Skip to main content

സ്വദഖയുടെ ശ്രേഷ്ഠതകള്‍

1.     പാപങ്ങള്‍  മായ്ക്കപ്പെടും: അല്ലാഹു പറയുന്നു: ''നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്നപക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവുമധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു''(ഖുര്‍ ആന്‍:64:17).

2.    ധനം വര്‍ധിപ്പിക്കുന്നു: അല്ലാഹു പറയുന്നു: ''ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്നപക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാ ഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍''(ഖുര്‍ആന്‍:30:39).

3.     ഉപജീവനം വിശാലമാകും: അല്ലാഹു പറയുന്നു: ''നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ'' (ഖുര്‍ആന്‍:34:39).

4.    മരണത്തോടെ മുറിഞ്ഞ് പോകാത്ത കര്‍മം: നബി(സ്വ) പറഞ്ഞു: 'ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ മൂന്ന് കാര്യങ്ങളല്ലാത്ത മറ്റ് കര്‍മ്മങ്ങളെല്ലാം മുറിഞ്ഞ് പോകുന്നതാണ്. നില നില്‍ക്കുന്ന സ്വദഖകള്‍, ഉപകാരപ്പെടുന്ന വിജ്ഞാനങ്ങള്‍, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സ്വാലിഹായ സന്താനങ്ങള്‍ എന്നിവയാണത്' (മുസ്‌ലിം).

5.    നരകമോചനം ലഭിക്കും: അദിയ്യ്(റ) പറയുന്നു: നബി(സ്വ) അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്ത് നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവിന്‍ (ബുഖാരി).

6.    പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കും: ഉഖ്ബതുബ്‌നു ആമിര്‍ പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: പരലോകത്ത് ഓരോ മനുഷ്യനും അവന്റെ സ്വദഖയുടെ തണലിലായിരിക്കും, ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്നത് വരെ. അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടപ്പിലാക്കുന്നത്‌വരെ (അഹ്മദ്).

7.    എഴുന്നൂറ് ഇരട്ടി പ്രതിഫലം ലഭിക്കും: അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കു ന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്ന വനുമാണ് (ഖുര്‍ആന്‍ 2:261).

8.    സ്വര്‍ഗത്തില്‍ പ്രത്യേക കവാടത്തിലൂടെയുള്ള പ്രവേശനം സാധ്യമാവുന്നു: നബി(സ്വ) പറഞ്ഞു: 'നിസ്‌കരിക്കുന്നവരുടെ ഗണത്തില്‍പ്പെട്ടവര്‍ നിസ്‌കാരത്തിന്റെ കവാടത്തില്‍ നിന്നും വിളിക്കപ്പെടും. ജിഹാദ് നടത്തിയ വിഭാഗത്തില്‍പ്പെട്ടവര്‍ ജിഹാദിന്റെ കവാടത്തിലൂടെയും സ്വദഖ നല്‍കി യവര്‍ സ്വദഖയുടെ കവാടത്തിലൂടെയും വിളിക്കപ്പെടും. നോമ്പനുഷ്ഠിച്ചവര്‍ റയ്യാന്‍കവാടത്തിലൂടെയാണ് വിളിക്കപ്പെടുക'(ബുഖാരി).

9.    മലക്കുകള്‍ പ്രാര്‍ഥിക്കും: അബൂഹുറയ്‌റ (റ) നിവേദനം: നബി(സ്വ) അരുളി: ഓരോ ദിവസവും മനുഷ്യന്മാര്‍ പ്രഭാതത്തില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന് പ്രാര്‍ഥിക്കാന്‍ തുടങ്ങും. അവരിലൊരാള്‍ ഇപ്രകാരം പ്രാര്‍ഥിക്കും. അല്ലാഹുവേ, ദാനധര്‍മ്മം ചെയ്യുന്നവന് നീ പകരം നല്‍കേണമേ. മറ്റേ മലക്ക് പ്രാര്‍ഥിക്കും. അല്ലാഹുവേ, പിശുക്കന്ന് നീ നാശം വരുത്തിവെക്കേണമെ (ബുഖാരി).

10.    അല്ലാഹുവിന്റെ സഹായം ലഭിക്കുന്നു: അല്ലാഹു പറയുന്നു: എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തു വോ അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ് (ഖുര്‍ആന്‍ 92:5-7).

11.     ഖബ്‌റിലെ ശിക്ഷയില്‍ നിന്ന് സുരക്ഷിതത്വം ലഭിക്കുന്നു: നബി(സ്വ) പറഞ്ഞു: നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്‌റിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണ്. അന്ത്യദിനത്തില്‍ വിശ്വാസി തന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കും (ബൈഹഖി).

12.    അല്ലാഹുവിന്റെ കോപത്തെ കെടുത്തിക്കളയും: നബി(സ്വ) പറയുന്നു: 'നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹപൂര്‍ണനും ഉന്നതനുമായ റബ്ബിന്റെ കോപത്തെ കെടുത്തിക്കളയുന്നതാണ്' (സില്‍സിലത്തുസ്വഹീഹ).

13.    ദുര്‍മരണത്തെ തടുക്കും: പ്രവാചകന്‍ പറഞ്ഞു: ദാനം രക്ഷിതാവിന്റെ കോപത്തെ കെടുത്തിക്കളയുകയും ദുര്‍മരണത്തെ തടുക്കുകയും ചെയ്യും (തിര്‍മുദി).

അല്ലാഹു മനുഷ്യന് നല്‍കിയ ഒരു വലിയ പരീക്ഷണമാണ്  സമ്പത്ത്. അല്ലാഹു പറയുന്നു: നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക (ഖുര്‍ആന്‍ 8:28). അതിനാല്‍ ആ സമ്പത്ത്  അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കു വിധേയമായി സമ്പാദിക്കുകയും അതനുസരിച്ചുതന്നെ ചെലവഴിക്കുകയും ചെയ്താല്‍ അതവന് ഇഹപര വിജയത്തിന് കാരണമായിത്തിരുന്നതാണ്. എന്നാല്‍ ധനം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കു വിരുദ്ധമായി സമ്പാദിക്കുകയും ചെലവഴിക്കുകയാണെങ്കില്‍ അതവന്റെ ഇഹപര ജീവിതത്തിന്റെ തീരാനാശത്തിനും കാരണമായിത്തീരുകയും ചെയ്യും.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback