Skip to main content

മറ്റുകാര്യങ്ങള്‍

മരുന്നുപയോഗം

ചെവി, മൂക്ക്, കണ്ണ് എന്നീ അവയവങ്ങളിലൂടെ മരുന്നിറ്റിക്കുന്നതും ഉപയോഗിക്കുന്നതും നോമ്പ് നിഷ്ഫലമാക്കില്ല. ഇതിന്റെ രുചി അനുഭവപ്പെടുകയോ അംശം തൊണ്ടയിലൂടെ ഇറങ്ങുകയോ ചെയ്താലും നോമ്പിനെ ബാധിക്കില്ല. കാരണം അത് ഭക്ഷണാവശ്യാര്‍ഥമോ പോഷണാവശ്യാര്‍ഥമോ നല്കപ്പെട്ടതോ ആ ലക്ഷ്യം നിര്‍വഹിക്കുന്നതോ അതിന് നിശ്ചയിക്കപ്പെട്ട അവയവങ്ങളിലൂടെ നല്കപ്പെട്ടതോ അല്ല. മുറിവില്‍ മരുന്ന് വെയ്ക്കുന്നതു കൊണ്ടും നോമ്പിന് ഭംഗം വരുകയില്ല  (മജ്മൂഉല്‍ ഫതാവാ, ഇബ്‌നു തൈമിയ 25/234, മുഹല്ല 4/306).

പുക ശ്വസിക്കലും രുചി നോക്കലും

നോമ്പുകാരനായിരിക്കെ മറ്റുള്ളവര്‍ക്കുവേണ്ടി ഭക്ഷണം തയ്യാറാക്കാനോ എവിടെ നിന്നെങ്കിലും പുറപ്പെടുന്ന ഭക്ഷണഗന്ധം ശ്വസിക്കാനോ ഇടവന്നേക്കാം. എന്നാല്‍ അതുകൊണ്ട് നോമ്പ് മുറിയുകയില്ല. കൊച്ചുകുട്ടികള്‍, നോമ്പെടുക്കാത്ത രോഗികള്‍ എന്നിവര്‍ക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കുകയും അവരെ ഊട്ടുകയുമെല്ലാം വേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്ഷണ വസ്തുക്കളുടെ രുചി നോക്കേണ്ടിവരും. നോമ്പു തുറക്കാനുള്ള ഭക്ഷണം തയ്യാറാക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്ഷണങ്ങളുടെ പുക ശ്വസിക്കുന്നതും താന്‍ ഉണ്ടാക്കുന്നതോ വാങ്ങുന്നതോ ആയ വസ്തുവിന്റെ രുചി നോക്കുന്നതും നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങളല്ല. 

ഇബ്‌നു അബ്ബാസ്, ഹമ്മാദ് പോലുള്ള സ്വഹാബികളും ഇബ്‌റാഹീം പോലുള്ള താബിഉകളുമെല്ലാം ഇവ അനുവദനീയമാണെന്ന് വിധി നല്കുന്നു (ബുഖാരി, അബ്ദുര്‍റസ്സാഖ്, അല്‍മുസന്നഫ്). ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ ഇതിനെ കൊപ്ലിക്കുന്നതിനോട് തുലനപ്പെടുത്തി അനുവദനീയമെന്ന് വിധിക്കുന്നു (മജ്മൂഉ ഫതാവാ 25/266). എന്നാല്‍ ശരീരേഛകളെ ആശ്വസിപ്പിക്കാനുള്ള ലക്ഷ്യത്തോടെയും അനാവശ്യമായും ആവശ്യത്തില്‍ കവിഞ്ഞ രൂപത്തിലും ഇവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

വായിലും മൂക്കിലും വെള്ളമൊഴിക്കലും നോമ്പുകാരന് അനുവദനീയമാണ് (മജ്മൂഉല്‍ ഫതാഫാ, ഇബ്‌നുതൈമിയ 25/266). എന്നാല്‍ വെള്ളം ആമാശയത്തിലേക്കെത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മൂക്ക് ചീറ്റുമ്പോഴും കുളിക്കുകയോ കൊപ്ലിക്കുകയോ ചെയ്യുമ്പോഴും അറിയാതെ വെള്ളം കുടിച്ചു പോയാല്‍ നോമ്പ് നഷ്ടപ്പെടില്ല. സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് അല്ലാഹു ഒരാളെയും നിര്‍ബന്ധിക്കുന്നില്ല.

പൊടിപടലങ്ങള്‍ ശ്വസിക്കുന്നതുമൂലം നോമ്പ് മുറിയുകയില്ല. പല്ലിനും ചുണ്ടിനുമിടയിലായി പുകയില വയ്ക്കല്‍, ച്യൂയിംഗം ചവയ്ക്കല്‍ എന്നിവമൂലം ഉണ്ടാകുന്ന ഉമിനീരും മറ്റും മനഃപൂര്‍വം ഉണ്ടാക്കുന്നവയായതിനാല്‍ അവ അകത്തെത്താനും നോമ്പ് മുറിയാനും ഇടവരുന്നു. കൂടാതെ ഇവയെല്ലാം സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നതും ഉപേക്ഷിക്കേണ്ട അനാവശ്യ കാര്യങ്ങളുമാണ്. പുകവലി നിഷിദ്ധമാണ് എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. പുകവലിക്കുന്നതുമൂലം നോമ്പ് നഷ്ടപ്പെടും.

രാത്രിയിലെ ഭക്ഷണവും ലൈംഗികബന്ധവും

നോമ്പു നോല്‍ക്കുന്നവന് അസ്തമയം മുതല്‍ പ്രഭാതോദയം വരെ ഭക്ഷണം കഴിക്കാനും ദമ്പതികള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും അനുവാദമുണ്ട്. (വിശുദ്ധ ഖുര്‍ആന്‍ 2:183 187)
കൂടാതെ പകല്‍സമയത്ത് തന്നെ മറന്നുകൊണ്ടാണ് ഇവ ചെയ്തതെങ്കിലും കുറ്റകരമല്ല. (മറന്ന് ഭക്ഷ ണം കഴിക്കല്‍ എന്ന ഭാഗം നോക്കുക)

വലിയ അശുദ്ധിക്കാരനായ നോമ്പുകാരന്‍ പ്രഭാതത്തിനു മുമ്പ് തന്നെ കുളിച്ച് ശുദ്ധിയായിട്ടില്ലെങ്കിലും നോമ്പിന് ഭംഗം വരില്ല. നമസ്‌കാരത്തിനുവേണ്ടി കുളിച്ചാല്‍ മതിയാകും. ആഇശ(റ) പറയുന്നു. നബി(സ്വ) റമദാനില്‍ സംയോഗം കൊണ്ട് വലിയ അശുദ്ധിക്കാരനായി പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ഠിക്കും (ബുഖാരി 1925).

ഋതുരക്തവും പ്രസവരക്തവും നിലച്ചതിനുശേഷം നോമ്പെടുത്താല്‍ അവര്‍ പ്രഭാതമായശേഷം കുളിച്ചു ശുദ്ധിവരുത്തിയാല്‍ മതിയാകുന്നതാണ് (ഫിഖ്ഹുസ്സുന്ന).

Feedback