ജരുസലം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അല്‍ മസ്ജിദുല്‍ അഖ്‌സ്വാ മുസ്‌ലിംകളുടെ പുണ്യ കേന്ദ്രമാണ്. അവിടെ പ്രത്യേക കര്‍മങ്ങള്‍ ഒന്നും ചെയ്യാനില്ലെങ്കിലും മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും അല്ലാത്ത ലോകത്തിലെ മറ്റു പള്ളികളേക്കാള്‍ ശ്രേഷ്ഠകരമെന്ന് നബി(സ്വ) വ്യക്തമാക്കിയ പള്ളിയാണ് മസ്ജിദുല്‍ അഖ്‌സ്വാ. മുസ്‌ലിംകള്‍ക്കെന്നപോലെ ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും കൂടി പുണ്യ കേന്ദ്രമാണിത്. കാലത്തിന്റെ കറക്കത്തില്‍ അനേകം തവണ പല ഭരണാധികാരികളുടെയും പിടിച്ചടക്കലിനു വിധേയമായ ഒരു ആരാധനാകേന്ദ്രമാണ് മസ്ജിദുല്‍ അഖ്‌സ്വാ. മുസ്‌ലിം ഭരണാധികാരികള്‍ അതിനെ പല തവണ മോചിപ്പിച്ചതുമാണ്. ഇപ്പോഴും അത് മുസ്‌ലിംകളുടെ അധീനതയിലല്ല.
മസ്ജിദുല്‍ അഖ്‌സ്വായുടെ അടുത്തു തന്നെ പില്കാലത്ത് പണികഴിപ്പിച്ച ഖുബ്ബത്തുസ്സ്വഖ്‌റ എന്ന പേരില്‍ മറ്റൊരു പള്ളിയുണ്ട്. കൂടുതല്‍ പ്രൗഢിയും മനോഹാരിതയുമുള്ള ഡോം ഓഫ് ദ റോക്ക് എന്ന പേരില്‍ തലയുയര്‍ത്തി നില്ക്കുന്ന ഈ പള്ളിയാണ് പലപ്പോഴും മസ്ജിദുല്‍ അഖ്‌സ്വാ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഉത്തരവാദപ്പെട്ട പല പ്രസിദ്ധീകരണങ്ങളിലും വെബ് സൈറ്റുകളിലും മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യ കേന്ദ്രമായി ഖുബ്ബത്തുസ്സ്വഖ്‌റയുടെ ചിത്രങ്ങള്‍ കാണാം. അറിവുകേടുകൊണ്ട് പലരും ഇത് പകര്‍ത്തി വെക്കാറുമുണ്ട്. ഡോം ഓഫ് ദ റോക്ക് പില്ക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഒരു പള്ളി മാത്രമാണ്. അത് മസ്ജിദുല്‍ അഖ്‌സ്വാ അല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.