വിശുദ്ധ ഖുര്‍ആനില്‍ ധാരാളം വചനങ്ങളില്‍ ശൈത്വാന്‍ എന്ന പ്രയോഗം വന്നിട്ടുണ്ട്. നാനാര്‍ഥമുള്ള ഒരു പദമായതിനാല്‍ ശൈത്വാന്‍ എന്നതിന്റെ വിവക്ഷ സന്ദര്‍ഭത്തിനനുസരിച്ച് മനസ്സിലാക്കണം.
1) 'വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. അവര്‍ തങ്ങളുടെ 'ശൈത്വാന്‍'മാരുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (വിശ്വാസികളെ) കളിയാക്കുക മാത്രമായിരുന്നു' (2:14) ഇവിടെ ശൈത്വാന്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ദുര്‍മാര്‍ഗികളായ നേതാക്കന്മാരും സ്‌നേഹിതരുമാണ്. ഇബ്‌നു കഥീര്‍ രേഖപ്പെടുത്തുന്നു: 'അവരുടെ പിശാചുക്കള്‍ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ജൂതപണ്ഡിതന്മാരില്‍പ്പെട്ടവരും മുശ്‌രിക്കുകളുടെ നേതാക്കന്മാരില്‍പ്പെട്ടവരും കപടവിശ്വാസികളില്‍ പെട്ടവരുമായ അവരുടെ നേതാക്കന്മാരും പ്രമാണിമാരും ആകുന്നു.' ഇബ്‌നു ജരീര്‍ പറയുന്നു. പിശാചുക്കള്‍ മനുഷ്യരിലും ജിന്നുകളിലുമുണ്ട് (ഇബ്‌നു കഥീര്‍ 1:172).
2) “സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങളതെല്ലാം വര്‍ജിക്കുക. നിങ്ങള്‍ വിജയം പ്രാപിക്കാം. ശൈത്വാന്‍ ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അവയില്‍ നിന്ന് വിരമിക്കാനുള്ള ഒരുക്കമുണ്ടോ?” (5:90,91) ഇവിടെ കള്ളും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ചുനോക്കുന്ന അമ്പുമെല്ലാം പിശാചിന്റെ പ്രവൃത്തിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പിശാച് മനുഷ്യ മനസ്സിനെ സ്വാധീനിച്ച് ഇത്തരം അധാര്‍മിക വൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പിശാചിന്റെ ദുര്‍ബോധനം ഇതിന് പ്രേരണയായി പ്രവര്‍ത്തിച്ചതിനാല്‍ പിശാചിലേക്ക് അത് ചേര്‍ത്തിപ്പറഞ്ഞതാണ്. ഇമാം ശൗക്കാനി ഇത് വ്യക്തമാക്കുന്നു. 'പിശാച് അവയെ നല്ലതാക്കി കാണിക്കല്‍, ഭംഗിപ്പെടുത്തല്‍ എന്നിവ മുഖേന മനുഷ്യരെക്കൊണ്ടത് ചെയ്യിക്കുന്നതിനാല്‍ അവ പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നു പറയുന്നു' (ഫത്ഹുല്‍ ഖദീര്‍ 2:92).
3) “അപ്രകാരം എല്ലാ പ്രവാചകന്മാര്‍ക്കും മനുഷ്യരില്‍ നിന്നും ജിന്നില്‍ നിന്നുമുള്ള പിശാചുക്കളെ ശത്രുക്കളായിട്ട് നാം ആക്കിയിട്ടുണ്ട്” (6:112).
ഇതിന്റെ വിവക്ഷ പിശാചുക്കള്‍ മനുഷ്യരൂപത്തില്‍ വരുമെന്നല്ല. അന്ധവിശ്വാസങ്ങളും അടിസ്ഥാനരഹിതമായതും പ്രചരിപ്പിക്കുന്ന പണ്ഡിതവേഷധാരികള്‍ മനുഷ്യപ്പിശാചുക്കളിലെ ഒരിനമാണ്.
4) നരകത്തിലെ സഖ്ഖൂം എന്ന വൃക്ഷത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ നടത്തിയ ഉപമ ശ്രദ്ധേയമാണ്.
'നരകത്തിന്റെ അടിയില്‍ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്. അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും' (37:64,65).
വികൃതമായതിനെ പിശാചിനോട് ഉപമിക്കുക എന്ന സാഹിത്യ പ്രയോഗമാണിവിടെ നടത്തിയത്. തല വികൃതമായ ഒരു ചെടിയാണിത് (ലിസാനുല്‍ അറബ് 7:121, തഫ്‌സീര്‍ കുര്‍ത്വുബി, തഫ്‌സീര്‍ റാസി, തഫ്‌സീര്‍ ഇബ്‌നു കഥീര്‍).
5) അതു തീര്‍ച്ചയായും പിശാച് തന്നെയാണ്. അവന്‍ തന്റെ മിത്രങ്ങളെക്കുറിച്ച് (നിങ്ങളെ) ഭയപ്പെടുത്തും. അപ്പോള്‍ നിങ്ങല്‍ ഭയപ്പെടരുത്. എന്നെ നിങ്ങള്‍ ഭയപ്പെടുവിന്‍ നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. (3:175) ഇമാം റശീദ്‌രിദ്വാ(റ) എഴുതുന്നു. ഇവിടെ പിശാച് എന്നതിന്റെ വിവക്ഷ മനുഷ്യരില്‍ നിന്നുള്ള പിശാചാണ്. ഇവിടെ വിവക്ഷ അബൂസുഫ്‌യാനാണെന്നും അഭിപ്രായമുണ്ട് (തഫ്‌സീറുല്‍ മനാര്‍ 4:244).