Skip to main content

യാചന

ഏതൊരു സമൂഹത്തിനും വ്യക്തിക്കും ദുഷ്‌കീര്‍ത്തിയുണ്ടാക്കുന്നതാണ് യാചന. അത് അവരുടെ അന്തസ്സ് താഴ്ത്തുകയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യരെ അവരുടെ സ്രഷ്ടാവ് ശ്രേഷ്ഠതയുള്ളവരും ആദരിക്കപ്പെടുന്നവരുമായാണ് സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ആദംസന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (17:70).  

ഇസ്ലാം യാചനയെ അങ്ങേയറ്റം വെറുക്കുകയും വളരെ ശക്തമായ നിലയില്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് നിവേദനം: അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. ''അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു. ഒരു മനുഷ്യന്‍ ജനങ്ങളുടെ ഇടയില്‍ നിരന്തരം യാചിച്ചു കൊണ്ടിരുന്നാല്‍ പുനരുത്ഥാന നാളില്‍ അയാള്‍ മാംസമില്ലാത്ത മുഖവുമായി വരുന്നതാണ്''.  

ദരിദ്രരാണെങ്കിലും തങ്ങളുടെ ദാരിദ്ര്യം മറ്റുള്ളവരെ അറിയിക്കാതെ മാന്യമായി കഴിയുകയാണ് വേണ്ടത് എന്നും അത്തരം ആളുകളെ കണ്ടെത്തി അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്.

ഇസ്ലാം യാചനയെ നിരുത്സാഹപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെ അത്യാവശ്യഘട്ടങ്ങളില്‍ മറ്റുള്ളവരോട് സഹായം ചോദിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇബ്നു മുഖരിക് അല്‍ ഹില്ലാലി പറയുന്നു: മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമേ മറ്റുള്ളവരോട് സാമ്പത്തിക സഹായം ചോദിക്കാന്‍ പ്രവാചകന്‍(സ്വ) അനുവാദം നല്‍കുന്നുള്ളൂ. ഒന്ന്, രണ്ടു പേര്‍ തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി കടബാധ്യത ഏറ്റെടുത്ത വ്യക്തി - ആ കടബാധ്യത തീരുന്നതുവരെ. രണ്ട്, പ്രകൃതി ദുരന്തത്തില്‍ സ്വത്ത് നഷ്ടപ്പെട്ടവര്‍-അവര്‍ക്ക് അവരുടെ ജീവിതോപാധി ലഭിക്കുന്നത് വരെ മറ്റുള്ളവരോട് സഹായം തേടുന്നതില്‍ വിരോധമില്ല. മൂന്ന്, ദാരിദ്ര്യം മൂലം വളരെയേറെ പ്രയാസപ്പെടുന്നവര്‍. അവര്‍ ദരിദ്രരാണെന്ന് മൂന്ന് പേരുടെ സാക്ഷ്യമുണ്ടായിരിക്കണം ഇവര്‍ക്കും സ്വന്തമായി ഉപജീവനത്തിനു ആവശ്യമായത് ലഭിക്കുന്നതുവരെ മറ്റുള്ളവരോട് സഹായം ചോദിക്കാവുന്നതാണ്.  ഈ ഗണത്തില്‍ പെടുന്നവരല്ലാത്തവര്‍ക്കു മറ്റുള്ളവരോട്  സാമ്പത്തിക സഹായം ചോദിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback