ഇസ്‌ലാം വൃത്തിയുടെ മതമാണ്. അതുകൊണ്ടുതന്നെ അതില്‍ എല്ലാ കാലത്തും പല്ലുതേക്കലും കുളിക്കലുമെല്ലാം പുണ്യകര്‍മങ്ങളാണ്. നബി(സ്വ) പറഞ്ഞു: ''എന്റെ സമുദായത്തിന് പ്രയാസമുണ്ടാക്കുമായിരുന്നില്ലെങ്കില്‍ എല്ലാ നമസ്‌കാരത്തോടൊപ്പവും പല്ലുതേക്കാന്‍ ഞാന്‍ കല്പിക്കുമായിരുന്നു'' (ബുഖാരി 7240). ഉണരുമ്പോഴും ഉറങ്ങാന്‍ പോകുമ്പോഴും പല്ലുതേക്കല്‍ ഇസ്‌ലാമില്‍ പുണ്യകരമാണ്. ഇത് നോമ്പുകാരനും ബാധകമാണ്. മാത്രമല്ല, നോമ്പുകാരനെന്ന നിലക്ക് ഈ പുണ്യകര്‍മം നിര്‍വഹിക്കുന്നത് അവന് കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ കാരണമാവുകയും ചെയ്യും. നബി(സ്വ) നോമ്പുകാരനായിരിക്കെ പല്ലു തേക്കാറുണ്ടായിരുന്നു (തിര്‍മിദി:725). അബ്ദുല്ലാഹിബ്‌നു ഉമറിനെപോലുള്ള പ്രഗത്ഭ സ്വഹാബികള്‍ രാവിലെയും വൈകുന്നേരവും പല്ലുതേക്കാറുണ്ടാ യിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നോമ്പുകാരന് പല്ലുതേക്കല്‍ അനുവദനീയമാണെന്ന് ഇബ്‌നുഖുദാമ മുഗ്‌നിയില്‍ (1/72) പറയുന്നു. പേസ്റ്റ് ഉപയോഗിക്കുന്നതും അനുവദനീയമാണെന്ന് ഇബ്‌നുബാസ്(റ) വിധി നല്കുന്നു (15/260).
''നോമ്പുകാരന്റെ വായയുടെ ഗന്ധം സ്വര്‍ഗത്തിലെ കസ്തൂരിപോലെ'' എന്ന നബിവചനത്തിന്റെ ആശയമായി പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത്, ഭക്ഷണമില്ലാത്തതിനാലും മറ്റും വായിലൂടെ പുറത്തുവരുന്ന മോശമായ ഗന്ധം ക്ഷമിക്കുന്നത് കാരണം അവന് സ്വര്‍ഗത്തില്‍ സുഗന്ധമായി പ്രതിഫലം ലഭിക്കും എന്നാണ്. അതുപോലെ, നോമ്പുകാരനായതിനാല്‍ ചീത്തവാക്കുകള്‍ അവന്റെ വായില്‍നിന്ന് വരുന്നില്ല, ദിക്‌റിന്റെയും ഖുര്‍ആനിന്റെയുമെല്ലാം നല്ല വാക്കുകളായിരിക്കും അവന്‍ ഉച്ചരിക്കുക, ഇതാണാ ഗന്ധം എന്നും അവര്‍ വ്യാഖ്യാനിക്കുന്നു. എന്നാല്‍ ഈ വാക്കുകള്‍ തെറ്റായിധരിച്ച ചിലര്‍ നോമ്പുകാരന്‍ പല്ലുതേക്കാതിരിക്കാനുള്ള നിര്‍ദേശമായി ഇതിനെ കണക്കാക്കി. അത് ഒട്ടും ശരിയല്ല.