നബി(സ്വ)യുടെ കാലത്ത് നിലവിലില്ലാത്ത ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചില സംഗതികള്‍ നോമ്പുകാരനെ എങ്ങനെ ബാധിക്കുന്നു എന്ന് ആധുനിക പണ്ഡിതന്മാരുടെ വീക്ഷണങ്ങളും നിഗമനങ്ങളും (ഖ്വിയാസ്) പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. അത്തരം ചില ഉദാഹരണങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
നോമ്പുകാരനായിരിക്കെ മരുന്നായി ഉപയോഗിക്കുന്ന കുത്തിവെപ്പെടുക്കുന്നത് അനുവദനീയമാണ്. ഏതുതരം കുത്തിവെപ്പും നോമ്പു മുറിക്കില്ലെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭക്ഷണം, പോഷണം എന്നീ ലക്ഷ്യങ്ങളിലുള്ള കുത്തിവെപ്പുകള്‍ ആമാശയത്തിലേക്ക് എത്തുന്നില്ലെങ്കിലും നോമ്പ് ദുര്‍ബലമാക്കും എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും നിലപാട്. ഇത്തരം ഘട്ടങ്ങളില്‍ രോഗി എന്ന നിലയില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ടായിരിക്കെ ആ ഇളവ് ഉപയോഗിക്കുന്നതാണ് ഉത്തമം.
ആസ്ത്മക്കും മറ്റും ഉപയോഗിക്കുന്ന ഇന്‍ഹെയ്‌ലറും അനുവദനീയമാണ്. ജലദോഷത്തിന് ആവി പിടിക്കുന്നതും ഹൃദ്രോഗ സംബന്ധിയായും മറ്റും നാവിനടിയില്‍ ഗുളിക വെക്കുന്നതും ഇതുപോലെ തന്നെയാണ് (മജല്ലതു മജ്മഉല്‍ ഫിഖ്ഹിൽ ഇസ്‌ലാമി, പ്രത്യേകപതിപ്പ് 10/778). ഇവയെല്ലാം നോമ്പു തുറന്നതിനു ശേഷം മതിയെങ്കില്‍ അതാണ് സൂക്ഷ്മതക്ക് നല്ലത്.
രക്തദാനവും പരിശോധനയും
പരിശോധനക്കോ മറ്റൊരാള്‍ക്ക് നല്കാനോ ആയി രക്തം ശരീരത്തില്‍ നിന്നെടുക്കുമ്പോള്‍ നോമ്പ് ദുര്‍ബലപ്പെടുത്തുന്ന എന്തെങ്കിലും ശരീരത്തില്‍ പ്രവേശിക്കുന്നില്ല. അതിനാല്‍തന്നെ നോമ്പു മുറിയില്ല. കൂടാതെ വില്പന ലക്ഷ്യമാക്കാതെ അവശ്യ സന്ദര്‍ഭങ്ങളില്‍ രക്തം ദാനം ചെയ്യുന്നത് പുണ്യകര്‍മമാണ് എന്നാണ് ആധുനിക പണ്ഡിതന്മാരുടെ നിലപാട്. സാധാരണ നിലയില്‍ ഒരാളുടെ ശരീരത്തില്‍ നിന്ന് നിശ്ചിത അളവില്‍ രക്തം എടുക്കുന്നത് ദാതാവിന് അപകടമുണ്ടാക്കുന്നില്ല. അതിനാല്‍ ഇതു നോമ്പുകാരനും പ്രത്യേക ക്ഷീണമോ പ്രയാസമോ ഉണ്ടാക്കുകയില്ല എങ്കില്‍ ഒരു പുണ്യകര്‍മം എന്ന നിലയില്‍ നിര്‍വഹിക്കാവുന്നതാണ്.
നോമ്പുകാരനായിരിക്കെ കൊമ്പുവെക്കുന്നത് (തലയില്‍ ഒരു പ്രത്യേക ഉപകരണമുപയോഗിച്ച് ശരീരത്തിലെ ചീത്ത രക്തം വലിച്ചെടുക്കുന്ന, ഹിജാമ എന്നറിയപ്പെടുന്ന പുരാതന കാലത്തെ ചികിത്സ) നബി(സ്വ) അനുവദിച്ചിട്ടുണ്ട് (അബൂദാവൂദ് 2376). ഇത് ശരീരത്തില്‍ നിന്ന് രക്തമെടുക്കുന്നതിനോട് സാദൃശ്യമുള്ളതായതിനാല്‍ രക്തദാനം അനുവദിക്കാം എന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. രക്തപരിശോധനയും അനുവദനീയമാണ് (ഫിഖ്ഹുസ്സ്വിയാം ഡോ. യൂസുഫുല്‍ ഖര്‍ദാവി).