Skip to main content

മുഹര്‍റം മാസത്തിലെ നോമ്പ്

റമദാനിലെ നോമ്പിനു ശേഷം ഏറെ പ്രധാന്യമുളള നോമ്പാണ് മുഹര്‍റം ഒന്‍പത്, പത്ത് (താസൂആഅ്, ആശൂറാഅ്) ദിവസങ്ങളിലെ സുന്നത്ത് നോമ്പുകള്‍.

മൂസാ നബിയെയും അനുചരന്‍മാരും ഫിര്‍ഔനില്‍ നിന്ന് അല്ലാഹു രക്ഷിച്ചതിന്റെ നന്ദി സൂചകമായാണ് മുഹര്‍റം നോമ്പ് സുന്നത്താക്കപ്പെട്ടതെന്ന് ഹദീസുകളിലുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: പ്രവാചകന്‍(സ്വ) മദീനയില്‍ ചെന്നപ്പോള്‍ അവിടെയുള്ള ജൂതന്മാര്‍ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഇന്നേ ദിവസമാണ് മൂസാ നബിയെയും ബനൂ ഇസ്‌റാഈല്യരെയും ഫിര്‍ഔന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അതുകൊണ്ട് ആ ദിവസത്തെ ആദരിച്ചുകൊണ്ട് ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു. നബി(സ്വ) പറഞ്ഞു: ഞങ്ങളാണ് നിങ്ങളെക്കാള്‍ മൂസാ നബി(അ) യുമായി അടുപ്പമുള്ളവര്‍. അങ്ങനെ ആ ദിവസം നോമ്പനുഷ്ഠിക്കാന്‍ പ്രവാചകന്‍(സ്വ) കല്പ്പിച്ചു. (സ്വഹീഹുല്‍ ബുഖാരി   3943)

അങ്ങനെ നബി(സ്വ)യും സ്വഹാബികളും റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പ് മുഹര്‍റം മാസത്തിലെ പത്താം നാള്‍ (ആശൂറാഅ്) നോമ്പ് നേല്‍ക്കാറുണ്ടായിരുന്നു. റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആശൂറാഅ് ഐഛികമായി നിലനിര്‍ത്തി (ബുഖാരി 2002). നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം ഏതാണെന്നും റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യകരമായ നോമ്പ് ഏതാണെന്നും നബി(സ്വ)യോടു ചോദിച്ചു. രാത്രിയുടെ അന്ത്യയാമത്തിലെ തഹജ്ജുദ് നമസ്‌കാരവും അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പും എന്നായിരുന്നു മറുപടി (മുസ്‌ലിം 1163).

അബൂഖത്താദ(റ) പറയുന്നു: ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ്വ) ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുപ്പിക്കും (മുസ്‌ലിം).

മുഹര്‍റം പത്ത് യഹൂദികളും ക്രിസ്ത്യാനികളും ബഹുമാനിക്കുന്ന ദിവസമായതിനാല്‍ അവരോട് വ്യത്യസ്തത പുലര്‍ത്താന്‍ വേണ്ടി മുഹര്‍റം ഒന്‍പത് കൂടി നോമ്പനുഷ്ഠിക്കുവാന്‍ നബി(സ്വ) താല്പര്യം പ്രകടിപ്പിച്ചു. നബി(സ്വ) പറഞ്ഞു: അടുത്ത വര്‍ഷം നാം ഉണ്ടെങ്കില്‍, അല്ലാഹു ഉദ്ദേശിച്ചാല്‍, നാം ഒമ്പതും നോല്‍ക്കും.  പക്ഷേ, അടുത്ത വര്‍ഷമാകുന്നതിനു മുമ്പായി നബി(സ്വ) മരണപ്പെട്ടു (മുസ്‌ലിം 1134). ഇതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്‍പത് (താസൂആഅ്) നോമ്പെടുക്കുന്നത് സുന്നത്താണെന്ന് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.  
 

Feedback