ഹജ്ജ് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകര്യമാകാന്‍ നിര്‍ബന്ധമായ നാലു ഘടകങ്ങളുണ്ട്. ഇഹ്‌റാം, അറഫയില്‍ നില്‍ക്കല്‍, ത്വവാഫുല്‍ ഇഫാദ, സഫ-മര്‍വ കുന്നുകള്‍ക്കിടയിലെ ഓട്ടം എന്നിവയാണവ. ഇവ ഹജ്ജിന്റെ റുക്‌നുകള്‍ എന്നറിയപ്പെടുന്നു. റുക്‌നുകളില്‍ ഏതെങ്കിലും ഒന്ന് പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ ഹജ്ജ് സ്വീകരിക്കപ്പെടില്ല. ബലി പ്രായശ്ചിത്തമായി നല്കി ഹജ്ജില്‍ നിന്ന് വിരമിക്കുകയും സാധിക്കുമെങ്കില്‍ അടുത്തവര്‍ഷം ഹജ്ജ് നിര്‍വഹിക്കുകയും ചെയ്യണം. ഓരോ റുക്‌നും സ്വീകര്യമാകാന്‍ അവയ്‌ക്കെല്ലാം കൃത്യമായ രൂപവും വേറെ നിര്‍ബന്ധ ഘടകങ്ങളും ഭാഗങ്ങളുമുണ്ട്. ഇവ ശ്രദ്ധിക്കാതിരുന്നാല്‍ ഹജ്ജ് ഒരുപക്ഷേ പൂര്‍ണമായും നഷ്ടപ്പെട്ടേക്കും. (ലിങ്കുകള്‍ ശ്രദ്ധിക്കുക)
ഇതുകൂടാതെ നിര്‍ബന്ധമായി ചെയ്യേണ്ടതും ചെയ്തില്ലെങ്കില്‍ കുറ്റകരവുമായ കാര്യങ്ങളാണ് ഹജ്ജിന്റെ വാജിബുകള്‍. ഇവ നഷ്ടപ്പെട്ടാല്‍ ഹജ്ജ് സ്വീകാര്യമാകുമെങ്കിലും പ്രതിഫലം കുറയും. പ്രായശ്ചിത്തമായി ബലി നല്കുകയും വേണം. ഇഹ്‌റാം മീഖാതില്‍ വെച്ചായിരിക്കുക, അറഫയില്‍ സൂര്യാസ്തമയംവരെ നില്ക്കുക, മുസ്ദലിഫയില്‍ രാപ്പാര്‍ക്കുക, അയ്യാമുത്തശ്‌രീഖില്‍ മിനായില്‍ താമസിക്കുക, ബലിയറുക്കുക, ക്രമപ്രകാരം ജംറകളില്‍ കല്ലെറിയുക, മുടിമുറിക്കുകയോ കളയുകയോ ചെയ്യുക, വിടവാങ്ങല്‍ ത്വവാഫ് ചെയ്യുക എന്നിവയാണ് വാജിബുകള്‍. ഇവയോരോന്നും നിര്‍വഹിക്കേണ്ട രൂപം നബി(സ്വ) കാണിച്ചും പഠിപ്പിച്ചും തന്നിട്ടുണ്ട്. അതുപ്രകാരം നിര്‍വഹിക്കുമ്പോള്‍ മാത്രമേ ഹജ്ജ് സ്വീകര്യവും പുണ്യകരവുമാകൂ. (ലിങ്കുകള്‍കാണാം)
ഹജ്ജില്‍ പുണ്യകരവും നിഷിദ്ധവുമായ കാര്യങ്ങളുമുണ്ട്. ഇസ്‌ലാം അനുവദിച്ചതും ഇഹ്‌റാമിലൂടെ പ്രത്യേകം നിഷിദ്ധമാക്കിയിട്ടില്ലാത്തതുമായ എല്ലാ കാര്യങ്ങളും ഹജ്ജില്‍ അനുവദനീയമാണ്. സാധാരണ ഇസ്‌ലാം നിശ്ചയിച്ച എല്ലാ നന്മകളും അതുപോലെയോ അതിലേറെയോ പുണ്യകരമാണ്. എല്ലായിടത്തും എല്ലാകാലത്തും നിഷിദ്ധമാക്കിയ യാതൊന്നും ഹജ്ജില്‍ അനുവദനീയമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം നിഷിദ്ധകാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹജ്ജിന്റെ ദിവസങ്ങളിലും പ്രദേശങ്ങളിലും കൂടുതല്‍ കുറ്റകരമാണ്. ഏകദൈവാരാധന, സാഹോദര്യം, സമഭാവന, ക്ഷമ പോലുള്ള ആശയങ്ങളില്‍ ഊന്നിയ ഹജ്ജില്‍ അതിനു വിരുദ്ധമായ, ശിര്‍ക്കും ബിദ്അതും അഹങ്കാരവും വിവേചനവും അക്ഷമയും പോലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത് മഹാനഷ്ടമാണുണ്ടാക്കുക. ആ ദിനങ്ങളുടെയും പ്രദേശങ്ങളുടെയും പവിത്രത മാനിക്കണം. അല്ലാഹുവിന്റെ അതിഥികള്‍ എന്ന നിലയില്‍ മറ്റുള്ള ഹാജിമാരെ ആദരിക്കണം. അവര്‍ക്കോ അവരുടെ കര്‍മങ്ങള്‍ക്കോ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കണം. പകര്‍ച്ചവ്യാധികളുള്ളവര്‍ ഹജ്ജില്‍ പ്രവേശിക്കാതിരിക്കേണ്ടതാണ്. പരമാവധി അവിടെ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമെല്ലാം ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കാന്‍ ശ്രദ്ധിക്കണം. ശണ്ഠയും കുതര്‍ക്കങ്ങളും സംഭവിച്ചാല്‍ ഹജ്ജ് നിഷ്ഫലമായിപ്പോകും. അവധാനതയും അച്ചടക്കവും വിനയവും വിട്ടുവീഴ്ചയും ശാന്തതയും മിതവ്യയവുമെല്ലാം ഹജ്ജിന്റെ കാതലാണ്. കര്‍മം കഴിച്ചുകൂട്ടലാകാതിരിക്കാന്‍ ഈ കാര്യങ്ങളിലെല്ലാം ശ്രദ്ധിച്ചേ പറ്റൂ. തിരക്കും ബഹളവുമുണ്ടാക്കരുത്. അല്ലാഹുവിന്റെ റസൂല്‍ (സ്വ) ചെയ്തുകാണിച്ചതിലേറെ കര്‍മങ്ങള്‍ നിര്‍മിച്ചും രൂപങ്ങള്‍ മാറ്റിയും ഭക്തി പ്രകടിപ്പിക്കരുത്. ഇസ്‌ലാം ആരാധനയിലും ആചാരങ്ങളിലും ഭക്തിയിലും വിരക്തിയിലുമെല്ലാം മധ്യമനിലപാടാണ് അംഗീകരിക്കുന്നത്. ഇത് കീഴ്‌മേല്‍ മറിക്കുന്ന ആത്മാര്‍ഥതയും ആരാധനാ തല്പരതയും കാപട്യമാണ്.