ജൂതമതത്തില്‍ (യഹൂദമതം) വ്രതങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. ''മോശെ (മൂസാ നബി) സീനാ പര്‍വതത്തില്‍ കഴിച്ചുകൂട്ടിയ നാല്പതു ദിവസത്തെ അനുസ്മരിച്ചുകൊണ്ട് യഹൂദികള്‍ അത്രയും ദിവസം നോമ്പനുഷ്ഠിക്കാറുണ്ട്. മോശെ നാല്പതു രാവും നാല്പതു പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനൊപ്പം കഴിഞ്ഞു'' (പുറപ്പാട് 34:28). അതുപോലെ അവരുെട ഏഴാം മാസമായ തിശ്‌രിയയിലെ വ്രതം നിര്‍ബന്ധമായി കരുതിപ്പോരുന്നു. ഈ വ്രതവും ജൂണ്‍ ഒമ്പതാം നാളിലെ വ്രതവും ഒരു പ്രദോഷം മുതല്‍ മുഴുദിവസം നീണ്ടുനില്ക്കും.
ജൂതമതത്തില്‍ ചില വ്രതങ്ങള്‍ പ്രാദേശികവും വിഭാഗീയവുമാണ്. പുരോഹിതന്മാര്‍ സ്വന്തമായുണ്ടാക്കിയ വ്രതങ്ങളുമുണ്ട്. സാധാരണ വ്രതങ്ങള്‍ പ്രഭാതംമുതല്‍ ആരംഭിക്കുകയും അസ്തമനത്തോടെ ആദ്യനക്ഷത്രം ഉദിക്കുമ്പോള്‍ അവസാനിക്കുകയും ചെയ്യും.
യഹൂദികളില്‍ ദുഃഖാചരണത്തിനായി ഉപയോഗിക്കുന്ന നോമ്പുകളുണ്ട്. മെയ്, ജൂണ്‍, ജൂലായ് എന്നീ മാസങ്ങളിലാണ് ഈ വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത്. സുലൈമാന്‍ ദേവാലയം തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മയിലും ഇവര്‍ നോമ്പെടുക്കാറുണ്ട്. കൂടാതെ മൂസാ നബിയുടെ മരണദിവസവും നോമ്പെടുക്കുന്നു. യുദ്ധത്തിനു മുമ്പും പിതാവിന്റെ മരണദിവസവും വ്രതമനുഷ്ഠിക്കുന്ന പതിവും ഇവരിലുണ്ട്. നിര്‍ബന്ധ നോമ്പുകള്‍ക്കു പുറമെ ഐഛികമായതും പ്രായശ്ചിത്തത്തിനുള്ളതുമായ വ്രതങ്ങളും യഹൂദമതത്തിലുണ്ട്.