Skip to main content

ശൈത്വാന്‍ പ്രയോഗം നബിവചനങ്ങളില്‍

പിശാച് എന്നര്‍ഥം വരുന്ന ശൈത്വാന്‍ എന്ന പദം വ്യത്യസ്തമായ അര്‍ഥത്തില്‍ പ്രയോഗിക്കപ്പെട്ടതായി ഹദീസുകളില്‍ കാണാന്‍ സാധിക്കും. യഥാര്‍ഥ അര്‍ഥത്തിലും ആലങ്കാരിക പ്രയോഗമായും ഈ പദം ഉപയോഗിച്ചതായി കാണാം.

1) ജാബിര്‍(റ) പറയുന്നു: “തീര്‍ച്ചയായും അല്ലാഹുവിന്റെ റസൂല്‍ തന്നോട് പറഞ്ഞു: ഒരു വിരിപ്പ് പുരുഷന്, ഒരു വിരിപ്പ് തന്റെ ഭാര്യക്ക്, മൂന്നാമത്തേത് അതിഥിക്ക്, നാലാമത്തേത് പിശാചിന്”. (മുസ്‌ലിം 2084) ഇവിടെ ആവശ്യത്തിലധികം മുറികളുള്ള വലിയ വീടുകളുണ്ടാക്കി പണം ധൂര്‍ത്തടിക്കുന്നതിനെ നബി(സ) പിശാചിലേക്ക് ചേര്‍ത്തി പറഞ്ഞിരിക്കുന്നു. ധൂര്‍ത്തന്‍മാരെ പിശാചിന്റെ സഹോദരന്‍മാര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ ഹദീസിന്റ വിശദീകരണത്തില്‍ ഇമാം നവവി പറയുന്നു. 'പണ്ഡിതന്മാര്‍ പറഞ്ഞു, ഈ ഹദീസിന്റെ അര്‍ഥം ആവശ്യത്തിലധികം റൂമുകള്‍ ഉണ്ടാക്കുന്നത് അഹങ്കരിക്കാനും പെരുമ നടിക്കാനും ഭൗതിക സുഖങ്ങളില്‍ ആനന്ദിച്ചു രസിക്കാനുമാണ്. ആക്ഷേപാര്‍ഹമായ എല്ലാ കാര്യങ്ങളും പിശാചിലേക്ക് ചേര്‍ക്കപ്പെടുന്നതാണ്. കാരണം, ഇത്തരം സ്വഭാവങ്ങള്‍ പിശാചിനെ തൃപ്തിപ്പെടുത്തുകയും മനുഷ്യമനസ്സില്‍ ശൈത്വാന്‍ വസ്‌വാസ് ഉണ്ടാക്കുകയും അതെല്ലാം നന്നായി തോന്നിപ്പിക്കുകയും അതിന് വേണ്ട സഹായങ്ങള്‍ പിശാച്  ചെയ്തു കൊടുക്കുകയും ചെയ്യും' (ശറഹു മുസ്‌ലിം 7/309).

2) അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. നിങ്ങളില്‍ ആരെങ്കിലും മനുഷ്യരില്‍ നിന്ന് മറയ്ക്കുന്ന (തടയുന്ന) ഒരു മറയുടെ നേരെ തിരിഞ്ഞു നമസ്‌കരിച്ചു. അന്നേരം അവന്റെ മുന്നിലൂടെ ഒരാള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ അവനെ തടയട്ടെ. അവന്‍ പ്രതിരോധിച്ചാല്‍ അവനുമായി മല്ലിടാം. എന്നിട്ട് അത് പിശാചിന്റെ രണ്ടു കൊമ്പുകള്‍ക്കിടയില്‍ ആയാല്‍ എഴുന്നേറ്റ് നാലു കൊത്ത് കൊത്തും (മുസ്ലിം 622).

പിശാചിന് തൃപ്തിയുള്ള സമയമായതിനാല്‍ സൂര്യന്‍ അസ്തമിക്കുന്നത് പിശാചിന്റെ രണ്ട് കൊമ്പുകള്‍ക്കിടയിലാണെന്ന് നബ(സ) ഉപമയായി പ്രസ്താവിച്ചതാണ്.

ഇമാ ഖുര്‍തുബി(റ) പറയുന്നു. ഇത് ഒരു ഉപമയാണ്. ഹദീസിന്റെ വിവക്ഷ അസ്വർ നമസ്‌കാരം മനുഷ്യന്‍ പിന്തിക്കുന്നത് പിശാച് ഭംഗിയായി തോന്നിപ്പിച്ചതുകൊണ്ടാണ്. കൊമ്പുകളുള്ള ജീവികള്‍ കൊമ്പുകൊണ്ട് പ്രതിരോധിക്കുന്നതുപോലെ വേഗത്തില്‍ നമസ്‌കരിക്കുന്നതിനെ അവന്‍ പ്രതിരോധിക്കുന്നതുകൊണ്ടും (ശറഹു മുസ്‌ലിം 3:135).

ഉപദ്രവം ചെയ്യുന്ന വസ്തുക്കളെയും വ്യക്തികളെയും മറ്റും പിശാചിലേക്ക് ചേര്‍ത്തുപറയുക എന്ന അറബികളുടെ ശൈലിയാണ് വിശുദ്ധ ഖുര്‍ആനില്‍ ശൈത്വാന്‍, ഇബ്‌ലീസ് എന്ന പ്രയോഗവുമായി ബന്ധപ്പെട്ട് നാം കാണുന്നത്. അതേശൈലി തന്നെയാണ് ഉപരിസൂചിത ഹദീസുകളുടെ സാരാംശങ്ങളിലും കാണാന്‍ സാധിക്കുന്നത്. വസ്തുതകളെ മനസ്സിലാക്കാതെ കേവലം പദത്തിന്റെ പ്രത്യക്ഷാര്‍ഥത്തില്‍ മാത്രം ഒതുങ്ങി അന്ധവിശ്വാസങ്ങള്‍ക്ക് തെളിവുണ്ടാക്കുകയാണ് ഒരു കൂട്ടര്‍ ചെയ്യുന്നത്. സന്ദര്‍ഭത്തിനനുസരിച്ച് പ്രസ്തുത പദങ്ങളുടെ വിശാലമായ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളാനാണ് നാം ശ്രമിക്കേണ്ടത്.

Feedback