Skip to main content

മനഃപൂര്‍വമല്ലാത്ത കൊലപാതകം

ജീവന്‍ നല്കിയവന്റെ അനുമതിയില്ലാതെ ഒരു മനുഷ്യനെ വധിക്കുന്നത് മനുഷ്യകുലത്തെ തന്നെ നശിപ്പിക്കുന്നതിനു തുല്യമാണ്. ''അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെ ടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനുശേഷം അവരില്‍ ധാരാളം പേര്‍ ഭൂമി യില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്''(5:32). 

കൊലയാളിയെ പ്രതിക്രിയ എന്ന നിലയില്‍ കൊല്ലണമെന്നതാണ് ഇസ്‌ലാമിന്റെ നിയമം. ഇത് ക്രൂരതയല്ല. ക്രിമിനലുകളുടെ കൊടുംക്രൂരതകളാല്‍ സമൂഹം നശിക്കാതിരിക്കാനുള്ള മുന്‍കരുതലാണ്. ''ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമ നിര്‍ദേശങ്ങള്‍)''(2:179).

എങ്കില്‍ സത്യവിശ്വസിയായ തന്റെ സഹോദരനെ കൊലപ്പെടുത്തുന്നത് എത്രമാത്രം വലിയ പാപ മാണ്. എന്നാല്‍ മഹാപാതകമായ കൊല എന്ന അപരാധം അബദ്ധവശാല്‍ സംഭവിച്ചുപോയാലോ? ബോധപൂര്‍മല്ലാത്തതിനാല്‍ അയാള്‍ കുറ്റവാളിയല്ല. എന്നാല്‍, വധിക്കപ്പെട്ടയാളുടെ കുടുംബത്തിന് മഹാനഷ്ടവും. അതിനാല്‍ അബദ്ധം പറ്റിയവന് അല്ലാഹു കടുത്ത പ്രായശ്ചിത്തമാണ് നിശ്ചയിച്ചത്. വിശ്വാസിയായ അടിമയെ മോചിപ്പിച്ച് ജീവിതം കൊടുക്കുകയും കൊല്ലപ്പെട്ടവന്റെ കുടും ബത്തിന് നഷ്ടപരിഹാരം നല്കുകയും ചെയ്യുക. സാധിക്കാതെ വന്നാല്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പു നോറ്റ് സ്വയം സംസ്‌കരണം തേടുക.

''യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോ കുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചി ത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്റെ (കൊല്ലപ്പെട്ടവന്റെ) അവകാ ശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ്. എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ(മാര്‍ഗ)മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (4:92)


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446