മുഹമ്മദ് നബി(സ്വ) ആകാശ യാത്ര (മിഅ്‌റാജ്) നടത്തിയ ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ്വായുടെ സമീപമുള്ള പാറക്കല്ലിനടുത്ത് വലിയ ഖുബ്ബയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയാണ് ഖുബ്ബത്തുസ്സഖ്‌റ (DOME OF THE ROCK). അഥവാ മസ്ജിദുല്‍ ഖുബ്ബ. ക്രി.വ 638 മുതല്‍ 691 വരെയുള്ള കാലയളവില്‍ ഉമയ്യ ഖലീഫ അബ്ദുല്‍മലികുബ്‌നു മര്‍വാനാണ് ഈ പള്ളി നിര്‍മിച്ചത്. ഖുബ്ബത്തുസ്സഖ്‌റയും മസ്ജിദുല്‍ അഖ്‌സ്വയും കൂടി ഉള്‍പ്പെടുന്ന പ്രദേശമാണ് ഹറംശരീഫ്' എന്ന പേരില്‍ അറിയപ്പെടുന്നത്. ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ നഗരമാണിത്.
ഇപ്പോള്‍ ഫലസ്തീന്‍ പ്രദേശത്തുളള ഈ വിശുദ്ധ ദേവാലയങ്ങള്‍ ഇസ്‌റാഈല്‍ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ്. ജൂത പുണ്യകേന്ദ്രമായ വിലാപമതിലും ക്രൈസ്തവ ദേവാലയമായ ചര്‍ച്ച് ഓഫ് റിസറക്ഷനും ഖുബ്ബത്തുസ്സഖ്‌റക്കും മസ്ജിദുല്‍അഖ്‌സ്വക്കും സമീപമാണ്. മാത്രമല്ല, രണ്ടു പ്രാവശ്യം തകര്‍ക്കപ്പെടുകയും(ബി.സി.598ലും എ.ഡി.70ലും) പിന്നീട് പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്ത സുലൈമാന്റെ ദേവാലയ(ഇത് തങ്ങളുടേതാണെന്നാണ് ജൂത അവകാശവാദം)വും ഇവയുടെ പരിസരത്താണെന്നാണ് പറയപ്പെടുന്നത്.
1099ല്‍, ഇരമ്പിയെത്തിയ കുരിശുപട മസ്ജിദുല്‍ അഖ്‌സക്കൊപ്പം ഖുബ്ബത്തുസ്സഖ്‌റയും കൈവശപ്പെടുത്തി. ഇവ രണ്ടും തങ്ങളുടെ കൊട്ടാരവും ഓഫീസുമാക്കി കുരിശുപട മാറ്റി. എന്നാല്‍ 1187ല്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഇവ തിരിച്ചുപിടിച്ചു.
ഉസ്മാനിയാ ഖലീഫ സുലൈമാന്‍ മാഗ്‌നിഫിഷ്യന്റാണ് ഖുബ്ബത്തുസ്സഖ്‌റയെ ഇന്നത്തെ രൂപത്തിലേക്ക് മാറ്റിയെടുത്തത്. ഇതിന്റ അകം മാര്‍ബിള്‍, മൊസൈക്ക് എന്നിവകളാല്‍ അലങ്കരിച്ചു. ഖുബ്ബയുടെ പുറംഭാഗത്ത് മനോഹരമായ ടൈലുകളും പതിച്ചു. ഇതില്‍ സൂറ. യാസീന്‍, സൂറ. ഇസ്‌റാഅ് എന്നിവ മുദ്രണം ചെയ്തു. ഏഴു വര്‍ഷം കൊണ്ടാണ് ഈ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
1927ലെ ഭൂകമ്പത്തില്‍ ഖുബ്ബക്ക് സാരമായ കേടുപാട് പറ്റി. 1965ല്‍ അറബ് രാജ്യങ്ങളുടെ സഹായത്തോടെ ജോര്‍ദാന്‍ ഇതിനെ നവീകരിച്ചു. ഖുബ്ബക്ക് ചെമ്പിന്റെ ആവരണം നല്‍കുന്നത് ഇക്കാലത്താണ്.
1993ല്‍ ജോര്‍ദാനിലെ ഹുസൈന്‍ രാജാവ് വീണ്ടും ഖുബ്ബ പുനര്‍നിര്‍മിച്ചു. തന്റെ ലണ്ടനിലെ വസതികളിലൊന്ന് വില്പന നടത്തിയതിലൂടെ കിട്ടിയ 8.2 മില്യന്‍ ഡോളറുപയോഗിച്ച് 80 കിലോസ്വര്‍ണം വാങ്ങുകയും ഖുബ്ബക്ക് സ്വര്‍ണത്തിന്റെ ആവരണം അണിയിക്കുകയും ചെയ്തു. ഇതിലെ പള്ളി ഒഴികെയുള്ള ഭാഗം ടൂറിസ്റ്റുകള്‍ക്കായി നിശ്ചിത സമയങ്ങളില്‍ തുറന്ന് കൊടുക്കാറുണ്ട്.