവമുണ്ടാവുകയും ചെയ്താല്‍ ഇഹ്‌റാം ചെയ്യാതെ മക്കയിലേക്ക് പോവുകയും ഇഹ്‌റാം ചെയ്യണമെങ്കില്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധി നിര്‍ബന്ധമാണെന്ന് കരുതുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. ഇത് വലിയ തെറ്റാണ്. കാരണം ഇഹ്‌റാം ചെയ്യാന്‍ ആര്‍ത്തവം തടസ്സമല്ല. ആര്‍ത്തവക്കാരിക്ക് ത്വവാഫ് ഒഴികെ ഹജ്ജിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ അനുവാദമുണ്ട്. ആഇശ(റ)ക്ക് ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ ആര്‍ത്തവം ഉണ്ടായപ്പോള്‍ നബി(സ്വ) അവരോട് ത്വവാഫ് ചെയ്യരുത് എന്നാണ് വിലക്കിയത് (ബുഖാരി: 1560). ത്വവാഫ് ശുദ്ധിയായ ശേഷം ചെയ്യാവുന്നതേയുള്ളു. എന്നാല്‍ മീഖാത്തില്‍ നിന്ന് ഇഹ്‌റാം ചെയ്യാതെ പോയാല്‍ മീഖാത്തിലേക്ക് മടങ്ങണം. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഒരു ആടിനെ അറുത്ത് മക്കയിലെ ദരിദ്രര്‍ക്ക് നല്‍കേണ്ടതുണ്ട്. ഹജ്ജിന്റെയും ഉംറയുടെയും റുക്‌ന്‌നുകളില്‍പ്പെട്ടതാണ് ഇഹ്‌റാം ചെയ്യല്‍. മീഖാത്തില്‍ നിന്നുതന്നെ ഇഹ്‌റാം ചെയ്യല്‍ നിര്‍ബന്ധമാണ്.

ഇനി അവര്‍ക്ക് ഹജ്ജിന്റെ ത്വവാഫ് ചെയ്ത ശേഷമാണ് ആര്‍ത്തവമുണ്ടായതെങ്കില്‍ സഅ്‌യ് ചെയ്യാനോ ബാക്കി ഹജ്ജ് കര്‍മം പൂര്‍ത്തീകരിക്കാനോ യാതൊരു തടസ്സവുമില്ല. സഅയ് ചെയ്യാന്‍ ശുദ്ധി നിബന്ധനയല്ല. ഡോക്ടറുടെ അനുവാദമുണ്ടെങ്കില്‍, ആരോഗ്യ പ്രശ്‌നം ഉണ്ടാകില്ല എങ്കില്‍ ആര്‍ത്തവം താല്‍ക്കാലികമായി നീട്ടിവെക്കാന്‍ വേണ്ടി ഗുളിക കഴിക്കല്‍ അനുവദനീയമാണ്. ഹജ്ജിന്റെ ദിനരാത്രങ്ങളില്‍ ആര്‍ത്തവക്കാരിയായ ഹജ്ജ് കര്‍മം ചെയ്യുന്നവള്‍ക്കും ദുആ, ദിക്‌റുകള്‍, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം എന്നിവ നിര്‍വഹിക്കാന്‍ സാധിക്കും.

ഹജ്ജിനെത്തുന്ന സഹോദരിമാര്‍ക്ക് വ്യക്തിപരമായോ മറ്റോ രോഗങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടുമെന്നും അങ്ങനെ കര്‍മം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന ആശങ്കയുണ്ടെങ്കില്‍ ഇഹ്‌റാം ചെയ്യുന്ന വേളയില്‍ ഇങ്ങനെ ഒരു നിബന്ധന കൂടി വെക്കുക:

اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي


അല്ലാഹുവേ, നീ എന്നെ തടയുന്ന സ്ഥലത്ത് ഞാന്‍ തഹല്ലുലാകുന്നതാണ് (ബുഖാരി: 5089). ഇങ്ങനെ ചെയ്താല്‍ അവരുടെ മേല്‍ യാതൊരു ഫിദ്‌യയും ബാധ്യതയില്ല. ഹജ്ജിലും ഉംറക്കും ത്വവാഫിന് ആദ്യത്തെ മൂന്നു തവണ കാലുകള്‍ അടുത്തടുത്തു വെച്ച് വേഗത്തില്‍ നടക്കുക എന്ന സുന്നത്തുണ്ട്. ഇതിന് റമ്ല്‍ എന്നാണ് പറയുക. സഅ്‌യ് നടത്തുന്ന സ്ഥലം (മസ്ആ) പച്ച ലൈറ്റുകൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഈ അടയാളങ്ങള്‍ക്കിടയില്‍ പുരുഷന്‍മാര്‍ ചെറുതായി ഓടണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഈ രണ്ട് അവസരങ്ങളിലും നടന്നാല്‍ മതി.

ജംറകളില്‍ എറിയുന്നത് ഹജ്ജിന്റെ നിര്‍ബന്ധ ഘടകങ്ങളില്‍പ്പെട്ടതാണ്. അതിനാല്‍ ഓരോ ഹജ്ജുകാരനും സ്വയം എറിയുകയാണ് വേണ്ടത്. എന്നാല്‍ ജംറകളില്‍ കല്ലെറിയാന്‍ സാധിക്കാത്ത അശക്തരായ സ്ത്രീകള്‍, ഗര്‍ഭിണികള്‍, പ്രയാധിക്യമുള്ള വനിതകള്‍, രോഗികള്‍, കുഞ്ഞുങ്ങള്‍, കൂടെയുള്ള സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായി വന്നാല്‍ ഹജ്ജ് ചെയ്യുന്ന മറ്റൊരാളെ തനിക്കായി കല്ലെറിയുന്നതിനു വേണ്ടി ഏല്‍പിക്കാവുന്നതാണ്.

ത്വവാഫുല്‍ വിദാഉം സ്ത്രീകളും
വിടവാങ്ങല്‍ ത്വവാഫ് ഹജ്ജിന്റെ നിര്‍ബന്ധ കാര്യങ്ങളില്‍പ്പെട്ടതാണ്. എന്നാല്‍ പ്രസവരക്തമുള്ളവളോ ആര്‍ത്തവക്കാരിയോ ആയവര്‍ വിടവാങ്ങല്‍ ത്വവാഫ് ചെയ്യേണ്ടതില്ല. പ്രവാചക പത്‌നിക്ക് അങ്ങനെ അനുഭവമുണ്ടായി.

ആഇശ(റ) പറയുന്നു: നബിപത്‌നി സ്വഫിയ്യ ബിന്‍ത് ഹുയയ്യി(റ)ന് ഹജ്ജത്തുല്‍ വിദാഇല്‍ ആര്‍ത്തവമുണ്ടായി. അപ്പോള്‍ നബി(സ്വ) ചോദിച്ചു: അവര്‍ നമ്മെ തടഞ്ഞുവെക്കുമോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, തീര്‍ച്ചയായും അവര്‍ ത്വവാഫുല്‍ ഇഫാദ ചെയ്തിട്ടുണ്ട്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: എങ്കില്‍ മക്കയില്‍ നിന്ന് മടങ്ങട്ടെ (ബുഖാരി: 4401, മുസ്‌ലിം: 1211).

ത്വവാഫുല്‍ ഇഫാദ അഥവാ ഹജ്ജിന്റെ റുക്‌നായ ത്വവാഫ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ത്തവക്കാരിക്കും പ്രസവരക്തമുള്ള സ്ത്രീക്കും ഏറ്റവും അവസാനമുള്ള വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിക്കേണ്ടതില്‍ ഇളവുണ്ട്. അത് ചെയ്യാതെ മടങ്ങാവുന്നതാണ്. അവയില്‍ നിന്നു ശുദ്ധിയാകാന്‍ മക്കയില്‍ കാത്തിരിക്കേണ്ട കാര്യമില്ല. അത് സ്ത്രീകളോടുള്ള അല്ലാഹുവിന്റെ കരുണയും അവര്‍ക്കുള്ള ദീനീപരമായ ഇളവുമാണ്.

ദുല്‍ഹജ്ജ് പത്തിന് ആര്‍ത്തവമുള്ളവളാണ് എങ്കില്‍ അവള്‍ക്ക് അന്ന് നിര്‍വഹിക്കേണ്ട ത്വവാഫുല്‍ ഇഫാദ ശുദ്ധിയായ ശേഷം നിര്‍വഹിച്ചാല്‍ മതി. അപ്പോള്‍ മക്കയില്‍ നിന്നു നാട്ടിലേക്ക് മടങ്ങേണ്ട ദിവസമാണ് ശുദ്ധിയായതെങ്കില്‍ ത്വവാഫുല്‍ ഇഫാദയും വിടവാങ്ങല്‍ ത്വവാഫും ഒരുമിച്ചു ചെയ്യാനും അവള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്.

ഇമാം മര്‍ദാവി ഇന്‍സാഫില്‍ പറയുന്നു: ഹജ്ജിന്റെ റുക്‌നുകളില്‍പ്പെട്ട ത്വവാഫു സിയാറ അഥവാ ത്വവാഫുല്‍ ഇഫാദ ആരെങ്കിലും നീട്ടിവെച്ചാല്‍ അവര്‍ മക്ക വിടുന്ന ദിവസം അത് ചെയ്യട്ടെ. വിടവാങ്ങല്‍ ത്വവാഫിനും അത് മതിയാകുന്നതാണ് .

ഈ കര്‍മത്തെക്കുറിച്ച് വ്യക്തമായി പഠിച്ചാല്‍ ഹജ്ജിനു വരുന്ന പലരും ചെയ്‌തേക്കാവുന്ന വിശ്വാസ-കര്‍മരംഗത്തെ പിഴവുകള്‍ അനുകരിക്കേണ്ടിവരില്ല. മീഖാത്ത് ഉള്‍പ്പെടെ ഓരോ ഭാഗത്തും പ്രത്യേക ദുആകളും കൂട്ട പ്രാര്‍ഥനകളും ചെയ്യിക്കുന്നതായി കാണാം. ഹജ്ജിന്റെ ഭാഗമല്ലാത്ത പല സ്ഥലങ്ങളിലേക്കും അവ ഹജ്ജിന്റെ കര്‍മങ്ങളില്‍ ഉള്ളതാണെന്ന ഭാവേന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കൊണ്ടുപോകുന്നതായും കാണാം. അതൊന്നുംതന്നെ നബി(സ്വ) പഠിപ്പിക്കാത്ത സംഗതികളാണ്.

 

Feedback