മുഹമ്മദ് നബി(സ്വ) നിര്‍മിച്ച ഒന്നാമത്തെ പള്ളിയാണ് ഖുബാ മസ്ജിദ്. മദീനയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ മക്കയുടെ ദിശയിലാണ് ഖുബാ എന്ന സ്ഥലം. ഹിജ്‌റയില്‍ നബി(സ്വ)യും അബൂബക്ര്‍ സ്വിദ്ദീഖും മൂന്നുദിവസം തങ്ങിയത് ഖുബാഇലെ ബനൂഅംറ് ഗോത്രമുഖ്യന്‍ കുല്‍സൂമിന്റെ വീട്ടിലായിരുന്നു. ഇദ്ദേഹത്തിന്റെ വീടിനടുത്തു തന്നെയാണ് പള്ളിയും പണിതത്. ഇവിടെ വെച്ചുതന്നെയാണ് നബി(സ്വ) ആദ്യമായി സ്വഹാബിമാരോടൊന്നിച്ച് പരസ്യമായി സംഘടിത നമസ്‌കാരം നിര്‍വഹിച്ചതും.
ക്രി. വ, 622 ലാണ് ജല-ഫല സമൃദ്ധവും ഹരിതാഭവുമായ ഖുബാഇല്‍ തിരുനബി(സ്വ)യെത്തിയത്. നബി(സ്വ)ക്ക് മുമ്പ് ഹിജ്‌റ വന്നവരും ആദ്യമെത്തിയത് ഖുബാഇല്‍ തന്നെ. അവരും അന്‍സ്വാറുകളും ജൂതകുടുംബങ്ങളും അതിരറ്റ ആമോദത്തോടെയാണ് തിരുനബിയെ വരവേറ്റത്. മദീനയില്‍ നിന്ന് ഉമര്‍, ഉസ്മാന്‍(റ), മക്കയില്‍ നിന്ന് അബൂബക്ര്‍(റ), പിന്നാലെ അലി(റ) എന്നിവരും ഖുബാഇലെത്തി. അവരെല്ലാവരും ചേര്‍ന്ന് നബി(സ്വ)യുടെ നേതൃത്വത്തിലാണ് പള്ളി നിര്‍മിച്ചത്.
പള്ളിക്ക് ഖിബ്‌ല നിര്‍ണയിച്ചു നല്‍കിയത് ജിബ്‌രീല്‍(അ) ആയിരുന്നുവെന്ന് ഹദീസിലുണ്ട്(ത്വബ്‌റാനി). പിന്നീട് കഅ്ബയിലേക്ക് ഖിബ്‌ല മാറിയപ്പോള്‍ മദീനയില്‍ നിന്ന് നബി(സ്വ) വന്നാണ് പള്ളി മാറ്റി പണിതത്.
ഇസ്‌ലാമിക ചരിത്രത്തില്‍ പ്രാധാന്യം നിറഞ്ഞ പള്ളിയാണിത്. ഭക്തി(തഖ്‌വ)യില്‍ സ്ഥാപിതമായ പള്ളി എന്ന സൂറ തൗബയിലെ 108ാം ആയത്തിലെ വിശേഷണം ഈ പള്ളിയെക്കുറിച്ചാണെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നു. നബി(സ്വ) മരിക്കുന്നതുവരെ എല്ലാ ശനിയാഴ്ചകളിലും ഈ പള്ളിയിലെത്തി നമസ്‌കരിക്കാറുണ്ടായിരുന്നുവെന്നും (ബുഖാരി 2:284) മസ്ജിദുഖുബാഇലെ നമസ്‌കാരം ഉംറക്ക് തുല്യമാണെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. മുആദുബ്‌നു ജബലി(റ)നെയാണ് നബി(സ്വ) ഇവിടെ ഇമാമായി നിശ്ചയിച്ചിരുന്നത്.
പില്‍കാലത്ത് നിരവധി തവണ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു. ഫഹ്ദ് രാജാവിന്റെ കാലത്ത് (1984) നടന്ന പുനര്‍നിര്‍മ്മാണത്തോടെ 20,000 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യങ്ങളായി; 13,500 ചതുരശ്രമീറ്റര്‍. 62 ഗോപുരങ്ങള്‍, 47 മീറ്റര്‍ ഉയരമുള്ള 4 മിനാരങ്ങള്‍, വൈദ്യുതിയാല്‍ പ്രവര്‍ത്തിക്കുന്ന മേലാപ്പുകള്‍ എന്നിവ തിരുനബി(സ്വ)യുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള ഈ പള്ളിയെ മനോഹാരിതയില്‍ മുക്കുന്നു.