Skip to main content

മസ്ജിദുല്‍ ഖിബ്‌ലതൈൻ

മദീന നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തെ അശീഖുസ്സുഗ്‌റാ താഴ്‌വയുടെ മുമ്പിലെ പള്ളി. ബനൂസലമ ഗോത്രക്കാരുടെ പേരിലറിയപ്പെടുന്ന ഈ പള്ളിയില്‍ നബി(സ്വ) അസ്വർ നമസ്‌കാരം നടന്നുകൊണ്ടിരിക്കെയാണ് ഖിബ്‌ല, മസ്ജിദുല്‍ അഖ്‌സായില്‍ നിന്ന് കഅ്ബയിലേക്ക് മാറ്റിക്കൊണ്ടുള്ള ഖുര്‍ആന്‍വചന(2:144)മിറങ്ങിയത്. പുതിയ ഖിബ്‌ലയായ കഅ്ബയിലേക്ക് തിരിഞ്ഞ് നബി(സ്വ)യോടൊപ്പം നമസ്‌കരിച്ചിരുന്നവരുടെ കൂട്ടത്തിലൊരാള്‍, ഈ പള്ളിയില്‍ അസ്വ്രർ നമസ്‌കാരം നടക്കവേ, താന്‍ ഖിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ട് നബി(സ്വ)യോടൊപ്പം നമസ്‌കരിച്ച വിവരം വിളിച്ചറിയിച്ചപ്പോള്‍ അവിടെയപ്പോള്‍ നമസ്‌കരിച്ചിരുന്നവര്‍ നമസ്‌കാരത്തില്‍തന്നെ, കഅ്ബയുടെ നേര്‍ക്ക് തിരിഞ്ഞു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മസ്ജിദുല്‍ ഖിബ്‌ലതൈന്‍ (ഇരു ഖിബ്‌ലകളുടെയും പള്ളി) എന്ന പേര്‍ ഇതിനു വന്നത്.

ഈ പള്ളിയില്‍ നൂറ്റാണ്ടുകളോളം രണ്ട് മിഹ്റാബുകളുണ്ടായിരുന്നു. മസ്ജിദുല്‍ അഖ്സ്വായിലേക്കുള്ളതും കഅ്ബയിലേക്കുള്ളതും. പിന്നീട് ആദ്യത്തേത് ഒഴിവാക്കി. ഇപ്പോള്‍ പള്ളികവാടത്തില്‍ മസ്ജിദുല്‍ അഖ്‌സ്വാ ഭാഗത്തേക്ക് ഒരു മുസ്വല്ലയുടെ രൂപം വരച്ചുവെച്ചിട്ടുണ്ട്. 3920 ച. മീറ്ററില്‍ വിശാലമായികിടക്കുന്ന പള്ളി ചരിത്രസ്മാരകമായി തലയുയര്‍ത്തി നില്‍ക്കുന്നു. മതപരമായി മറ്റു പള്ളികളേക്കാള്‍ പ്രത്യേക പുണ്യം ഈ പള്ളിക്കില്ല.
 

Feedback