ജിന്നു വര്‍ഗത്തില്‍പ്പെട്ട സത്യനിഷേധികള്‍ക്കും ദുര്‍മാര്‍ഗികള്‍ക്കുമാണ് ശൈത്വാന്‍ (പിശാച്്) എന്നും ഇബ്്‌ലീസ് എന്നും പറയുന്നത്. ശൈത്വാനും ഇബ്‌ലീസും ഒരേ വര്‍ഗത്തിനുള്ള രണ്ടു പേരുകളാണ്. മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കള്‍ എന്ന് വിശുദ്ധ ഖുര്‍ആനില്‍ (114:5,6) പ്രയോഗിച്ചിട്ടുണ്ട്.
'ശത്വന' എന്ന പദധാതുവില്‍ നിന്ന് നിഷ്പന്നമായാണ് ശൈത്വാന്‍ എന്ന പദമുണ്ടാവുന്നത്. എതിര്‍ക്കുക, ദൂരെയാക്കുക, കെട്ടുക, പ്രവേശിക്കുക മുതലായ അര്‍ഥമാണ് ഈ പദത്തിനുള്ളത്. ശൈത്വാന്‍ എന്ന വാക്കിന്റെ അര്‍ഥം പിശാച്, ചകുത്താന്‍, ദുഷ്ടന്‍, അധര്‍മകാരി, മനുഷ്യ-ജിന്ന് വര്‍ഗങ്ങളില്‍പ്പെട്ട കുഴപ്പക്കാരന്‍, തെമ്മാടി, പാമ്പ്, ദേഷ്യം എന്നിവയാണ് (അല്‍ മന്‍ഹല്‍ പേജ് 353).
അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്ന് വിദൂരമായവന്‍ അല്ലെങ്കില്‍ അല്ലാഹുവിന്റെ കല്‍പ്പനയെ എതിര്‍ത്തവന്‍ എന്ന അര്‍ഥത്തിലാണ് ശൈത്വാന്‍ എന്നപേര്. ആദമിന് സുജൂദ് ചെയ്യാതെ വിസമ്മതം കാണിച്ച ജിന്നിലെ ഈ വിഭാഗത്തിനാണ് അല്ലാഹു ഈ പേര് നല്‍കുന്നത്.
'അബ്‌ലസ' എന്ന പദധാതുവില്‍ നിന്നാണ് ഇബ്‌ലീസ് എന്ന പദം ഉദ്ഭവിക്കുന്നത്. നിരാശപ്പെടുക, ആശമുറിയുക എന്നതാണ് ഈ പദത്തിന്റെ അര്‍ഥം. ആദമിന് സുജൂദ് ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ അവനെ അല്ലാഹു സ്വര്‍ഗലോകത്തുനിന്ന് പുറത്താക്കി. അതിനാല്‍ അല്ലാഹുവിന്റെ ആദരവിനെയും അവന്റെ അനുഗ്രഹത്തെയും സംബന്ധിച്ച് നിരാശപ്പെട്ടവന്‍ എന്ന ആശയത്തിലാണ് ഇബ്‌ലീസ് എന്ന് അല്ലാഹു അവന് പേര് നല്‍കുന്നത്.
ലിസാനുല്‍ അറബില്‍ ഇപ്രകാരം കാണുന്നു. 'ധിക്കരിക്കുകയും അനുസരണക്കേട് കാണിക്കുകയും പരിധി ലംഘിക്കുകയും ചെയ്യുന്ന ജിന്നുകളിലും മനുഷ്യരിലും ജീവികളിലും പെട്ട എല്ലാത്തിനും പിശാച് എന്ന് പറയും' (ലാിസാനുല്‍ അറബ് 7:121).
അല്‍ക്വാമൂസ് നിഘണ്ടുവില്‍ ഇപ്രകാരം വിശദീകരിക്കുന്നു. 'ജീവികളില്‍ നിന്നും മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നും പരിധി ലംഘിക്കുന്ന എല്ലാറ്റിനേയും പിശാച് എന്ന് പറയും' (ക്വാമൂസ് 2:1589)
ഇമാം ക്വുര്‍ത്വുബി ഇബ്‌ലീസ് എന്ന പദത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ആശമുറിഞ്ഞവന്‍ എന്നതില്‍ നിന്നാണ് ഇബ്‌ലീസ് എന്ന പദം ഉത്ഭവിക്കുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് പിശാച് ആശമുറിഞ്ഞവനായി (ക്വുര്‍ത്വുബി 1:337).
മനുഷ്യനില്‍ നിന്നും ജിന്നുകളില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും പരിധി ലംഘിക്കുന്ന എല്ലാറ്റിനും ശൈത്വാന്‍ എന്ന് പ്രയോഗിക്കും (ഖാമൂസുല്‍ മുഹീത്വ്).
ശൈത്വാന്‍, ജിന്ന് എന്നീ പദങ്ങള്‍ നാനാര്‍ഥമുള്ള പദമാണ്. അതിനാല്‍ ഓരോ സന്ദര്‍ഭത്തിനും യോജിച്ച അര്‍ഥമാണ് ആ പദങ്ങള്‍ക്ക് നല്‍കേണ്ടത്.