വര്‍ഷം മുഴുവന്‍ നോമ്പെടുക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നു. നബി(സ്വ) നിര്‍ദേശിച്ച സുന്നത്തു നോമ്പുകളെക്കാള്‍ തങ്ങള്‍ക്ക് ഇനിയും കഴിയും എന്നു പറഞ്ഞ അനുചരന്മാരോട് പരമാവധി ഒരു മുസ്‌ലിമിന് നിര്‍വഹിക്കാന്‍ പാടുള്ളത് എന്ന നിലയിലാണ് നബി(സ്വ) ഈ നോമ്പ് നിര്‍ദേശിക്കുന്നുത്. നബി(സ്വ) പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും നമസ്‌കാരവും ദാവൂദ്(അ)യുടെതായിരുന്നു. അദ്ദേഹം ഒരു ദിവസം നോമ്പെടുക്കും അടുത്ത ദിവസം നോമ്പുപേക്ഷിക്കും. രാത്രിയുടെ പകുതി ഉറങ്ങും. മൂന്നിലൊന്ന് നമസ്‌കരിക്കും. വീണ്ടും ആറിലൊന്ന് ഉറങ്ങും"(ബുഖാരി 1131).
അബ്ദുല്ല(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അബ്ദുല്ലാ! നീ എല്ലാ പകലിലും നോമ്പനുഷ്ഠിക്കുന്നതായും രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കുന്നതായും നിന്നെ സംബന്ധിച്ച് എനിക്ക് വിവരം ലഭിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: അതേ, പ്രവാചകരേ, നബി(സ്വ) അരുളി: എങ്കില്‍ നീ അപ്രകാരം ചെയ്യരുത്. നീ നോമ്പനുഷ്ഠിക്കുക. ചിലദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുക. നീ രാത്രി നമസ്‌കരിക്കുക. ഉറങ്ങുകയും ചെയ്യുക. നിശ്ചയം നിന്റെ കണ്ണിനും നിന്റെ ഭാര്യക്കും നിന്റെ അതിഥിക്കും നിന്നില്‍ അവകാശമുണ്ട്. നിനക്ക് മാസത്തില്‍ മൂന്നുദിവസം നോമ്പനുഷ്ഠിച്ചാല്‍ മതിയാകുന്നതാണ്. കാരണം ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലം നിനക്ക് ലഭിക്കുന്നതാണ്. അതു ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാകുന്നു. ഞാന്‍ വര്‍ധനവ് ആവശ്യപ്പെട്ടപ്പോള്‍ നബി(സ്വ) അതു അനുവദിച്ചു. ഞാന്‍ പറഞ്ഞു: നബിയേ എനിക്ക് കൂടുതല്‍ ശക്തിയുണ്ട്. നബി(സ്വ) പറഞ്ഞു. എങ്കില്‍ ദാവൂദിന്റെ നോമ്പ് നീ അനുഷ്ഠിക്കുക. അബ്ദുല്ലക്ക് വാര്‍ധക്യം പ്രാപിച്ച ശേഷം ഇപ്രകാരം പറയാറുണ്ട്. നബി(സ്വ) അനുവദിച്ച ഇളവ് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു (ബുഖാരി).
അംറ്(റ) നിവേദനം: നബി(സ്വ) എന്നോട് ചോദിച്ചു: 'നിനക്ക് മാസത്തില്‍ മൂന്ന് നോമ്പ് പോരേ? ഞാന്‍ ഇനിയും ആവശ്യപ്പെട്ടു. അഞ്ച്, ഏഴ്, പതിനൊന്ന് വരെ റസൂല്‍ പറഞ്ഞു. ഇനിയും എനിക്ക് സാധിക്കും എന്ന് പറഞ്ഞപ്പോള്‍, ദാവൂദ്(അ)ന്റെ നോമ്പിനെക്കാള്‍ ഉത്തമമായ നോമ്പില്ല, അദ്ദേഹം മാസത്തിലെ പകുതി ദിവസം നോമ്പെടുക്കും, പകുതി നോമ്പുപേക്ഷിക്കും എന്ന് നബി(സ്വ) പറഞ്ഞു' (ബുഖാരി 6277). ഈ നോമ്പിനിടയില്‍ വരുന്ന നോമ്പ് നിഷിദ്ധമായ ദിവസങ്ങളില്‍ (പെരുന്നാളുകള്‍, അയ്യാമുത്തശ്‌രീഖ്) നോമ്പെടുക്കാന്‍ പാടില്ല.